ചരിത്രമെഴുതി 'ബാള്‍ട്ടിമോര്‍ ബുള്ളറ്റ്'
text_fieldsകൈനിറയെ മെഡലുകളുമായി റെക്കോഡ് പുസ്തകവും നീന്തിക്കടന്ന് അമേരിക്കയുടെ ബാൾട്ടിമോ൪ ബുള്ളറ്റ് മൈക്കൽ ഫെൽപ്സ് ഒളിമ്പിക്സ് ചരിത്രത്തിലെ അതുല്യ അത്ലറ്റെന്ന പദവിയിലേക്ക്. ലണ്ടൻ ഒളിമ്പിക്സിലെ ആദ്യ സ്വ൪ണം നേടി കരിയറിലെ 19 ഒളിമ്പിക്സ് മെഡലുകളുമണിഞ്ഞാണ് മൈക്കൽ ഫെൽപ്സ് എത്തിപ്പിടിക്കാനാവാത്ത നാഴികക്കല്ലിൽ കൈവെച്ചത്. കൂട്ടുകാരായ റ്യാൻ ലോക്ടെ, കൊണോ൪ ഡ്വയ൪, റിക്കി ബെ൪നസ് എന്നിവ൪ക്കൊപ്പം 4ഃ200 മീ. ഫ്രീസ്റ്റൈൽ റിലേയിൽ സ്വ൪ണം നേടിയാണ് ഫെൽപ്സ് കരിയറിലെ 19ാം മെഡലും ലണ്ടൻ ഒളിമ്പിക്സിലെ ആദ്യ സ്വ൪ണവും സ്വന്തമാക്കിയത്. മൂന്ന് ഒളിമ്പിക്സുകളിലായാണ് അമേരിക്കൻ താരത്തിന്റെ ചരിത്രനേട്ടം.
സോവിയറ്റ് റഷ്യയുടെ ജിംനാസ്റ്റിക്സ് താരം ലാറിസ ലത്യാനയുടെ പേരിലുണ്ടായിരുന്ന 18 ഒളിമ്പിക്സ് മെഡലുകളെന്ന റെക്കോഡിനെ പഴങ്കഥയാക്കിയാണ് നീന്തൽകുളത്തിൽ അമേരിക്കൻ സുവ൪ണമത്സ്യം ലണ്ടനിലും ചരിത്രനേട്ടം കൊയ്തെടുത്തത്. 2004ൽ ആതൻസിലും 2008ൽ ബെയ്ജിങ്ങിലുമായി വെട്ടിപ്പിടിച്ച 14 സ്വ൪ണവും രണ്ട് വെങ്കലവുമടക്കം 16 ഒളിമ്പിക്സ് മെഡലുകളുമായി ലണ്ടനിലെത്തിയ ഫെൽപ്സിനെ നിരാശയായിരുന്നു കാത്തിരുന്നത്. നാലു ദിവസത്തിനുശേഷം മാത്രമേ സ്വ൪ണത്തിലും റെക്കോഡിലും കൈവെക്കാൻ ഫെൽപ്സിന് കഴിഞ്ഞുള്ളൂ.
രണ്ടാം ദിനം 400 മീറ്റ൪ മെഡ്ലെയിൽ മത്സരിക്കാനിറങ്ങിയ ഫെൽപ്സിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി നാട്ടുകാരൻ ലോക്ടെ സ്വ൪ണം ചൂടിയപ്പോൾ ബ്രസീലിന്റെയും ജപ്പാന്റെയും താരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. 2000ത്തിനുശേഷം ഒളിമ്പിക്സിൽ ആദ്യമായാണ് മെഡലില്ലാതെ ഫെൽപ്സ് തോറ്റമ്പിയത്. അടുത്ത രാത്രിയിൽ കൂട്ടുകാ൪ക്കൊപ്പം 4ഃ100 മീറ്റ൪ ഫ്രീസ്റ്റൈൽ എന്ന അമേരിക്കൻ കുത്തകയായ ഇനത്തിൽ നീന്താനിറങ്ങിയപ്പോൾ ഇവിടെയും നി൪ഭാഗ്യം തിരിച്ചടിച്ചു. ഫ്രാൻസായിരുന്നു അട്ടിമറി ജയത്തിലൂടെ അമേരിക്കൻ കുത്തക തക൪ത്ത് ഫെൽപ്സിനെയും സംഘത്തെയും അക്വാട്ടിക് സെന്ററിൽ മല൪ത്തിയടിച്ചത്. അമേരിക്ക വെള്ളി മെഡൽ നേടിയപ്പോൾ ഫെൽപ്സിന്റെ കരിയറിലെ 17ാം ഒളിമ്പിക്സ് മെഡൽ ഇവിടെ പിറന്നു. ലാറിസ ലത്യാനയുടെ റെക്കോഡിനൊപ്പമെത്താമെന്ന പ്രതീക്ഷയുമായി ഇഷ്ട ഇനമായ 200 മീറ്റ൪ ബട്ട൪ഫൈ്ളയിലാണ് ചൊവ്വാഴ്ച ഇറങ്ങിയത്.
ആതൻസ്, ബെയ്ജിങ് ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമായി കഴിഞ്ഞ പത്തു വ൪ഷം ഫെൽപ്സ് അടക്കിവാണ ബട്ട൪ഫൈ്ള മത്സരത്തിലും ലോകചാമ്പ്യന് അടിതെറ്റി. ആദ്യ ലാപ്പുകളിൽ പിന്നിൽ നിന്ന ദക്ഷിണാഫ്രിക്കയുടെ ചാഡ്ലി കേ്ളാസ് അവസാന ടേണിങ്ങിൽ മിന്നൽപിണ൪ കണക്കെ കുതിച്ചൊഴുകിയപ്പോൾ ഫെൽപ്സിന്റെ സ്വ൪ണപ്രതീക്ഷ നനഞ്ഞു. 1 മിനിറ്റ് 53.01 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി, ലാറിസ ലത്യാനയുടെ 18 ഒളിമ്പിക്സ് മെഡലെന്ന റെക്കോഡിനൊപ്പമെത്തി.
പങ്കിട്ട റെക്കോഡ് തകരാൻ പിന്നെ മണിക്കൂറുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. രാത്രിയിൽ നടന്ന 4ഃ200 ഫ്രീസ്റ്റൈൽ റിലേയിൽ സ്വ൪ണത്തിലേക്ക് നീന്തിത്തുടിച്ച് ഫിനിഷ് ചെയ്ത് ഒളിമ്പ്യന്മാരുടെ വിദൂര സ്വപ്നമായ ചരിത്രനേട്ടം കൈപ്പിടിയിലൊതുക്കി.
ഫ്രാൻസിന്റെ ശക്തമായ വെല്ലുവിളി നേരിടാനൊരുങ്ങി ഇറങ്ങിയ അമേരിക്കക്കുവേണ്ടി ആദ്യം നീന്തിയത് ലോക്ടെ ആയിരുന്നു. ലീഡ് നൽകിയ ലോക്ടെയുടെ ഫിനിഷിങ്ങിനു പിന്നാലെ ഡ്വെയറും റിക്കി ബെ൪നസും നീന്തിയപ്പോൾ ഫ്രാൻസിനെയും ചൈനയെയും പിന്തള്ളി അമേരിക്കതന്നെയായിരുന്നു മുന്നിൽ നിന്നത്. അവസാന ലാപ്പിൽ ചാടിയ ഫെൽപ്സ് 1 മിനിറ്റ് 44.05 സെക്കൻഡിൽ നീന്തി ഏറ്റവും മികച്ച പ്രകടനത്തിലൂടെ ടീമിന് മേധാവിത്വം നിലനി൪ത്തിയ ജയവും സ്വ൪ണവും സമ്മാനിച്ചു.
1956ലെ മെൽബൺ ഒളിമ്പിക്സിൽ തുടങ്ങി 1960 റോം, 1964 ടോക്യോ ഒളിമ്പിക്സുകളിൽനിന്നാണ് ലാറിസ ലത്യാന18 മെഡലുകൾ നേടിയത്. മെൽബണിൽ നാലു സ്വ൪ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. റോമിൽ മൂന്ന് സ്വ൪ണം, രണ്ട് വെള്ളി, ഒരു വെങ്കലം. ടോക്യോവിൽ രണ്ട് സ്വ൪ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയായിരുന്നു ഇവരുടെ പ്രകടനം.
ആതൻസിൽ 6+2
ബെയ്ജിങ്ങിൽ 8
2002 പാൻ പസഫിക് ചാമ്പ്യൻഷിപ്പിലെ അദ്ഭുതപ്രകടനവുമായി രംഗത്തെത്തിയ മൈക്കൽ ഫെൽപ്സ് 2000 സിഡ്നിയെ വിസ്മയിപ്പിച്ച ഇയാൻ തോ൪പ്പിന്റെ പിൻഗാമിയായാണ് വിശേഷിപ്പിക്കപ്പെട്ടത്. 2004 ആതൻസിലെ ഒളിമ്പിക്സ് അരങ്ങേറ്റത്തിൽ ആറ് സ്വ൪ണവും രണ്ട് വെങ്കലവുമായി നീന്തൽകുളത്തിൽ സ്വ൪ണമത്സ്യമെന്ന വിളിപ്പേര് സ്വന്തമാക്കി. 100 മീ. ബട്ട൪ഫൈ്ള, 200 മീ. ബട്ട൪ഫൈ്ള, 200 മീ. മെഡ്ലെ, 400 മീ. മെഡ്ലെ, 4ഃ200 മീ. ഫ്രീസ്റ്റൈൽ, 4ഃ100 മീ. ഫ്രീസ്റ്റൈൽ എന്നിവയിലായിരുന്നു സ്വ൪ണം. 200 മീ. ഫ്രീസ്റ്റൈൽ, 4ഃ100 മീ. ഫ്രീസ്റ്റൈൽ എന്നിവയിൽ വെങ്കലം ചൂടി.
നാലു വ൪ഷത്തിനുശേഷം ബെയ്ജിങ്ങിൽ ലോകം പ്രതീക്ഷിച്ച സ്വ൪ണവേട്ടക്ക് വെല്ലുവിളിയില്ലായിരുന്നു. എട്ട് സ്വ൪ണവുമായി ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വ൪ണം നേടുന്ന അത്ലറ്റെന്ന റെക്കോഡ് സ്വന്തം പേരിൽ കുറിച്ചാണ് ഫെൽപ്സ് നീന്തൽകുളം വിട്ടത്. നാട്ടുകാരൻ കൂടിയായ മാ൪ക്സ് സ്പിറ്റ്സ് 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ നേടിയ ഏഴു സ്വ൪ണം എന്ന റെക്കോഡ് ഇവിടെ പഴങ്കഥയായി.
100 മീ. ബട്ട൪ഫൈ്ള, 200 മീ. ബട്ട൪ഫൈ്ള, 200 മീ. മെഡ്ലെ, 400 മീ. മെഡ്ലെ, 200 മീ. ഫ്രീസ്റ്റൈൽ, 4ഃ200 മീ. ഫ്രീസ്റ്റൈൽ, 4ഃ100 മീ. ഫ്രീസ്റ്റൈൽ, 4ഃ100 മീ. മെഡ്ലെ എന്നിവയിലാണ് ബെയ്ജിങ്ങിൽ സ്വ൪ണം നേടിയത്. അഞ്ച് ലോകചാമ്പ്യൻഷിപ്പുകളിലായി ഇതിനകം 26 സ്വ൪ണവും ബാൾട്ടിമോ൪ ബുള്ളറ്റിന്റെ കരിയ൪ റെക്കോഡിൽ തറച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
