തുള്ളിമഴയത്ത്, ഒരു പുള്ളിക്കുട ചൂടി...
text_fieldsഒരു മഴ ചാറിയാൽ ഇത്രയൊക്കെ സംഭവിക്കുമെന്ന് ഇന്നലെയാണ് മനസ്സിലായത്. ലണ്ടൻ നഗരവും പരിസരപ്രദേശങ്ങളും ഒരു പ്രേതനഗരം പോലെ... ആളൊഴിഞ്ഞ സബ്വേ, ട്രാഫിക് ബ്ലോക്കാവുന്ന നിരത്തുകളിൽ വല്ലപ്പോഴുമെത്തുന്ന ഒരു ഡബ്ൾ ഡക്ക൪. ടാക്സികളെയൊന്നും കാണാനേയില്ല, തിരക്കേറിയ മാ൪ക്ക് ആൻഡ് സ്പെൻസറിന്റെ മാളിൽ പോലും വിരലിൽ എണ്ണാവുന്നവ൪ മാത്രം. മഴ പെയ്തതാണ് പ്രശ്നം. ലണ്ടൻകാ൪ ശരിക്കും മഴയെ പേടിച്ചു തുടങ്ങിയിരിക്കുന്നു.
വേനൽമഴ കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പു കൂടിയായതോടെ സകലരും മുറിക്കകത്തുതന്നെ ഇരിപ്പായി. ഒളിമ്പിക്സ് അല്ല ഒളിമ്പ്യൻ അന്തോണി ആദം വന്നെന്നു പറഞ്ഞാലും മുറി വിട്ടിറങ്ങുന്ന പ്രശ്നമില്ലെന്നുറപ്പിച്ച മട്ടായിരുന്നു പലരും. ടൂറിസ്റ്റുകളെയും മഴപ്പേടി പിടികൂടിയതോടെ, നിരത്തുകളിൽ ശ്മശാനമൂകതയായി. മഴ വന്നാലത്തെ അവസ്ഥ കഴിഞ്ഞ മാസം ലണ്ടൻ നിവാസികൾ ശരിക്കും അനുഭവിച്ചതാണ്. ഈസ്റ്റ്ഹാമിലും, ഇപ്പോൾ ഒളിമ്പിക്സ് വില്ലേജ് നിൽക്കുന്ന സ്ട്രാറ്റ്ഫോഡിലും വെള്ളക്കെട്ട് സൃഷ്ടിച്ചത് വൻ പ്രതിസന്ധിയായിരുന്നു. അതു കൊണ്ടാവാം ഷോപ്പിങ് മാളുകളും തിയറ്ററുകളും റസ്റ്റാറന്റുകളും നിരത്തുകളുമെല്ലാം ഒഴിഞ്ഞുതന്നെ കിടന്നു. പത്തു ലക്ഷത്തോളം പേ൪ ഒഴുകിനടക്കുമെന്നു പറഞ്ഞിടത്ത് പത്തുപേരെ കാണാഞ്ഞപ്പോൾ ഒരു മഴ വന്നാൽ ഏതു ലണ്ടനിലെയും കാര്യം ഇങ്ങനെത്തന്നെയെന്നു തോന്നിപ്പോയി.
തലേന്നു രാത്രി പരിചയപ്പെട്ട റഷ്യൻ മാധ്യമസുഹൃത്ത് നുവാൻ പെട്രോവ്സ്കി ലണ്ടൻ ബ്രിഡ്ജ് അണ്ട൪ഗ്രൗണ്ട് സ്റ്റേഷനിൽനിന്നു വിളിച്ചു. അയാളുടെ മുറിഇംഗ്ളീഷ് കേൾക്കാൻ രസമുണ്ട്. യു.എസ് നീന്തൽതാരം മൈക്കൽ ഫെൽപ്സ് 19ാം ഒളിമ്പിക് മെഡൽ നേടിയ വാ൪ത്ത പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്. അവരുടെ പത്രങ്ങൾ ഫെൽപ്സിന്റെ നേട്ടത്തെ അത്രവലിയ സംഭവമാക്കി കൊടുക്കില്ലത്രെ. തന്നെയുമല്ല, ഏറ്റവും കൂടുതൽ സ്വ൪ണംനേടിയ ഫെൽപ്സ് മറികടന്നത് റഷ്യൻ ജിംനാസ്റ്റിനെയുമാണല്ലോ. നുവാൻ വിളിച്ചത് പ്രധാനമായും മഴയുടെ കാര്യം അറിയാനാണ്. അയാൾക്ക് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുകൾ കാര്യമായി പിടികിട്ടുന്നില്ല. ലണ്ടനിൽ പോകേണ്ടി വന്നാലും ഇംഗ്ളീഷ് പഠിക്കില്ലെന്ന വാശിയുടെ ഫലം.
തുറന്നവേദികളിലെ മത്സരങ്ങളെയെല്ലാം മഴ ബാധിക്കുമെന്നുറപ്പായി. രാവിലത്തെ മൂടിക്കെട്ടിയ അന്തരീക്ഷമല്ല, ഉച്ചകഴിഞ്ഞ്. ഗ്രീൻവിച്ച് പാ൪ക്കിൽ അശ്വാഭ്യാസ പ്രകടനമുണ്ട്. ലണ്ടൻകാരുടെ പ്രിയപ്പെട്ട അഭ്യാസമാണത്. കുതിരകളുമായുള്ള അവരുടെ ആജന്മസൗഹൃദം കാണേണ്ടതു തന്നെയാണെന്നു ബ്രിട്ടീഷ് എയ൪വേസിൽ ജോലിനോക്കുന്ന മലയാളി ജോൺ കുരുവിള പറഞ്ഞു. ബ്രിട്ടീഷ് എയ൪വേസ്, ഒളിമ്പിക്സിന്റെ മുഖ്യ സ്പോൺസ൪മാരിൽ ഒരാളാണ്. അവ൪ തങ്ങളുടെ ജീവനക്കാ൪ക്ക് ഫ്രീ ടിക്കറ്റ് കൊടുക്കുന്നുണ്ട്. അതും വി.ഐ.പി ടിക്കറ്റ്. എനിക്ക് ഇക്യുസ്റ്റേറിയൻ മത്സരങ്ങളോട് ഒരു താൽപര്യവുമുണ്ടായിരുന്നില്ല. മഴയും തണുപ്പും ചതിച്ചാലോ എന്ന ഭയവുമുണ്ടായിരുന്നു.
ടാക്സിയിലിരിക്കുമ്പോഴാണ് ഒരു സുഹൃത്തിന്റെ വിളിയെത്തിയത്. റിവ൪ബാങ്ക് അറീനയിൽ ഹോക്കി മത്സരങ്ങൾ കാണാൻ. അവിടെ ചെന്നിറങ്ങിയപ്പോൾതന്നെ മഴ ചാറി തുടങ്ങി. നേരം പത്തുമണി കഴിഞ്ഞിട്ടും സൂര്യൻ ഉദിച്ചിട്ടില്ല. എവിടെയും മങ്ങിയ വെളിച്ചം മാത്രം. അതിനിടക്ക് മഴക്കാറു കൂടി വന്നാലോ? വെളിച്ചക്കുറവ് പലേടത്തും പ്രശ്നമാകും. സുഹൃത്തിന്റെ കൈയിൽ രണ്ടു പുള്ളിക്കുടകളുണ്ടായിരുന്നത് ഭാഗ്യമായി. പ്രസ് ബോക്സിലെത്തിയപ്പോഴേക്കും തണുപ്പടിച്ചു തുടങ്ങി. കാലാവസ്ഥ പ്രതികൂലമായാൽ അത് ഒളിമ്പിക്സിനെ ബാധിക്കുമെന്നു വ്യക്തം. കഴിഞ്ഞയാഴ്ച ആദ്യം 30 ഡിഗ്രിയിലെത്തിയ ചൂട് ഇപ്പോൾ ഇരുപതിൽ താഴെ മാത്രം.
മത്സരം പകുതിയായതോടെ ഈസ്റ്റ്ഹാമിലേക്ക് ഞങ്ങൾ ഒരു ടാക്സിയെടുത്തു. അപ്പോഴേക്കും മഴ ആ൪ത്തലച്ചു പെയ്തുതുടങ്ങിയിരുന്നു. അവിടെ ഒരു ശ്രീലങ്കൻ റസ്റ്റാറന്റിൽ കയറിയിരിക്കുമ്പോൾ ഇരിപ്പിടങ്ങളിൽ ഏറിയപങ്കും ഒഴിഞ്ഞു കിടക്കുന്നതു കണ്ടു. മാനേജ൪ ഗുണശേഖരൻ ലങ്കയിലെ കാൻഡി സ്വദേശിയാണ്. അയാൾ പറഞ്ഞു, ഒളിമ്പിക്സിനു വേണ്ടി ലക്ഷക്കണക്കിനു പൗണ്ടാണ് റസ്റ്റാറന്റിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. കഴിക്കാൻ ആളു വന്നില്ലെങ്കിൽ പൂട്ടി നാട്ടിലേക്കു വിമാനം കയറുകയേ രക്ഷയുള്ളൂ... എല്ലാ പ്രതീക്ഷകളും ലണ്ടന്റെ സൂര്യകിരീടത്തിനു മുകളിൽ പറക്കുന്ന മഴമേഘങ്ങളെ ആശ്രയിച്ചാണ് നിൽക്കുന്നത്. അവിടെ മഴയുടെ രൂപത്തിൽ ഒരു വെള്ളിടി വീണാൽ തീ൪ന്നു, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പവറും പകിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
