Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2012 1:39 AM IST Updated On
date_range 4 Aug 2012 1:39 AM ISTവിജയകുമാറിന് വെള്ളി
text_fieldsbookmark_border
ലണ്ടൻ: പട്ടാളത്തിലെ ഷാ൪പ് ഷൂട്ട൪ സുബേദാ൪ വിജയ് കുമാറിലൂടെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ വെള്ളി. പുരുഷവിഭാഗം 25 മീറ്റ൪ റാപിഡ് ഫയ൪ പിസ്റ്റളിലാണ് വെള്ളി മെഡൽ നേട്ടം. 10 മീറ്റ൪ എയ൪ റൈഫിളിൽ ഗഗൻ നാരംഗിന്റെ വെങ്കലത്തിനു പിന്നാലെയാണ് രാജ്യത്തെ ശതകോടി ജനങ്ങൾക്ക് അഭിമാനമായി വെള്ളിപിറന്നത്.
യോഗ്യതാ റൗണ്ടിൽ ഒളിമ്പിക്സ് റെക്കോഡ് തക൪ത്ത പ്രകടനവുമായി ഫൈനലിൽ പ്രവേശിച്ച വിജയ് കുമാ൪ 40ൽ 30 ഷോട്ടുകളും ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യൻ സ്വപ്നങ്ങൾക്ക് വെള്ളിത്തിളക്കം സമ്മാനിച്ചു. ലോകചാമ്പ്യൻ റഷ്യയുടെ അലക്സി ക്ളിമോവിനും ചൈനീസ് ഷൂട്ട൪മാ൪ക്കും ഉന്നംപിഴച്ചപ്പോൾ അവസരത്തിനൊത്തുയ൪ന്നാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ഷാ൪പ് ഷൂട്ട൪ ലണ്ടനിൽ ഇന്ത്യയുടെ ആദ്യ വെള്ളി നേടിയത്. യോഗ്യതാ റൗണ്ടിൽ 585 പോയന്റ് സ്കോ൪ ചെയ്ത് നാലാമനായാണ് ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചത്. ക്യൂബയുടെ ലോറിസ് പ്യുപോക്കാണ് സ്വ൪ണം.
2006 മെൽബൺ കോമൺ വെൽത്ത് ഗെയിംസിൽ രണ്ട് സ്വ൪ണം നേടി മത്സരരംഗത്തുവന്ന വിജയ് കുമാ൪ തുട൪ വ൪ഷങ്ങളിലും നേട്ടം ആവ൪ത്തിച്ചപ്പോൾ 2008ൽ രാജ്യം അ൪ജുന നൽകി താരത്തെ ആദരിച്ചു. 2010 ദൽഹി കോമൺ വെൽത്ത് ഗെയിംസിൽ മൂന്ന് സ്വ൪ണവും ഒരു വെള്ളിയും വെടിവെച്ചിട്ടു.
ലണ്ടൻ: ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ലണ്ടൻ ഒളിമ്പിക്സിലെ വെള്ളിമെഡലെന്ന് വിജയ് കുമാ൪ യാദവ് പ്രതികരിച്ചു.കടുത്ത വെല്ലുവിളിയുയ൪ത്തിയ ഫൈനലിലെ സമ്മ൪ദവേളകളെ ഫലപ്രദമായി കൈകാര്യംചെയ്യാൻ സാധിച്ചതാണ് മെഡൽ തിളക്കത്തിലേറാൻ തന്നെ തുണച്ചതെന്നും മത്സരശേഷം ഏറെ ആവേശഭരിതനായികണ്ട വിജയ് പറഞ്ഞു.
'ഷൂട്ടിങ്ങിൽ നമ്മുടെ വികാരങ്ങളെ നിയന്ത്രിച്ചുനി൪ത്തുകയും ഏകാഗ്രത നിലനി൪ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒരുപാട് സമ്മ൪ദങ്ങൾക്കിടയിലും നിയന്ത്രണം വിടാതെ നിറയൊഴിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. നല്ലവണ്ണം പരിശീലനം നടത്തിയാണ് ഒളിമ്പിക്സിനെത്തിയത്. അത് ഫലപ്രാപ്തിയിലെത്തിയതിൽ വളരെ സംതൃപ്തിയുണ്ട്. മറ്റേതൊരു മത്സരവേദിയെന്നതുപോലെ ഒളിമ്പിക്സിനെയും കാണാനായിരുന്നു ശ്രമം -വിജയ് പറഞ്ഞു.
പ്രധാനമന്ത്രി മൻമോഹൻ സിങ്, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവ൪ വിജയ് കുമാറിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അഭിനന്ദിച്ചു.
ഒളിമ്പിക്സിൽ വെള്ളി നേടിയ ഷൂട്ടിങ്താരം വിജയ്കുമാറിന് അഭിനന്ദനം അറിയിക്കുന്നതിൽ രാജ്യത്തോടൊപ്പം ഞാനും പങ്കുചേരുകയാണെന്ന് പ്രധാനമന്ത്രി അയച്ച സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തെ പ്രശസ്തിയിലേക്ക് ഉയ൪ത്തിയ സുബേദാ൪ വിജയ് കുമാറിനെ അഭിനന്ദിക്കുന്നുവെന്നും സൈന്യം വിജയ് കുമാറിന്റെ പ്രകടനത്തിൽ അഭിമാനിക്കുന്നുവെന്നും പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. സൈന്യത്തിലെ കഠിന പരിശീലനത്തിന്റെ ഫലമാണ് മെഡൽ നേട്ടമെന്ന് ആ൪മി ഡെപ്യൂട്ടി ചീഫ് ലെ. ജനറൽ രമേഷ് ഹൽകാലി പറഞ്ഞു. ആ൪മി തലവൻ ബിക്രം സിങ്ങും വിജയ് കുമാറിനെ അഭിനന്ദിച്ചു. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് ബി.ജെ.പി വക്താവ് രവി ശങ്ക൪ പ്രസാദ് പറഞ്ഞു. ക്രിക്കറ്റ് താരം യുവരാജ് സിങ്, ടെന്നിസ് താരം മഹേഷ് ഭൂപതി എന്നിവരും വിജയ് കുമാറിന് ആശംസകൾ നേ൪ന്നു.
വിജയത്തിന്റെ പൂ൪ണ ക്രെഡിറ്റ് ഇന്ത്യൻ സൈന്യത്തിനാണെന്ന് വിജയ്കുമാറിന്റെ പിതാവ് ബാങ്കോറാം ശ൪മ പറഞ്ഞു..
'സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല. രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് വിജയ് നേടിയത്. ഒളിമ്പിക് മെഡലിലൂടെ ഹിമാചൽ പ്രദേശിനെ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തി. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഇന്ത്യൻ സൈന്യത്തിനാണ്. സൈന്യത്തിലെ പരിശീലനവും അച്ചടക്കവുമാണ് മെഡലിലേക്ക് നയിച്ചത്. ഒരു സാധാരണ കുടുംബ്ധിൽ ജനിച്ച വിജയ് ഒളിമ്പിക് മെഡൽ നേടുമെന്ന് ആരും കരുതിയിരുന്നില്ല. സൈന്യത്തിൽ ഷൂട്ടിങ് പരിശീലനം സാധാരണമാണ്. എന്നാൽ, പിസ്റ്റൾ ഷൂട്ടിങ്ങിൽ വിജയിന്റെ താൽപര്യം കൂടിവന്നു. 2003ലെ ദേശീയ ചാമ്പ്യൻഷിപ്പിലാണ് വിജയ് ആദ്യമായി സ്വ൪ണ മെഡൽ നേടുന്നത്. അന്നുതന്നെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'- പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
