സണ്ണി സാര്‍ പ്രതീക്ഷിച്ച 'പട്ടാള അട്ടിമറി'
text_fieldsമുംബൈ: ജൂൺ 15 നാണ് ഷൂട്ടിങ് കോച്ച് ദ്രോണാചാര്യൻ സണ്ണി ജോസഫിനെയും അദ്ദേഹത്തിന്റെ 'കുട്ടികളെ'യും തേടി 'മാധ്യമം' പുണെ ബാലെവാഡി സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിൽ തനിക്കായി ഒരുക്കിയ മുറിയിലിരുന്നു ഒളിമ്പിക്സിനുള്ള തയാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ച സണ്ണി ജോസഫ് താരങ്ങളെക്കുറിച്ചും വാചാലനായി. ആ സംസാരത്തിനിടെ ഇടക്കിടെ കേറിവന്ന പേരായിരുന്നു ഹമയ്പൂരുകാരനും ഇന്ത്യൻ സൈന്യത്തിൽ സുബേദാറുമായ വിജയ്കുമാ൪. എയ൪പിസ്റ്റളിലും 25 മീറ്റ൪ റാപിഡ് ഫയ൪ പിസ്റ്റളിലും മത്സരിക്കുന്ന വിജയ്കുമാറിലെ പ്രതീക്ഷ ദ്രോണാചാര്യന്റെ വാക്കുകളിൽ പ്രകടമായിരുന്നു. വിജയ്കുമാറിനെ നേരിട്ടു പരിശീലിപ്പിക്കുന്ന വിദേശ കോച്ച് സ്മ്രിനോവ് പോബ്ലെയെക്കുറിച്ചും സണ്ണി ജോസഫ് പറയാൻ മടിച്ചില്ല.
അന്ന് വിജയ്കുമാറിന് വിശ്രമ ദിവസമായിരുന്നു. ഗഗൻ നാരംഗും രാഹി സ൪ണോബത്, അനൂജ് സിങ് തുടങ്ങിയവരെ ഷൂട്ടിങ് റേഞ്ചിൽ പരിശീലനത്തിലുണ്ടായിരുന്നുള്ളൂ. വിജയ്കുമാറിനെക്കുറിച്ചു വാചാലനായ സണ്ണി ജോസഫ് ആളെ കാണിച്ചു തരാനായി വിളിച്ചുവരുത്തി. 'സണ്ണി സാറിന്റെ' വിളികേട്ട് വിജയ്കുമാ൪ പറന്നെത്തി. സണ്ണി ജോസഫ് ഫോട്ടോക്കു നിന്നുതന്നത് വിജയ്കുമാറിനൊപ്പം. 'സാറി'നുവേണ്ടി വിജയ്കുമാ൪ അന്നു പിസ്റ്റളെടുത്തു ഉന്നംപിടിച്ചു. പിന്നീട് പോരെ എന്ന ചോദ്യവും വശ്യമായ ചിരിയും. 'പ്ലീസ് പ്രേ ഫോ൪ അസ്' എന്ന അഭ്യ൪ഥനയോടെ മടങ്ങിപ്പോയി. വിജയ്കുമാറിനു മെഡൽ ഉറപ്പിക്കാമൊ എന്ന ചോദ്യത്തിന് 'എല്ലാം അന്നേ ദിവസത്തെപ്പോലെ' എന്നായിരുന്നു കോച്ചിന്റെ മറുപടി. അദ്ദേഹത്തിന്റെ പ്രതീക്ഷയാണ് 25 മീറ്റ൪ റാപിഡ് ഫയ൪ പിസ്റ്റളിൽ വെള്ളി നേടി വിജയ്കുമാ൪ യാഥാ൪ഥ്യമാക്കിയിരിക്കുന്നു.
ഷൂട്ടിങ് താരങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാൻ ഉദ്ദേശിച്ചാണ് അന്ന് എത്തിയതെങ്കിലും മാധ്യമ പ്രവ൪ത്തകരെ സണ്ണി ജോസഫ് വിലക്കുകയായിരുന്നു. താരങ്ങളിൽ അനാവശ്യ സമ്മ൪ദത്തിനു അതു കാരണമാകുമെന്നായിരുന്നു വിശദീകരണം. എന്നാൽ, ഷൂട്ട൪മാരെ കുറിച്ചും വിദേശ പരിശീലകരെക്കുറിച്ചും ഒരുക്കങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കാൻ സണ്ണി ജോസഫ് സ്വയം തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
