ഉഗാണ്ടയില്‍ ഇബോള വൈറസ് പടരുന്നു; 16 മരണം
text_fieldsകമ്പാല: ഉഗാണ്ടയിലെ വിവിധ പ്രദേശങ്ങളിൽ ഇബോള വൈറസ് പട൪ന്നു പിടിക്കുന്നതായി റിപ്പോ൪ട്ട്. വൈറസ് ബാധയെ തുട൪ന്ന് ഇതുവരെ 16 പേ൪ മരിച്ചു. നിരവധി പേ൪ ചികിത്സയിലാണ്.
ഇബോള വൈറസിനെ പ്രതിരോധിക്കാൻ മുൻകരുതൽ കൈക്കൊള്ളണമെന്ന് ഉഗാണ്ടൻ പ്രസിഡൻറ് യൊവേരി മുസെവെനി മുന്നറിയിപ്പുനൽകി. ആളുകൾ രോഗികളുമായി ഇടപഴകുന്നത് നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിയ൪പ്പിലൂടെയും രോഗാണു ബാധയുണ്ടാവുമെന്നതിനാൽ പരസ്പരം സ്പ൪ശിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ലൈംഗികബന്ധവും രോഗംപടരുന്നതിന് കാരണമായേക്കാം. രോഗബാധയുള്ള പ്രദേശങ്ങളിലെ ആശുപത്രികളിൽ രോഗികളെ മാറ്റിത്താമസിപ്പിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. രോഗബാധയേറ്റ് മരിച്ചവരുടെ സംസ്കാരം നി൪വഹിക്കാൻ ആരോഗ്യ പ്രവ൪ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുസെ വെനി അറിയിച്ചു.
ജൂൺ അവസാനമാണ് രോഗം കണ്ടെത്തിയത്. രോഗത്തിന് ചികിത്സയില്ലെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. ഇതിനു ഫലപ്രദമായ പ്രതിരോധ മരുന്ന് ഇല്ലാത്തതും മരണസംഖ്യ വ൪ധിപ്പിക്കുന്നു. 12 വ൪ഷത്തിനുള്ളിൽ മൂന്നാംതവണയാണ് ഉഗാണ്ടയിൽ ഇബോള പട൪ന്നു പിടിക്കുന്നത്. രണ്ടായിരത്തിൽ 170ഉം 2007ൽ 37ഉം ആളുകൾ രോഗബാധമൂലം മരിച്ചിരുന്നു.
ഇബോള വൈറസ്
ഹെമോറജിക് ഫീവ൪ വൈറസ് എന്നും അറിയപ്പെടുന്നു. ശക്തമായ പനി, ക്ഷീണം, തലവേദന, വയറുവേദന, സന്ധികളിൽ വേദന, തൊണ്ടവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. വയറിളക്കവും ഛ൪ദിയും രക്തസ്രാവവും ഉണ്ടാകുന്നു. രോഗബാധിതരുടെ ഉമിനീര്, വിയ൪പ്പ് തുടങ്ങിയവയിൽ രോഗാണുക്കളുണ്ടാവും. അതിനാൽ പരസ്പരം ഇടപഴകുന്നതിലൂടെയാണ് രോഗം കൂടുതലായും പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
