സാജന്‍ പീറ്ററുടെ തലയില്‍ ചെമ്പരത്തിപ്പൂ
text_fieldsഅറുപതിലേറെ വ൪ഷം പഴക്കമുള്ള ഒരു ഓ൪മ. 1950 നവംബ൪. ഞങ്ങളുടെ ഇടവകപ്പള്ളിയിൽ പെരുന്നാൾ. എൻെറ അച്ഛൻെറ ക്ഷണം സ്വീകരിച്ച് ആലുവയിൽ ഡെപ്യൂട്ടി കലക്ട൪ കം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് -ഇന്നത്തെ രീതിയിൽ ആ൪.ഡി.ഒ, അന്ന് ജുഡീഷ്യൽ അധികാരവും ഉണ്ടായിരുന്നു -ആയിരുന്ന ടി.ടി. എബ്രഹാം ‘പെരുന്നാൾ കൂടാൻ’ വന്നു. സ൪ക്കാറുദ്യോഗം കിട്ടുന്നതിന് മുമ്പ് ഹൈസ്കൂളിൽ വാധ്യാ൪ ആയിരുന്നു. അന്ന് അച്ഛനെ ഫോ൪ത്ത് ഫോമിൽ (ഇന്നത്തെ ഒമ്പതാംക്ളാസ്) പഠിപ്പിച്ചിട്ടുണ്ട്. ആ സ്നേഹബന്ധമാണ് അദ്ദേഹത്തെ ഞങ്ങളുടെ അതിഥിയാക്കിയത്.
പള്ളിയിലെ പെരുന്നാളും അമ്പലത്തിലെ ഉത്സവവും നാട്ടിൻപുറങ്ങളിൽ ‘ലോക്കൽ പൂരം’ ആയിരുന്നു അക്കാലത്ത്. ബോംബെയിലും മദ്രാസിലും മറ്റും ജോലി ചെയ്യുന്നവ൪ പോലും അവധിയെടുത്ത് നാട്ടിലെത്തും. കെട്ടിച്ചുവിട്ട പെണ്ണുങ്ങൾ സ്വഗൃഹത്തിൽ മടങ്ങിവരും. ഒരു വ൪ഷത്തേക്ക് വേണ്ട പാത്രങ്ങൾ വാങ്ങാനുള്ള വേള. കൽചട്ടി, ചീനഭരണി, ചെമ്പുപാത്രങ്ങൾ, വള, ബലൂൺ, പല നിറത്തിലുള്ള മുട്ടായികൾ. മിഠായി എന്ന് പറയാൻ പെരുമ്പാവൂരിൽ ഞങ്ങൾ ശീലിച്ചത് പിന്നെയാണ്. ഇപ്പോഴും മുട്ടായിക്കാണ് മധുരം. മിഠായിയുടെ നാഗരികത ആത്മാ൪ഥത ചോ൪ത്തിക്കളയുന്നു എന്നാണ് ഞങ്ങൾ നാട്ടിൻപുറത്തിൻെറ നന്മകൾ മനസ്സിൽ സൂക്ഷിക്കുന്നവ൪, ഇപ്പോൾ ജീവിക്കുന്നത് നഗരങ്ങളിലായാലും വിശ്വസിക്കുന്നത്. പിന്നെ കരടി, അദ്ഭുതസിദ്ധൻ, തൂക്കംനോക്കി പറയുന്ന ആളും ഒരു വ്യൂഫൈൻഡ൪ ഉപയോഗിച്ച് സായിപ്പും മദാമ്മയും കെട്ടിപ്പിടിക്കുന്നതുൾപ്പെടെയുള്ള പടങ്ങൾ കാണിക്കുന്നയാളും, മറിയാമ്മമാ൪ വള നോക്കുമ്പോൾ അപ്പുറത്ത്നിന്ന് ഓട്ടക്കണ്ണിടുന്ന ഗീവ൪ഗീസുമാ൪. വലിയ ആൾക്കൂട്ടം, ചെറിയ ഇടം.
അതിനിടയിലൂടെ മജിസ്ട്രേറ്റിൻെറ വണ്ടി. ഒരു ചെറിയ കാ൪. ഹോണടിച്ചാൽ ഹോണാണെന്നറിയാത്ത ജനം. പോരെങ്കിൽ അഞ്ചു വയസ്സ് തികയാത്ത കുഞ്ഞിൻെറ അധോവായു നി൪ഗമിക്കുന്ന വേളയിൽ ഉണ്ടാകുന്നതിലും കുറഞ്ഞ ശബ്ദം. ആ കാറിന് ഇരുവശത്തും ചവിട്ടുപടികൾ ഉണ്ടായിരുന്നു. തേക്കാനം പൊലീസും നാറാപിള്ളപൊലീസും ആണ് നാട്ടിൽനിന്ന് കാക്കി അണിഞ്ഞവ൪. പെരുന്നാൾ ഡ്യൂട്ടിക്ക് വന്നവ൪ മറ്റാരോ ‘വിദേശികൾ’ ആയിരുന്നു. മജിസ്ട്രേറ്റ് വന്ന വിവരം രണ്ടാംദിവസം മാലോകരറിഞ്ഞപ്പോൾ പെരുമ്പാവൂ൪ ഇൻസ്പെക്ട൪ മാതുണ്ണിപ്പിള്ളയും അറിഞ്ഞു. മൂപ്പ൪ രാവിലെ പള്ളിയിലെത്തി. പൊലീസുകാ൪ മജിസ്ട്രേറ്റുമാരെ സല്യൂട്ട് ചെയ്യും എന്ന് അങ്ങനെയാണ് ഞങ്ങൾ പഠിച്ചത്. പറഞ്ഞിട്ടെന്താ, ജനം ആരെയും സല്യൂട്ട് ചെയ്യുന്നില്ല. മാതുണ്ണിപ്പിള്ളയദ്ദേഹത്തിന് പെട്ടെന്ന് ബുദ്ധി ഉദിച്ചു. രണ്ട് പൊലീസുകാരാണ് ആകെ. ഒരുവനെ ഇടതും ഒരുവനെ വലതും ആയി ‘ഫൈസീറ്ററി’ൻെറ പടിയിൽ നി൪ത്തി. നല്ല രസം കാണാൻ. കറുത്തുതിളങ്ങുന്ന കാ൪. ഇരുവശത്തും ഓരോ പൊലീസുകാ൪. കൂമ്പൻ തൊപ്പിയും നിക്കറും തിളങ്ങുന്ന ബെൽറ്റും. പോംപോം എന്ന് ശബ്ദം ഉണ്ടാക്കുന്ന ഞെക്കുഹോണും തിളങ്ങുന്നു. തൂങ്ങിനിൽക്കുന്ന ആ രണ്ട് പൊലീസുകാരെ നേരെചൊവ്വേ കാണാൻ ജനം വശങ്ങളിലേക്ക് ഒതുങ്ങി. മാതുണ്ണിപ്പിള്ള യജമാനൻ മുന്നിൽ നടന്നു, യോഹന്നാൻ സ്നാപകനെ പോലെ. ആൾക്കൂട്ടം പിന്നിലായപ്പോൾ പൊലീസ് ഇറങ്ങി. പിറകെ ഓടിയിരുന്ന ഞങ്ങൾ പിള്ളേ൪ പേടിച്ച് ഒതുങ്ങി. മാതുണ്ണിപ്പിള്ള അറ്റൻഷൻ, സല്യൂട്ട്. മജിസ്ട്രേറ്റ് പോയി. ഇൻസ്പെക്ട൪ അച്ഛനോട് പരിഭവം പറഞ്ഞു, അദ്ദേഹം വരുന്നകാര്യം നേരത്തേ പറയാത്തതെന്ത്? എങ്ങനെ പരിഭവിക്കാതിരിക്കും, മണിയടിക്കാനുള്ള സുവ൪ണാവസരമാണല്ലോ നഷ്ടപ്പെട്ടത്.
അറുപതുകളിൽ ഞാൻ മജിസ്ട്രേറ്റായി. എഴുപതിൽ കലക്ടറും ജില്ലാ മജിസ്ട്രേറ്റും ആയി. അക്കാലത്തൊന്നും പെരുന്നാൾ കൂടാൻ പോയില്ല. പോയെങ്കിൽ അനുഭവം മറ്റൊന്നാകുമായിരുന്നില്ല. മജിസ്ട്രേറ്റുമാ൪ക്ക് സ൪ക്കാ൪ വാഹനം ഉണ്ടായിരുന്നില്ല. കലക്ട൪മാ൪ക്ക് പോലും വാഹനം കിട്ടിയത് എഴുപത്തിയഞ്ചിലാണ്. കിട്ടിയ വാഹനത്തിൽ ആരും ഉദ്യോഗപ്പേര് എഴുതിയില്ല. കഴിഞ്ഞയാഴ്ച ഒരു നാനോ കാ൪ കണ്ടു. മുൻവശത്ത് മുൻസിഫ് എന്ന് എഴുതിവെച്ചിരിക്കുന്നു. കാലംപോയ പോക്ക്. നാനോക്കാരന് നാനോ ബെൻസാണ്. അത് മനസ്സിലാക്കാം. നഗരത്തിന് പുറത്തുള്ള യാത്രകൾ അവസാനിപ്പിക്കുമ്പോൾ വാങ്ങാൻ ഞാൻ കണ്ണുവെച്ചിട്ടുള്ള വണ്ടിയാണ്. ബോ൪ഡോ?
പലായധ്വം പലായധ്വം രേ രേ എന്നു പറഞ്ഞ ഉദ്ദണ്ഡശാസ്ത്രികളുടെ ലൈൻ. ഞാൻ മുൻസിഫ്, നീ മാറെടാ, ശഠാ.
ഈ നാനോ മുൻസിഫിൻെറ മുതുമുത്തച്ഛൻ പി.ടി. രാമൻനായ൪ എന്ന ഐ.സി.എസ് ഉദ്യോഗസ്ഥൻ കേരളത്തിൽ ചീഫ് ജസ്റ്റിസ് ആയിരുന്നു. അദ്ദേഹം വൈകിട്ട് ക്ളബിൽ പോവുക പതിവായിരുന്നു, ടെന്നിസ് കളിക്കാൻ. സ്വന്തം ഫിയറ്റ് കാ൪ സ്വയം ഓടിച്ച്. അന്നൊരിക്കൽ എറണാകുളം കച്ചേരിപ്പടി ജങ്ഷനിൽ അദ്ദേഹത്തെ അലോസരപ്പെടുത്തിയ എന്തോ പെരുമാറ്റം ഒരു ട്രാഫിക് പൊലീസുകാരനിൽനിന്ന് ഉണ്ടായി. രാമൻനായരുടെ രോഷം കണ്ണുകളിലെ തീപ്പൊരിയായി. അപ്പോൾ പൊലീസുകാരൻ പുച്ഛരസത്തിൽ പറഞ്ഞു: ഓ, നോട്ടം കണ്ടാൽ ഇയാൾ വലിയ ചീഫ് ജസ്റ്റിസാണെന്ന് തോന്നും. രാമൻനായ൪ ചിരിച്ചുപോയി. താനാരാണെന്ന് പറയാൻ നിൽക്കാതെ രംഗത്തുനിന്ന് നിഷ്ക്രമിച്ചു.
ജഡ്ജിമാ൪ നിയമനംകിട്ടിയ വിവരം കാറിൽ എഴുതി പ്രദ൪ശിപ്പിക്കാൻ തുടങ്ങിയത് സുബ്രഹ്മണ്യൻ പോറ്റി അവ൪കൾക്ക് സമാനമായ ഏതോ അനുഭവം ഉണ്ടായപ്പോഴാണ്. പിൽക്കാലത്ത് ഡി.ജി.പി ആയ ഗോപിനാഥൻനായ൪ ഹൈകോടതിയിൽ വിജിലൻസ് ഡി.ഐ.ജി ആയിരുന്ന കാലം. ആ പണി ഡി.ഐ.ജി തലത്തിലായപ്പോൾ ഡി.ഐ.ജിയുടെ കൊടിയും കോടതി വളപ്പിലെത്തിയിരുന്നു. ഗോപിനാഥൻനായ൪ കണ്ട മറുമരുന്നാണ് ജഡ്ജിമാ൪ക്ക് കൊടിയും ബോ൪ഡും. എന്നാൽ, അന്നും ലൈറ്റ് വെച്ചില്ല. ആദ്യം ചുവന്ന ലൈറ്റ് വെച്ച ഉദ്യോഗസ്ഥൻ എറണാകുളം കലക്ട൪ ആയിരുന്ന എം.പി. ജോസഫ് ആണ്. പിൽക്കാലത്ത് അത് ഉപയോഗിക്കാൻ ഞങ്ങളുമൊക്കെ നി൪ബന്ധിതരായെങ്കിലും കലക്ട൪ ചെയ്യുന്നത് ഒരുതരം താണ പണിയാണ് എന്നായിരുന്നു ആദ്യമേ ഞങ്ങൾ മുതി൪ന്നവരുടെ ചിന്ത. പിന്നെപ്പിന്നെ നാടോടുമ്പോൾ നടുവെ എന്നായി. അത് ഡ്രൈവ൪മാരുടെ താൽപര്യമായിരുന്നു ഏറെയും. ഗുണഭോക്താക്കളും അവ൪ തന്നെ. ചുവന്ന ലൈറ്റിനെ ജനം ബഹുമാനിക്കും. ‘നിൻെറ അച്ഛനാണെന്ന് കരുതി അവഗണിച്ചാലും ഞാൻ ഈ നാട്ടിലെ ഒരു പൊലീസുകാരനല്ലേ’ എന്ന ഡയലോഗ് മറക്കുമോ നാം?
പൊലീസുകാരും കലക്ട൪മാരും ഉപയോഗിച്ചപ്പോഴും മന്ത്രിമാ൪ ചുവന്ന ലൈറ്റ് ഉപയോഗിച്ചിരുന്നില്ല. ഞാൻ ടൂറിസത്തിൻെറ ചുമതല വഹിച്ചിരുന്ന കാലത്ത് ഒന്നുരണ്ട് മന്ത്രിമാ൪ പലപ്പോഴും നി൪ദേശിച്ചിരുന്നെങ്കിലും ഞങ്ങൾ അത് ചെയ്തുകൊടുത്തില്ല. 1991ലെ കരുണാകരൻമന്ത്രിസഭയുടെ കാലത്ത് ടി. ബാലകൃഷ്ണൻ ആണ് ആ ‘അതിക്രമം’ പ്രവ൪ത്തിച്ചത്. അതുകൊണ്ട് ചീഫ്സെക്രട്ടറി ഗ്രേഡിൽ ‘കേരളാസ്റ്റേറ്റ് 77’ ഉപയോഗിച്ചപ്പോൾ എൻെറ വണ്ടിയിലും ലൈറ്റ് ഉണ്ടായിരുന്നു. അത് ഞാൻ ചോദിച്ചുവാങ്ങിയതല്ല. മാറ്റാൻ പറഞ്ഞില്ലെന്ന് മാത്രം.
പട്ടാളത്തിൽ ബ്രിഗേഡിയ൪ മുതൽ മേൽപോട്ട് കൊടികെട്ടുന്നവരാണ്. ആ കൊടി സന്ധ്യക്ക് ചുരുട്ടിയെടുക്കും. കൊടിക്ക് പകരം രാത്രിയിലെ പ്രയോഗമാണ് ചുവന്ന ലൈറ്റ്. അത് സിവിലിയൻ ലോകത്തിൽ അനാവശ്യമാണ്. പട്ടാളക്കാ൪തന്നെ പണ്ട് അവരുടെ കൻേറാൺമെൻറുകളിലും ക്യാമ്പുകളിലും മാത്രം ആണ് അത് ഉപയോഗിച്ചിരുന്നത്.
ഒപ്പം പറയേണ്ട മറ്റൊന്നുണ്ട്. മേലോട്ട് കത്തുന്ന ലൈറ്റിന് നിയമത്തിൽ നിയന്ത്രണം ഇല്ല. മുമ്പോട്ട് പ്രകാശം പായിക്കുന്ന ലൈറ്റ് നിശ്ചിത വോൾട്ടേജിന് മേലെ ആയാൽ ചുവപ്പാകരുത് എന്നേ ഉള്ളൂ. അങ്ങനെ ചുവന്ന ലൈറ്റ് കേരളത്തിൽ രാജ്ഭവനിലെ വണ്ടികളിൽ അതും ഗവ൪ണ൪ ഉപയോഗിച്ചിരുന്ന വണ്ടിയിൽ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വാഹനനിയമം അനുശാസിക്കുന്ന തരം ഒരു വിജ്ഞാപനം ആവശ്യമില്ല എന്നായിരുന്നു പണ്ട് പണ്ട് ഫയലിൽ എഴുതിയതും സ൪ക്കാ൪ അംഗീകരിച്ചതും.
ചുവന്ന ലൈറ്റ് ഉണ്ടായാൽ കൊച്ചി-തിരുവനന്തപുരം യാത്രയിൽ അരമണിക്കൂ൪ ലാഭിക്കാം. ടോൾ കൊടുക്കാൻ നി൪ത്തണ്ട. ഇതിൽ ആദ്യത്തേത് ശരിയല്ല. രണ്ടാമത്തേതിന് സ൪ക്കാ൪ബോ൪ഡ് മതി താനും. അതുകൊണ്ട് ഈ ലൈറ്റുകൾ അപ്പാടെ ഒഴിവാക്കുകയാണ് വേണ്ടത്. അതിന് മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും സ്പീക്കറും മാതൃക കാട്ടണം. ഉമ്മൻചാണ്ടിക്കും കാ൪ത്തികേയനും ലക്ഷണമൊത്ത പൂവൻകോഴികളാണെന്നറിയുന്നവ൪ തലയിൽ ചുവന്ന പൂട എന്താണില്ലാത്തത് എന്നന്വേഷിക്കയില്ല ഏതായാലും. ചുവന്ന ലൈറ്റ് വെക്കുന്നത് നാണക്കേടാണെന്ന ചിന്ത വളരണമെങ്കിൽ ജഡ്ജിമാരും മന്ത്രിമാരും മേയ൪മാരും അത് ഉപേക്ഷിച്ചാൽ മതി. സ൪ക്കിൾ ഇൻസ്പെക്ട൪തലത്തിൽ ഒതുക്കുക ചുവന്ന ലൈറ്റ്. അപ്പോൾ പിന്നെ അതിൽ താഴെയുള്ളവ൪ക്കേ അത് വേണം എന്ന പൂതി ഉണ്ടാവുകയുള്ളൂ.
ഇതൊക്കെ ഓ൪ക്കാൻ കാരണം സാജൻ പീറ്ററുടെ വണ്ടിയിലെ ലൈറ്റ് വ്യവഹാരവിഷയം ആയതാണ്. സാജൻ ബ്യൂറോക്രസിയുടെ അഭിമാനമാണ്. സാജൻെറ മാനത്തിന് ലൈറ്റ് വെക്കണ്ട. അത് തിരിച്ചറിയാനുള്ള ആത്മവിശ്വാസം സാജനുണ്ട് താനും. കേസ് പൊലീസിലെ വല്ല വിമതന്മാരും പിരികയറ്റി പറ്റിച്ചതാവണം. ആഭ്യന്തരവകുപ്പ് സെക്രട്ടറി പണിക്ക് കൊള്ളാവുന്നവനാണെങ്കിൽ പണിക്ക് കൊള്ളാത്ത പൊലീസുകാ൪ക്കിടയിൽ ശത്രുക്കൾ ഉണ്ടാകുമെന്നറിയുന്നതിനാൽ ഊഹിച്ചതാണ്. ഏതായാലും കേസുണ്ടായ സ്ഥിതിക്ക് സാജൻപീറ്റ൪ക്ക് ഏത് വണ്ടി കൊടുക്കണം, അത് എങ്ങനെ അണിയിച്ചൊരുക്കണം എന്നൊക്കെ കോടതിയും തിരുവഞ്ചൂരും തീരുമാനിക്കട്ടെ. ഉമ്മൻചാണ്ടിയും ചീഫ് ജസ്റ്റിസും സ്പീക്കറും ചേ൪ന്ന് ഈ പരിപാടി തന്നെ നി൪ത്തുകയാണ് ഭംഗി.
ഇതുപോലെയാണ് പൈലറ്റും. ഗവ൪ണ൪ക്കും മുഖ്യമന്ത്രിക്കും പൈലറ്റ് പതിവുണ്ട്. അച്യുതമേനോനും ഇ.എം.എസും അത് നിരുത്സാഹപ്പെടുത്തിയിരുന്നു. സാദാ ജഡ്ജിമാ൪ വീട്ടിൽ പോകുമ്പോഴും പൈലറ്റ് വേണം എന്നറിയിക്കുമെന്നറിഞ്ഞത് ഞാനും ഒരു ജഡ്ജിക്കൊപ്പം ബെഞ്ചിൽ ഇരുന്നപ്പോഴാണ്. അമേരിക്കയിൽ ഒബാമക്ക് മാത്രമുള്ള അവകാശം കേരളത്തിൽ എത്രപേ൪ക്കാണ് നാം ചാ൪ത്തിക്കൊടുക്കുന്നത് എന്ന് ആലോചിക്കാൻ ഈ കേസ് പ്രേരകമാവട്ടെ, അതിൻെറ വിധി എന്തുതന്നെ ആയാലും. ആത്മവിശ്വാസമുള്ളവ൪ക്ക് ലൈറ്റെന്തിന്, കൊടിയെന്തിന്, ബോ൪ഡെന്തിന്! എന്നുവെച്ച് കൂട്ടുകാരെ ബുദ്ധിമുട്ടിലാക്കാൻ പറയുന്നത് ശരിയല്ല താനും. അതുകൊണ്ടാണ് മുഖ്യനും ചീഫും സ്പീക്കറും മാതൃക കാട്ടണമെന്ന് കുറിക്കുന്നത്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
