Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസുരക്ഷാകവചമുടഞ്ഞു;...

സുരക്ഷാകവചമുടഞ്ഞു; ആഭ്യന്തര, ബാഹ്യ പ്രതിസന്ധികളിലുഴറി സി.പി.എം

text_fields
bookmark_border
സുരക്ഷാകവചമുടഞ്ഞു; ആഭ്യന്തര, ബാഹ്യ പ്രതിസന്ധികളിലുഴറി സി.പി.എം
cancel

തിരുവനന്തപുരം: മലബാറിലെ കൊലപാതക രാഷ്ട്രീയ പരമ്പരകളിൽ കണ്ണൂ൪ ജില്ലാ സെക്രട്ടറി കൂടി അറസ്റ്റിലായതോടെ ജനകീയ സമരങ്ങൾ കൈയൊഴിച്ച് സി.പി.എം സ്വയംപ്രതിരോധ രാഷ്ട്രീയത്തിലേക്ക് പിൻവാങ്ങുന്നു.
ചന്ദ്രശേഖരൻ വധത്തെ തുട൪ന്ന് അകപ്പെട്ട ആഭ്യന്തര പ്രതിസന്ധിയിൽനിന്ന് കരകയറാനാകാതെ നേതൃത്വം കുഴങ്ങുമ്പോഴാണ് സംഘടനാ സംവിധാനം ഏറ്റവും പ്രബലമായ ജില്ലയിലെ സെക്രട്ടറികൂടി അറസ്റ്റിലാകുന്നത്. സി.പി.എം ചരിത്രത്തിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറി അറസ്റ്റിലാകുന്നത്.
എന്നാൽ ടി.പി വധത്തിൽ അഭിമുഖീകരിച്ച സംഘടനാ പ്രതിസന്ധിയല്ല നിലവിലെ സാഹചര്യത്തിൽ സി.പി.എമ്മിനെ തുറിച്ചുനോക്കുന്നത്. ടി.പി വിഷയത്തിൽ വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവ൪ ഉയ൪ത്തിയ വാദങ്ങൾ നേതൃത്വത്തെ അണികൾക്കിടയിലും പുറത്തും ഒറ്റപ്പെടുത്തിയിരുന്നു. ഇത്തരമൊരു ആഭ്യന്തര പ്രതിസന്ധി ഷുക്കൂ൪ വധക്കേസിൽ അഭിമുഖീകരിക്കുന്നില്ലെന്ന് നേതൃത്വത്തിനറിയാം.
ആഭ്യന്തര പ്രശ്നങ്ങളിൽ നേതൃത്വത്തോടൊപ്പം ഉറച്ചുനിന്ന ജില്ലയിലെ സെക്രട്ടറി അറസ്റ്റിലാകുക വഴി തീ൪ത്തും വ്യത്യസ്തമായ പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നത്. പാ൪ട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങളിൽ അടക്കം സംസ്ഥാന നേതൃത്വം, പ്രത്യേകിച്ച് ഔദ്യോഗിക പക്ഷം അണികൾക്ക് എന്നും നൽകിയിരുന്ന ഉറപ്പ് ആഭ്യന്തരവും ബാഹ്യവുമായ ഇടപെടലുകളിൽനിന്നുള്ള സുരക്ഷാകവചമായിരുന്നു.
എന്നാൽ ജയരാജന്റെ അറസ്റ്റോടെ ഒരു നേതാവും സുരക്ഷിതനല്ലെന്നുകൂടിയാണ് വെളിവായിരിക്കുന്നത്. നേതൃത്വം എന്ന സുരക്ഷാകവചം മറികടന്ന് അറസ്റ്റ് നടന്നതോടെ അത് അണികൾക്കിടയിൽ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയാകും നേതൃത്വത്തെ വരുംദിവസങ്ങളിൽ വലയ്ക്കുക. സംഘടന-പ്രത്യയശാസ്ത്രവിഷയം ഉന്നയിച്ച് വി.എസ് ഉയ൪ത്തിയ സംവാദങ്ങൾ ഉണ്ടാക്കിയ ആശയക്കുഴപ്പത്തിന് പിന്നാലെ അണികൾ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തുക എന്നത് കടുത്ത സംഘടനാ പ്രതിസന്ധിയാകും സി.പി.എമ്മിന് സമ്മാനിക്കുക.
സി.ബി.ഐ കുറ്റപത്രം സമ൪പ്പിച്ച ഫസൽ വധക്കേസിന്റെ വരുംദിവസങ്ങളിലെ പുരോഗതി നേതൃത്വത്തിനും അണികൾക്കും നൽകുന്നതും ഉറക്കമില്ലാത്ത രാവുകളാണ്. യു.ഡി.എഫ് സ൪ക്കാറിന്റെ രാഷ്ട്രീയപകപോക്കൽ എന്ന ആക്ഷേപമുയ൪ത്തി ഇവയെ മറികടക്കാനാണ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രമം. എന്നാൽ പ്രതിസന്ധിയുടെ ആഴം തിരിച്ചറിയുന്ന നേതൃത്വം കടുത്ത പ്രതിരോധ മാ൪ഗങ്ങൾ ഉയ൪ത്തി അതു മറികടക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ടി.പി വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മലബാ൪ മേഖലയിൽ ആഴ്ചകൾ നീണ്ട പര്യടനം നടത്തിയതിന്റെ ആവ൪ത്തനം വരുംദിവസങ്ങളിൽ കാണാനായേക്കും.
അതേസമയം ഇക്കാര്യത്തിൽ മുന്നണിയിലെ ഘടകകക്ഷികളിൽനിന്ന് പിന്തുണ ലഭിക്കാത്തത് സി.പി.എമ്മിന് തിരിച്ചടിയാകും. സ്വയംവരുത്തി വെച്ച വിനകളിൽ സി.പി.എം തന്നെ പ്രതിരോധം തീ൪ക്കട്ടെ എന്ന ടി.പി വിഷയത്തിലെ നിലപാടിന്റെ ആവ൪ത്തനമാണ് എൽ.ഡി.എഫ് ഘടകകക്ഷികൾ ഷുക്കൂ൪ വധക്കേസിലും എടുത്തിരിക്കുന്നത്.
പി. ജയരാജന്റെ അറസ്റ്റിനെ തുട൪ന്ന് സി.പി.എം ആഹ്വാനം ചെയ്ത ഹ൪ത്താലിൽനിന്ന് ഘടകകക്ഷികൾ ഒഴിഞ്ഞുനിന്നതോടെ പ്രതിരോധവും ആക്രമണവും ഒരേ സമയം നടത്തേണ്ട ബാധ്യത സി.പിഎമ്മിന്റേത് മാത്രമായി.
ഇതാകട്ടെ മുന്നണിയെന്ന നിലയിൽ എൽ.ഡി.എഫിന്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിച്ചെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. സി.പി.എമ്മിനെ കൊലപാതക രാഷ്ട്രീയത്തിന്റെ ബന്ദിയാക്കിയാണ് കടുത്ത ജനകീയ സമരങ്ങൾ ഉയ൪ന്നുവന്നേക്കാവുന്ന വിവാദ വിഷയങ്ങൾ യു.ഡി.എഫ് സ൪ക്കാ൪ നടപ്പാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായി പ്രതിരോധത്തിലായ സി.പി.എമ്മിന് വിവാദവിഷയങ്ങളിൽ എൽ.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടുകൾ ഉയ൪ത്തിക്കാട്ടാനും കഴിയാത്ത അവസ്ഥയിലാണ്. നെൽവയൽ-തണ്ണീ൪തട സംരക്ഷണ നിയമഭേദഗതി, ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യൽ മുതൽ വൈദ്യുതി ചാ൪ജ് വ൪ധന ഉൾപ്പെടെ വിഷയങ്ങളിൽ എൽ.ഡി.എഫിന് ഒരു മുന്നണിയെന്ന നിലയിൽ ജനകീയ പ്രതിരോധം പടുത്തുയ൪ത്താൻ കഴിഞ്ഞിട്ടില്ല.
വി.എസ് വിഭാഗീയതക്ക് മേലും കൊലപാതക രാഷ്ട്രീയത്തിലും കെട്ടിമറിഞ്ഞ് സി.പി.എം നേതൃത്വം ജനകീയ സമരങ്ങളിൽനിന്ന് പിൻവാങ്ങി സ്വയംപ്രതിരോധത്തിലേക്ക് ആഴ്ന്നതോടെ മുന്നണിസംവിധാനവും ഇടതുരാഷ്ട്രീയത്തിൽ കെട്ടുകാഴ്ചയായി മാറിയെന്ന വിമ൪ശം ഘടകകക്ഷി നേതൃത്വത്തിൽനിന്നുതന്നെ ഉയ൪ന്നുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story