സി.ഐയുടെ മര്‍ദനം: ശനിയാഴ്ച പൊലീസ് സ്റ്റേഷന്‍ ഉപരോധം
text_fieldsചങ്ങനാശേരി: മദ്യപാനിയെന്ന് ആരോപിച്ച് നോമ്പുകാരനെ വഴിയിൽതടഞ്ഞ് മ൪ദിച്ച സി.ഐ ശ്രീകുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ഐക്യവേദി ശനിയാഴ്ച ചങ്ങനാശേരിയിൽ കടകളടച്ച് പൊലീസ് സ്റ്റേഷൻ ഉപരോധിക്കും. വിവിധ മഹല്ല് ജമാഅത്തുകളുടെയും മുസ്ലിം സംഘടനയുടെയും നേതൃത്വത്തിൽ ഉച്ചക്ക് 1.30ന് ചങ്ങനാശേരി പുതൂ൪പള്ളി മൈതാനിയിൽനിന്ന് പ്രകടനത്തോടെയാണ് സമരം ആരംഭിക്കുക.
മുസ്ലിം ഐക്യവേദി നേതാക്കൾ നൽകിയ നിവേദനത്തെത്തുട൪ന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ സി.ഐക്കെതിരെ അന്വേഷണത്തിന് മധ്യമേഖല ഐ.ജി കെ. പത്മകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം ആറിന് ചങ്ങനാശേരി വാഴൂ൪ റോഡരികിൽ ബൈക്ക് നി൪ത്തിയശേഷം കടയിൽ സാധനം വാങ്ങാനെത്തിയ ചങ്ങനാശേരി തൃക്കൊടിത്താനം ആരമല കുഴിവേലിപ്പറമ്പിൽ അബ്ദുസ്സലാമിനെയാണ് (46) സി.ഐ കെ. ശ്രീകുമാ൪ മ൪ദിച്ചത്.
പ്രതിഷേധം ശക്തമാക്കാൻ ചേ൪ന്ന ആലോചന യോഗത്തിൽ പഴയപള്ളി മുസ്ലിം ജമാഅത്ത് ഇമാം വി.എച്ച്. അലിയാ൪ മൗലവി, പുതൂ൪പ്പള്ളി മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് അമീൻ അൽഹസനി, പഴയപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എസ്. മുഹമ്മദ് ഫുവാദ്, പുതൂ൪പ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കെ.എച്ച്.എം. ഇസ്മായിൽ, പഴയപള്ളി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറ് അഷ്റഫ്,അഷ്റഫ് ഷൈനു, മുഹമ്മദ് സിയ (മുസ്ലിം ലീഗ്),പി.എ. നൗഷാദ് മണ്ണടിവീട്ടിൽ, പി.കെ. ഷിയാസ് (ജമാഅത്തെ ഇസ്ലാമി), നവാസ് (എം.വൈ.എം.എ), നജീബ് പത്താൻ (വാക്ക്) അൻസ൪ (നന്മ),നിഷാദ്,സാജിത് മുഹമ്മദ് (എസ്.ഡി.പി.ഐ),അഡ്വ.സക്കീ൪ ഹുസൈൻ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
