മയക്കുമരുന്ന് കടത്ത്: ഏഷ്യക്കാരന് വധശിക്ഷ
text_fieldsഅബൂദബി: യു.എ.ഇയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ഏഷ്യക്കാരന് വധശിക്ഷ. അബൂദബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
അബൂദബി വിമാനത്താവളത്തിലൂടെ 103 ഹെറോയിൻ ഗുളികകൾ കടത്താൻ ശ്രമിച്ച കേസിലാണ് വിധി. തൻെറ രാജ്യത്തുവെച്ച് 103 ഗുളികകൾ വിഴുങ്ങിയാണ് പ്രതി വിമാനത്തിൽ കയറിയത്. അബൂദബി വിമാനത്താവളത്തിൽ എത്തിയ ഇയാളെ കണ്ടപ്പോൾ സുരക്ഷാ വിഭാഗത്തിന് സംശയം തോന്നി. തുട൪ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ, ഇയാൾ ഇക്കാര്യം നിഷേധിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വയറ്റിൽ ഗുളികകൾ കണ്ടത്. തുട൪ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടി ആരംഭിക്കുകയായിരുന്നു.
താൻ വിഴുങ്ങിയ ഗുളികകളുടെ അകത്ത് മയക്കുമരുന്നാണെന്ന് അറിയില്ലെന്നാണ് പ്രതി വിചാരണക്കിടെ പറഞ്ഞത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ല തൻെറ കക്ഷി ഇങ്ങനെ ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിക്കുകയും ചെയ്തു. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഒരു ഏഷ്യക്കാരനെ നാല് വ൪ഷം തടവിനും അതിനുശേഷം നാടുകടത്താനും ഇതേ കോടതി ശിക്ഷിച്ചു. മറ്റൊരു സംഭവത്തിൽ, ഏഷ്യക്കാരന് അഞ്ച് വ൪ഷം തടവ് ശിക്ഷ ലഭിച്ചു. കവ൪ച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാളെ അഞ്ച് വ൪ഷം തടവിനും അതിനുശേഷം നാടുകടത്താനും വിധിച്ചത്.
ദുബൈയിൽനിന്ന് അബൂദബിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടു പാകിസ്താൻകാരുടെ വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ദുബൈ മാളിൽ കണ്ടുമുട്ടിയ ഒരാൾ തങ്ങളുടെ കൈയിൽ ചില പെട്ടികൾ ഏൽപിച്ച ശേഷം അത് അബൂദബിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടതാണെന്നും അതിൽ മയക്കുമരുന്നാണെന്ന് അറിയില്ലെന്നുമാണ് പ്രതികൾ വിചാരണക്കിടെ പറഞ്ഞത്. ഈ കേസ് ആഗസ്റ്റ് ആറിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
