യുവാവിനെ ആക്രമിച്ച സംഭവം: പൊലീസ് ചീഫ് തെളിവെടുത്തു
text_fieldsപനമരം: വരിക്കോളി നാസറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജില്ലാ പൊലീസ് ചീഫ് എ.വി. ജോ൪ജ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് മീനങ്ങാടി സി.ഐ വി.ജെ. പൗലോസിനോടൊപ്പം നാസറിൻെറ വീട്ടിലും സംഭവം നടന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തിയത്. 2011 ഒക്ടോബ൪ 28നാണ് ബൈക്കിൽ വന്ന നാസറിനെ പനമരം ആര്യന്നൂ൪ നടയിൽവെച്ച് ഒരു സംഘം ആക്രമിച്ചത്. പൊലീസടക്കം സംഭവം വാഹനാപകടമാണെന്നാണ് പറഞ്ഞത്. എന്നാൽ, പനമരത്തേക്ക് വരവെ നാലംഗ സംഘം നാസറിനെ തടഞ്ഞു നി൪ത്തി കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കേബ്ൾ ശരീരത്തിൽ മുറുക്കി റോഡിലൂടെ വലിച്ചിഴച്ച് വധിക്കാൻ ശ്രമിച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു.
ഒമ്പത് മാസത്തോളം കോഴിക്കോട് മിംസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന നാസറിന് കഴിഞ്ഞ ദിവസം ബോധം തിരിച്ചുകിട്ടിയിരുന്നു. തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് നാസറും വെളിപ്പെടുത്തി. ഇതോടെ ബന്ധുക്കൾ പരാതിയുമായി എസ്.പിക്കുമുന്നിൽ എത്തുകയായിരുന്നു.
ഒരു വാഹനവും തൻെറമേൽ ഇടിച്ചിട്ടില്ലെന്നും ഷാജഹാൻ എന്ന പൊലീസുകാരനും മറ്റും ചേ൪ന്ന് ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും നാസ൪ ജില്ലാ പൊലീസ് ചീഫിന് മൊഴി നൽകി. സംഭവം അപകടമാണെന്ന് കൽപറ്റ ഡിവൈ.എസ്.പിയും പനമരം എസ്.ഐയും വരുത്തിത്തീ൪ക്കുകയാണെന്നും ഇവ൪ക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും നാസറിൻെറ ഭാര്യ സെമീറ പറഞ്ഞു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ക൪മസമിതി രൂപവത്കരിച്ച് രംഗത്തുവന്നിരുന്നു. ദിവസങ്ങൾക്കു മുമ്പ് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
