റിയാദ്: വീട്ടുജോലിക്കാരിയെ അനുവദിക്കുന്നതിന് 6500 റിയാൽ സെക്യൂരിറ്റി നൽകണമെന്ന് സൗദി റിക്രൂട്ടിങ്ങ് കമ്പനി ഉപാധിവെച്ചു. വീട്ടുജോലിക്കാരെ അനുവദിച്ച് കിട്ടുന്നതിന് കമ്പനിയുമായി വീട്ടുടമ ഒപ്പിടേണ്ട കരാറിലാണ് ഈ ഉപാധി വെച്ചിട്ടുള്ളത്. വീട്ടുടമ ശമ്പളം നൽകാൻ താമസിക്കുകയോ വിസമ്മതിക്കുകയോ ചെയ്താൽ സെക്യൂരിറ്റി തുകയിൽനിന്ന് ജോലിക്കാരിയുടെ ശമ്പളം ഈടാക്കും. കമ്പനിയുടെ അക്കൗണ്ടിലാണ് തുക നിക്ഷേപിക്കേണ്ടത്. കരാ൪ പ്രകാരമുള്ള സമയം പൂ൪ത്തിയാകുന്നതോടെ സെക്യൂരിറ്റി തുക വീട്ടുടമക്ക് തിരിച്ചു നൽകും.
ഈയാഴ്ചയാണ് സൗദി റിക്രൂട്ടിങ്ങ് കമ്പനി വീട്ടുജോലിക്കാരികളെ അനുവദിച്ചുതുടങ്ങിയത്. കമ്പനി അനുവദിക്കുന്ന വിട്ടുജോലിക്കാരിക്ക് 1480 റിയാലാണ് പ്രതിമാസ വേതനമായി നിശ്ചയിച്ചിട്ടുള്ളത്. വീട്ടുടമ കമ്പനിയുടെ അക്കൗണ്ടിൽ അടക്കുന്ന ഈ തുക കമ്പനി ജോലിക്കാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. കമ്പനി നൽകുന്ന എ.ടി.എം കാ൪ഡ് ഉപയോഗിച്ച് ജോലിക്കാരിക്ക് പ്രതിമാസ വേതനം ടെല്ലറിൽ നിന്നെടുക്കാൻ കഴിയും. മാസ വേതനമല്ലാതെ മറ്റൊരു ബാധ്യതയും വേലക്കാരിയുടെ കാര്യത്തിൽ വീട്ടുടമക്കുണ്ടായിരിക്കില്ല. റിക്രൂട്ട്മെൻറ്, വിസ, ടിക്കറ്റ്, ഇഖാമ, മെഡിക്കൽ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ ചെലവുകളും കമ്പനിയാണ് വഹിക്കുക. അതേ സമയം, വേലക്കാരികളെ വീട്ടുടമ നേരിട്ട് റിക്രൂട്ട് ചെയ്യുകയാണെങ്കിൽ മേൽചെലവുകൾ മുഴുവനും വഹിക്കേണ്ടത് വീട്ടുടമയാണ്. ഈയിനത്തിൽ ചുരുങ്ങിയത് 12000 റിയാലെങ്കിലും വീട്ടുടമക്ക് ചെലവുവരും. കൂടാതെ 850 റിയാൽ മാസവേതനവും നൽകണം. സൗദി റിക്രൂട്ടിങ് കമ്പനി ഇപ്പോൾ അനുവദിക്കുന്നത് എത്യോപ്യൻ വംശജകളായ വീട്ടുജോലിക്കാരികളെയാണ്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ പൂ൪ത്തിയാകുമെന്ന് കമ്പനി അധികൃത൪ വ്യക്തമാക്കി. നിലവിൽ ഈ രാജ്യങ്ങളിൽനിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരുന്ന നടപടികൾ മാസങ്ങളായി നിറുത്തിവെച്ചിരിക്കയാണ്. ഇരുരാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ വീട്ടുജോലിക്ക് അനുവദിക്കുന്നതിന് കൂടുതൽ ക൪ക്കശ ഉപാധികൾ വെച്ചത് അംഗീകരിക്കാൻ സൗദി വിസമ്മതിച്ചതോടെയാണ് അവിടങ്ങളിൽനിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് നിലച്ചത്.
സൗദി റിക്രൂട്ടിങ് കമ്പനി രാജ്യത്താകെ 26 ശാഖകൾ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യശാഖ റിയാദിലെ കിങ് അബ്ുല്ല ഹൈവേയിൽ പ്രവ൪ത്തനമാരംഭിച്ചു. ജിദ്ദ, ദമ്മാം, അൽഖസീം എന്നിവിടങ്ങളിൽ ഉടൻ ശാഖകൾ തുറക്കുമെന്ന് അധികൃത൪ വ്യക്തമാക്കി. ഭാര്യഭ൪ത്താക്കളിൽ ഒരാൾ ഉദ്യോഗസ്ഥനായിരിക്കുക, കുടുംബമുണ്ടായിരിക്കുക തുടങ്ങിയ ഉപാധികൾ പൂ൪ത്തീകരിച്ചവ൪ക്കാണ് കമ്പനി വീട്ടുജോലിക്കാരെ അനുവദിക്കുന്നത്. ജോലിക്കാരിക്ക് വേതനം നൽകാനുള്ള സാമ്പത്തിക കഴിവുണ്ടെന്ന് തെളിയിക്കുന്നതിനാണ് വീട്ടുടമകളിലൊരാൾക്ക് ഉദ്യോഗമുണ്ടായിരിക്കണമെന്ന് വെച്ചിട്ടുള്ളത്. ജോലിക്കാരികളെ ലഭിക്കാൻ കമ്പനിയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ലഭിച്ച അപേക്ഷയിൽ സൂക്ഷ്മപരിശോധന നടത്തി ദിവസങ്ങൾക്കകം ജോലിക്കാരിയെ കമ്പനി അനുവദിക്കും. വീട്ടുജോലിക്കാരി കരാ൪ പൂ൪ത്തിയാക്കും മുമ്പ് ഒളിച്ചോടുകയോ നാട്ടിലേക്ക് മടങ്ങിപ്പോവുകയോ ചെയ്താൽ പകരം ആളെ നൽകാൻ കരാറനുസരിച്ച് കമ്പനിക്ക് ബാധ്യതയുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2012 9:43 AM GMT Updated On
date_range 2012-08-03T15:13:21+05:30വീട്ടുജോലിക്കാരിയെ അനുവദിക്കാന്‍ 6500 റിയാല്‍ സെക്യൂരിറ്റി
text_fieldsNext Story