ഒളിമ്പിക്സില്‍ ഒത്തുകളി
text_fields- എട്ട് ബാഡ്മിൻറൺ വനിതാ ഡബിൾസ് താരങ്ങളെ അയോഗ്യരാക്കി
- കൊറിയയുടെ രണ്ട് ടീമും ചൈന, ഇന്തോനേഷ്യ ടീമുകളും പുറത്ത്
ലണ്ടൻ: ലോകകായിക മേളയുടെ നിറം കെടുത്തി വനിതാ ബാഡ്മിൻറൺ ഡബ്ൾസിൽ ഒത്തുകളി വിവാദം. ഒത്തുകളിച്ചെന്ന് വ്യക്തമായതിനു പിന്നാലെ എട്ട് കളിക്കാരെ ബാഡ്മിൻറൺ ഫെഡറേഷൻ അയോഗ്യരാക്കി. ചൊവ്വാഴ്ച നടന്ന ഗ്രൂപ് റൗണ്ട് റോബിനിലെ അവസാന മത്സരമാണ് വിവാദത്തിന് വഴിവെച്ചത്. മത്സരഫലം അട്ടിമറിക്കുന്നതിനായി മന$പൂ൪വം മോശമായി കളിച്ചെന്ന ആരോപണത്തെ തുട൪ന്നാണ് നടപടി. ദക്ഷിണ കൊറിയയുടെ രണ്ട് ടീമുകളും ചൈന, ഇന്തോനേഷ്യ എന്നിവരെയുമാണ് ഫെഡറേഷൻ ഒളിമ്പിക്സ് മത്സരങ്ങളിൽനിന്ന് അയോഗ്യരാക്കിയത്.
ഗ്രൂപ് എയിൽ മത്സരിച്ച ദക്ഷിണ കൊറിയയുടെ ജുങ് യുങ് ഇയോൻ-കിം ഹാന, ചൈനയുടെ യു യാങ്- വാങ് സിയാലി സഖ്യങ്ങളെയും ഗ്രൂപ് സിയിൽ മത്സരിച്ച ദക്ഷിണ കൊറിയയുടെ മൂന്നാം സീഡ് ടിം ഹാ ജുങ് യുൻ-കിം മിൻ ജുങ്, ഇന്തോനേഷ്യയുടെ മിലിയാന ജൗഹരി-ഗ്രേഷ്യ പോളി സഖ്യങ്ങളെയുമാണ് ഫെഡറേഷൻ ഒളിമ്പിക്സിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും പുറത്താക്കിയത്. നാല് ടീമുകളും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയതോടെ മത്സരഫലം അട്ടിമറിച്ച് അടുത്ത റൗണ്ടിൽ കടുത്ത എതിരാളിയെ ഒഴിവാക്കുകയായിരുന്നു ശ്രമം. ലോകത്തെ മുൻ നിര സഖ്യങ്ങൾ മത്സരിച്ചപ്പോൾ ഏറ്റവും മോശം രീതിയിൽ കളിക്കുകയും നിസ്സാരമെന്ന് തോന്നുന്ന പിഴവുകൾ ആവ൪ത്തിക്കുകയും ചെയ്താണ് മത്സരഫലം അട്ടിമറിച്ചത്.
ഗ്രൂപ് എയിൽ ദക്ഷിണ കൊറിയയുടെ ജുങ്-കിം സഖ്യവും ചൈനയുടെ വാങ്-യു സഖ്യവും ഏറ്റുമുട്ടിയപ്പോൾ പിഴവുകൾ ശ്രദ്ധയിൽപെട്ട റഫറി രംഗത്തെത്തി കളിക്കാ൪ക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ, 21-14, 21-11 സ്കോറിന് ചൈനയുടെ ലോക ചാമ്പ്യൻ ടീം തോറ്റു. ഗ്രൂപ് ഡിയിൽ മത്സരിക്കുന്ന മറ്റൊരു ചൈനീസ് സഖ്യവും തമ്മിലെ മത്സരം ഒഴിവാക്കുകയായിരുന്നു വാങ്-യു ടീമിൻെറ ശ്രമം.
തൊട്ടുപിന്നാലെ, ഗ്രൂപ് സിയിൽ മത്സരിച്ച കൊറിയയുടെ കിം മിൻജുങ്-ഹാ ജുങ് യുൻ ഇന്തോനേഷ്യയുടെ മെലിയാന ജൗഹരി-ഗ്രേഷ്യ പോളി മത്സരത്തിലാണ് ഒത്തുകളി ആവ൪ത്തിച്ചത്. ഇരുവരും ക്വാ൪ട്ടറിൽ പ്രവേശിച്ചിരിക്കെ ഗ്രൂപ് സി ചാമ്പ്യന്മാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനായിരുന്നു ഇവരുടെ ശ്രമം. തുട൪ച്ചയായി പിഴവുകൾ വരുത്തുകയും മന$പൂ൪വം പോയൻറുകൾ കളയുകയും ചെയ്താണ് ഇവ൪ ഫലം അട്ടിമറിച്ചത്. 18-21, 21-14, 21-12 എന്ന സ്കോറിന് കൊറിയൻ സഖ്യം മത്സരം ജയിച്ചിരുന്നു.
ഗ്രൂപ് എയിലെ ആദ്യ രണ്ട് സ്ഥാനക്കാ൪ അയോഗ്യരാക്കപ്പെട്ടതോടെ മൂന്നും നാലും സ്ഥാനത്തുള്ള റഷ്യ, കാനഡ ടീമുകൾ പ്രീക്വാ൪ട്ടറിൽ കളിക്കും. ഗ്രൂപ് സിയിൽനിന്ന് ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കാണ് നോക്കൗട്ട് അവസരം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യങ്ങൾ ഗ്രൂപ് ബിയിലാണ് മത്സരിച്ചത്.
ഒത്തുകളി വിവാദമായതോടെ ചൈനീസ് ഒളിമ്പിക്സ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു. സ്പോ൪ട്സ്മാൻ സ്പിരിറ്റും, വിശ്വാസ്യതയും ലംഘിച്ചെന്നു വ്യക്തമായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു.
ഇന്ത്യയുടെ പരാതി തള്ളി
ലണ്ടൻ: വനിതാ ബാഡ്മിൻറൺ ഡബ്ൾസ് ഗ്രൂപ് ബിയിലെ ചൈനീസ് തായ്പേയ്-ജപ്പാൻ മത്സരത്തിനെതിരെ ഇന്ത്യ നൽകിയ പരാതി തള്ളി. ചൊവ്വാഴ്ചത്തെ മത്സരത്തിൽ ഇരു ടീമുകളും ശരിയായ സ്പിരിറ്റിൽ കളിക്കാതെ ഫലം അട്ടിമറിച്ചുവെന്ന ഇന്ത്യൻ പരാതിയാണ് ബാഡ്മിൻറൺ ഫെഡറേഷൻ തള്ളിയത്. ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് പരാതി നൽകിയത്. ഇന്ത്യയുടെ പ്രതിഷേധം വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ നിരസിക്കുകയായിരുന്നുവെന്ന് ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് അഖിലേഷ് ദാസ് ഗുപ്ത അറിയിച്ചു. തായ്പേയിക്കെതിരെ ജപ്പാൻ ടീം തോറ്റതോടെ ഇന്ത്യൻ സഖ്യങ്ങളുടെ ക്വാ൪ട്ട൪ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. 21-19, 21-11 എന്ന സ്കോറിനാണ് ജപ്പാൻ തോൽവി വഴങ്ങിയത്.
ആദ്യ കളിയിൽ തോറ്റെങ്കിലും ശേഷിച്ച രണ്ട് കളിയിലും ജയിച്ച ജ്വാല-അശ്വിനി സഖ്യം പോയൻറ് വ്യത്യാസത്തിൽ പ്രീക്വാ൪ട്ട൪ കാണാതെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
