ഹര്‍ത്താലില്‍ വ്യാപക അക്രമം
text_fieldsകോഴിക്കോട്: പി. ജയരാജൻെറ അറസ്റ്റിൽ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത സംസ്ഥാന ഹ൪ത്താലിൽ കോഴിക്കോട് ജില്ലയിലും വ്യാപക അക്രമം. വളയം പൊലീസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞു. രണ്ട് പൊലീസ് വാഹനങ്ങൾ, ലോറി, ഓട്ടോറിക്ഷ, ക൪ണാടക കെ.എസ്.ആ൪.ടി.സിയുടെ ബസ് എന്നിവ എറിഞ്ഞുതക൪ത്തു. ഹ൪ത്താലനുകൂലികൾ വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. ഫറോക്ക് പൊലീസ് സ്റ്റേഷനും രജിസ്ട്രാ൪ ഓഫിസിനും നേരെ ഏറുണ്ടായി. വേങ്ങേരിയിൽ വഴിതടഞ്ഞവരെ നേരിടാൻ പോയ പൊലീസ് സംഘത്തിനു നേരെയുണ്ടായ കല്ലേറിൽ അഞ്ച് പൊലീസുകാ൪ക്ക് പരിക്കേറ്റു. ചേവായൂ൪ സ്റ്റേഷനിലെ സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ ബാബു, സിവിൽ പൊലീസ് ഓഫിസ൪മാരായ ഷാജി, പ്രഹ്ളാദൻ (ഇരുവരും കൺട്രോൾ റൂം), രാമകൃഷ്ണൻ (സിറ്റി ട്രാഫിക്), വിജീഷ് (ചേവായൂ൪) എന്നിവ൪ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിനു തൊട്ടടുത്തുള്ള സപൈ്ളകോ പെട്രോൾ പമ്പ് അക്രമിച്ച് രണ്ട് ജീവനക്കാരെ മ൪ദിച്ചു. ചേവായൂരിൽ കി൪ത്താഡ്സിൻെറ ഓഫിസിനു നേരെയും അക്രമമുണ്ടായി. രോഗികളെ സൗജന്യമായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷ റെയിൽവേ സ്റ്റേഷനു സമീപം അടിച്ചുതക൪ത്തു. ചെറുകുളത്ത് ലീഗ് ഓഫിസ് തക൪ത്തു. കുണ്ടൂപറമ്പിനടുത്ത് എടക്കാട്ട് ബി.ജെ.പി പ്രവ൪ത്തകൻെറ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞു. ജില്ലയിൽ ആളപായം റിപ്പോ൪ട്ട് ചെയ്തിട്ടില്ല. കെ.എസ്.ആ൪.ടി.സി സ൪വീസുകൾ നി൪ത്തിവെച്ചതിനാൽ നിരവധി പേ൪ നഗരത്തിൽ കുടുങ്ങി. മാവൂ൪ പഞ്ചായത്തിലെ മലപ്രത്ത് ഹ൪ത്താലനുകൂലികൾ റോഡിൽ സൃഷ്ടിച്ച തടസ്സം നീക്കം ചെയ്യുന്നതിനിടെയുണ്ടായ സംഘ൪ഷത്തിൽ മലപ്രം പുൽപറമ്പ് മത്തേൽ മനോഹരന് (40) പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിറ്റി പൊലീസ് കമീഷണറുടെ ഓഫീസിനു തൊട്ടടുത്ത സപൈ്ളകോ പെട്രോൾ പമ്പ് പൊലീസ് നോക്കിനിൽക്കെയാണ് 40ഓളം വരുന്ന ഹ൪ത്താലനുകൂലികൾ അക്രമിച്ചത്. വ്യാഴാഴ്ച തുറക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് മാനേജ൪ എ.പി. അബ്ദുൽറഷീദ് ബുധനാഴ്ചതന്നെ സിറ്റി പൊലീസ് കമീഷണ൪ക്ക് കത്ത് കൊടുത്തിരുന്നു. ഒരു എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ച് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. ഇന്ധനമില്ലാതെ വലഞ്ഞ ആംബുലൻസ് ഡീസലിനായി രാവിലെ 9.30ഓടെ പമ്പിലെത്തി. തുട൪ന്ന് പെട്രോൾ ആവശ്യപ്പെട്ട് ഏതാനും ബൈക്കുകാരുമെത്തി. ഇവ൪ക്ക് ഇന്ധനം നൽകവെയാണ് 10 മണിയോടെ ഇരുചക്ര വാഹനങ്ങളിൽ ഹ൪ത്താലനുകൂലികൾ എത്തിയത്. അഗ്നിശമനത്തിനായി മണൽനിറച്ച് സൂക്ഷിച്ചിരുന്ന ഇരുമ്പ് ബക്കറ്റുകളെടുത്ത് ഡീസൽ-പെട്രോൾ യൂനിറ്റുകൾ തക൪ക്കാൻ ശ്രമമുണ്ടായി. ഡീസൽ-പെട്രോൾ യൂനിറ്റുകളുടെ നോസിലുകൾ കേടുവരുത്തിയ സംഘം മറ്റുഉപകരണങ്ങൾ വലിച്ചെറിഞ്ഞു. ഇന്ധനം നിറക്കുകയായിരുന്ന സന്തോഷ്, പ്രമോദ് എന്നീ താൽക്കാലിക ജീവനക്കാരെ വളഞ്ഞ് മ൪ദിച്ചു. ബഹളത്തിനിടെ പണംനൽകാതെ ചില൪ വാഹനമോടിച്ച് രക്ഷപ്പെട്ടു. ബഹളംവെച്ച് പമ്പ് തുറപ്പിച്ച് പെട്രോൾ നിറച്ചവ൪ തന്നെയാണ് പിന്നീട് ആളെ കൂട്ടിവന്ന് അക്രമം നടത്തിയതെന്ന് ജീവനക്കാ൪ പറഞ്ഞു.
രാവിലെതന്നെ നല്ലളം-മലാപ്പറമ്പ്-വെള്ളിമാട്കുന്ന് മേഖലകളിൽ വാഹനങ്ങൾ തടഞ്ഞു. വേങ്ങേരിയിൽ വാഹനം തടയുന്നതറിഞ്ഞ് അക്രമികളെ പിരിച്ചുവിടാൻ പോകവെയാണ് നോ൪ത് അസി. കമീഷണ൪ വിജി ജോ൪ജ് സഞ്ചരിച്ച ടാറ്റാ സുമോ വാനിനും കൺട്രോൾ റൂം വാഹനത്തിനു നേരെയും ഏറുണ്ടായത്. ശക്തമായ ഏറിൽ അഞ്ച് പൊലീസുകാ൪ക്ക് പരിക്കേറ്റു. അക്രമികളിൽ അഞ്ചുപേരെ പൊലീസ് ഓടിച്ച് പിടികൂടി. മലാപ്പറമ്പ്-ചേവായൂ൪ റോഡിലെ കി൪ത്താഡ്സ് തുറന്നതറിഞ്ഞ് ബൈക്കിലെത്തിയ സംഘമാണ് ഓഫിസ് അക്രമിച്ചത്. ബൈക്കുകളിൽ സംഘങ്ങളായി റോന്തുചുറ്റിയായിരുന്നു കടകളും സ്ഥാപനങ്ങളും അടപ്പിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തുന്ന രോഗികളെ സൗജന്യമായി ആശുപത്രികളിലെത്തിക്കാൻ സ൪വീസ് നടത്തിയ മാങ്കാവ് മാനാരി സ്വദേശി എ.കെ. ഹരിദാസൻെറ ഓട്ടോറിക്ഷ റെയിൽവേ സ്റ്റേഷനു സമീപം പൊലീസ് നോക്കിനിൽക്കെ ഹ൪ത്താലനുകൂലികൾ അടിച്ചുതക൪ത്തു.
ജില്ലയിലെ വിവിധ ഡിപ്പോകളിലായി കെ.എസ്.ആ൪.ടി.സിക്ക് 790 ഷെഡ്യൂളുകളുണ്ടെങ്കിലും കോഴിക്കോട്-വടകര-തൊട്ടിൽപാലം-താമരശ്ശേരി ഡിപ്പോകളിൽനിന്നായി അഞ്ച് സ൪വീസുകളെ നടത്തിയുള്ളൂ. രാവിലെ കൊടുവള്ളിക്കു സമീപം ക൪ണാടക കെ.എസ്.ആ൪.ടി.സിയുടെ ബസ് എറിഞ്ഞുതക൪ത്ത വിവരം അറിഞ്ഞ ഉടൻ മൊത്തം സ൪വീസുകൾ കെ.എസ്.ആ൪.ടി.സി നി൪ത്തിവെച്ചു. ബുധനാഴ്ച രാത്രി വൈകി നഗരത്തിലെത്തിയ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാ൪ കുടുങ്ങി. നോമ്പുകാലമായതിനാൽ പകൽ കുറച്ചുമാത്രം ഹോട്ടലുകൾ പ്രവ൪ത്തിക്കുന്ന നഗരത്തിൽ തട്ടുകടകൾപോലും ഹ൪ത്താലനുകൂലികൾ ബലമായി അടപ്പിച്ചു. സിവിൽ സ്റ്റേഷനടക്കം ജില്ലയിലെ സ൪ക്കാ൪ ഓഫിസുകൾ പ്രവ൪ത്തിച്ചില്ല. മാനാഞ്ചിറ എൽ.ഐ.സിയിൽ ജോലിക്കെത്തിയവരെ ഹ൪ത്താലനുകൂലികൾ ഭീഷണിപ്പെടുത്തി പുറത്താക്കി. ചുരുക്കം ചില മരുന്നുഷാപ്പുകൾ മാത്രമെ തുറന്നുള്ളൂ. നഗരത്തിൻെറ പ്രധാന ജങ്ഷനുകളിലെല്ലാംതന്നെ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഹ൪ത്താലനുകൂലികൾ 10.30ഓടെ നഗരത്തിൽ പ്രകടനം നടത്തി. തുട൪ന്ന് വൈക്കം മുഹമ്മദ് ബഷീ൪ റോഡിൽ ചേ൪ന്ന പ്രതിഷേധ യോഗം എ. പ്രദീപ്കുമാ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിൻെറയോ യോഗത്തിൻെറയോ സമീപത്തേക്ക് ചാനൽ പ്രവ൪ത്തകരെയും ഫോട്ടോഗ്രാഫ൪മാരെയും അടുപ്പിച്ചില്ല. പ്രതിഷേധ യോഗം കഴിഞ്ഞ് മടങ്ങിപ്പോവുകയായിരുന്ന ഒരു സംഘം എൽ.ഐ.സി കോ൪ണറിൽ മാധ്യമപ്രവ൪ത്തകരെ ഭീഷണിപ്പെടുത്തി. പേരാമ്പ്ര, വില്യാപ്പള്ളി, പന്തിരിക്കര, വളയം, കല്ലുനിര, കുറ്റ്യാടി ടൗൺ, നരക്കോട്, കരുവിശ്ശേരി എന്നിവിടങ്ങളിലെ കോൺഗ്രസ് ഓഫിസുകൾക്കുനേരെ അക്രമമുണ്ടായി. ചാത്തമംഗലം, വെള്ളന്നൂ൪, വേങ്ങേരിമഠം എന്നിവിടങ്ങളിലെ കോൺഗ്രസ് സ്തൂപം തക൪ത്തു. യൂത്ത് കോൺഗ്രസ് സമ്മേളനവുമായി ബന്ധപ്പെട്ട് വടകര സ്ഥാപിച്ച ബോ൪ഡുകൾ വ്യാപകമായി നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
