ജെ. ഡേ വധം;സംശയം വീണ്ടും പൊലീസ് ഉന്നതനിലേക്ക്
text_fieldsമുംബൈ: പ്രമുഖ ക്രൈംറിപ്പോ൪ട്ട൪ ജെ. ഡേ എന്ന ജ്യോതി൪മയി ഡേയുടെ കൊലപാതകത്തിനു പിന്നിലെ കരങ്ങൾ മുംബൈ പൊലീസിലെ ‘ഉന്നത’ൻെറതാണെന്ന സംശയം വീണ്ടും ബലപ്പെടുന്നു.
ജെ. ഡേ കൊലക്കേസിൽ അറസ്റ്റിലായ പത്രപ്രവ൪ത്തക ജിഗ്നാ വോറക്ക് പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മോക്ക ) കോടതി ജാമ്യം നൽകിയതോടെയാണ് സംശയപ്പട്ടികയിൽ മുംബൈ പൊലീസ് വീണ്ടും ഇടംനേടുന്നത്. ജിഗ്നക്കെതിരെ ചുമത്തിയ കുറ്റങ്ങൾക്കു തെളിവു സമ൪പ്പിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയാണ് വെള്ളിയാഴ്ച കോടതി ജാമ്യം അനുവദിച്ചത്്.
പത്രപ്രവ൪ത്തകയെ അറസ്റ്റു ചെയ്ത് തൊഴിൽ പരമായ പോരാണ് കൊലപാതകത്തിനു വഴിവെച്ചതെന്ന പൊലീസ് സിദ്ധാന്തമാണ് ഇതോടെ തകരുന്നത്. മുംബൈ പൊലീസിലെ ‘ഉന്നത’ൻെറ അധോലോക ബന്ധവും ക്രിക്കറ്റ് മത്സരങ്ങളുടെ വാതുവെപ്പ് വിവരങ്ങളും ജെ. ഡേക്കു ലഭിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന സംശയമാണ് വീണ്ടും സജീവമാകുന്നത്.
അധോലോക നേതാവ് ഛോട്ടാ രാജനാണ് ജെ. ഡേയെ കൊല്ലാൻ തൻെറ ആളുകൾക്കു നി൪ദേശം നൽകിയത്. ജെ. ഡേ തന്നെ മോശമായി ചിത്രീകരിച്ചു റിപ്പോ൪ട്ടുകൾ എഴുതിയെന്നും ജെ. ഡേക്കെതിരെ ജിഗ്ന തന്നിൽ വിദ്വേഷം വള൪ത്തിയെന്നും രാജൻ ഫോണിൽ വിളിച്ചു പറഞ്ഞതായുള്ള ചില ക്രൈം റിപ്പോ൪ട്ട൪മാരുടെയും ഒരു അധോലോകക്കാരൻെറയും മൊഴിക്കപ്പുറം ജിഗ്നക്കെതിരെ തെളിവു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. ജെ. ഡേയുടെ മേൽവിലാസവും ബൈക്കിൻെറ നമ്പറും നൽകിയതും ജിഗ്നയാണെന്നും രാജൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, വേണ്ടത്ര തെളിവുകൾ കണ്ടെത്താൻ പൊലീസിനും ഫോറൻസിക് വിദഗ്ദധ൪ക്കും കഴിഞ്ഞില്ല. എട്ടു മാസത്തെ ജയിൽ വാസത്തിനു ശേഷമാണ് ജിഗ്നക്കു ജാമ്യം ലഭിക്കുന്നത്.
ജെ. ഡേയുടെ കൊലപാതകത്തിനു ഉത്തരവാദി ആരെന്ന ചോദ്യവുമായി മുംബൈ പ്രസ്ക്ളബ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിറക്കി.
പത്രപ്രവ൪ത്തകരുടെ വായടക്കാനാണ് ജിഗ്നയെ പ്രതിചേ൪ത്തു അറസ്റ്റുചെയ്തതെന്നു പ്രസ്ക്ളബ് ആരോപിച്ചു. വെള്ളിയാഴ്ച ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ പൂ൪ത്തിയാകാത്തതിനെ തുട൪ന്നു ജിഗ്ന ഇതുവരെ ജയിൽ മോചിതയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
