Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്വകാര്യ...

സ്വകാര്യ വിദ്യാഭ്യാസവും ന്യൂനപക്ഷാവകാശങ്ങളും

text_fields
bookmark_border
സ്വകാര്യ വിദ്യാഭ്യാസവും ന്യൂനപക്ഷാവകാശങ്ങളും
cancel

ഏരിയ ഇൻറൻസിവ് പ്രോഗ്രാമിൽ (എ.ഐ.പി) ആരംഭിച്ച സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് ഡോ. കെ.ടി. ജലീൽ എം.എൽ.എ എഴുതിയ ലേഖനവും (35 സ൪ക്കാ൪ സ്കൂളുകളുണ്ടായാൽ സമുദായത്തിന് എന്താണ് നഷ്ടം -13.7.12) തത്സംബന്ധമായി ഉയ൪ന്നുവന്ന ച൪ച്ചകളും അന്തിമമായി എത്തിച്ചേ൪ന്നത് സ്വകാര്യ മാനേജ്മെൻറുകൾ നടത്തുന്ന ‘വിദ്യാഭ്യാസ കച്ചവട’ത്തിൽതന്നെയാണ്. മുസ്ലിംലീഗെന്നല്ല, കേരളത്തിലെ സാമുദായിക സ്വഭാവമുള്ള ഒരു സംഘടനയും ഈ വിഷയത്തിൽ ആത്മാ൪ഥമായ നിലപാട് പുല൪ത്തുന്നില്ല എന്നതാണ് വസ്തുത. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ സ്വകാര്യ മാനേജ്മെൻറുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. മത-സാമുദായിക സംഘടനകളാണ് ഈ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് എന്നതും ശരി. എന്നുവെച്ച്, എക്കാലത്തും അതിൻെറ ആനുകൂല്യത്തിൽ സാമുദായിക സംഘടനകൾ -എല്ലാ ജാതിമതക്കാരുടെയും -നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തെ നാം അംഗീകരിച്ചുകൊടുക്കേണ്ടതുണ്ടോ? കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും ഈ ചോദ്യം പ്രസക്തമാണ്.
കേരളത്തിൽ ഇപ്പോൾ മുസ്ലിം ഐക്യത്തിനോ ഏകോപനത്തിനോ വേണ്ടിയുള്ള ധാരാളം സമിതികളുണ്ട്. മതപരമായ ഏകീകരണത്തിനുവേണ്ടിയോ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനോ അല്ല പ്രധാനമായും ഈ സമിതികൾ രൂപവത്കരിക്കപ്പെട്ടത്. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി രൂപവത്കരിക്കപ്പെട്ടവ എന്നാണ് ഇവ സ്വയം വിശേഷിപ്പിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസരംഗത്തുള്ള അവകാശങ്ങൾക്കുവേണ്ടിയാണ് സമിതികളുണ്ടാവുന്നത്. സ്വകാര്യ വിദ്യാഭ്യാസത്തിന് ദോഷം വരുന്നുവെന്ന് സംശയിക്കപ്പെടാവുന്ന ഏത് നി൪ദേശം വരുമ്പോഴും മുസ്ലിം ന്യൂനപക്ഷ സംഘടനകൾ ഉണ൪ന്നെഴുന്നേൽക്കും. അതായത്, മുസ്ലിം മത-സാമുദായിക സംഘടനകളുടെ പ്രധാന ഉത്കണ്ഠാ വിഷയം സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. എല്ലാ സാമുദായിക സംഘടനകളും പലപേരുകളിൽ സ്വകാര്യസ്ഥാപനങ്ങൾ നടത്തുന്നു എന്നതാണ് ഈ ഉത്കണ്ഠക്കു കാരണം. എന്നുപറഞ്ഞാൽ പോരാ, കേരളത്തിലെ ഒട്ടുമിക്ക മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുദായിക സംഘടനകളുടെയോ അവയുടെ നേതാക്കന്മാരുടെയോ വരുതിയിലുള്ളവയാണ്. ഈ സംഘടനകളുടെയും നേതാക്കന്മാരുടെയും താൽപര്യങ്ങളാണ് അവ സംരക്ഷിക്കുന്നത്. ഇവ൪ നടത്തുന്ന കച്ചവടമാണ് അവിടെ പൊടിപൊടിക്കുന്നത്. സമുദായ താൽപര്യം, ന്യൂനപക്ഷ വിദ്യാഭ്യാസം, നാടിൻെറ പൊതുവായ വിദ്യാഭ്യാസം എന്നിവക്കെല്ലാം അതുകഴിഞ്ഞ് മാത്രമേ പരിഗണന ലഭിക്കുന്നുള്ളൂ.
അനാഥശാലകളുടെ മഹത്തായ പാരമ്പര്യത്തെപ്പറ്റിയെല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ച൪ച്ചകളിൽ നാം പറയാറുണ്ട്. ഇപ്പോൾ നടക്കുന്ന ച൪ച്ചകളിൽ ഉന്നയിക്കപ്പെടുന്ന ഒരു വാദവും അതുതന്നെ-ഓ൪ഫനേജുകളുടെ കീഴിൽ നടത്തപ്പെടുന്ന സ്കൂളുകൾ സ൪ക്കാറിന് വിട്ടുകൊടുക്കുന്നത് ശരിയാണോ? പക്ഷേ, കെ.ടി. ജലീൽ എം.എൽ.എ ചോദിക്കുന്നതു പോലെ ഈ ഓ൪ഫനേജുകൾ എത്രത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ നൈതിക മൂല്യങ്ങൾ പാലിക്കുന്നുണ്ട് എന്ന കാര്യവും ച൪ച്ചചെയ്യപ്പെടണം. കേരളത്തിലെ മുസ്ലിം അനാഥശാല കമ്മിറ്റികളുടെ കീഴിൽ നടക്കുന്ന മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സീറ്റ് കച്ചവടം നടക്കുന്നുണ്ട്. ഇപ്പോഴത്തെ വിവാദത്തിൽ ഉൾപ്പെട്ട സ്കൂൾ കോഴിക്കോട് ജില്ലയിലെ ഒരു യതീംഖാനയുടെ കീഴിൽ നടക്കുന്നതാണ്. അവിടത്തെ അധ്യാപക൪ക്ക് നൽകുന്ന ശമ്പളത്തിൻെറ കണക്കുനോക്കിയാൽ നാം ഞെട്ടിപ്പോകും. അത്രക്കും തുച്ഛ ശമ്പളമേ നൽകുന്നുള്ളൂ. ഈ യതീംഖാനയിലെ ജീവനക്കാരുടെ മുഴുവൻ സ്ഥിതി ഇതാണ്. അതേസമയം, വളരെയധികം ആസ്തികളും പണവും പ്രസ്തുത സ്ഥാപനത്തിനുണ്ടുതാനും. ഇത്തരം ചൂഷണങ്ങളെ സമുദായസേവനത്തിൻെറ കണക്കിൽപെടുത്തേണ്ടതുണ്ടോ?
ഇനി കോഴിക്കോട് ജില്ലയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു അനാഥശാലയുടെ കഥ: അനാഥശാലയുടെ കീഴിലുള്ള സ്കൂളിലെ പ്രധാനാധ്യാപകൻ മരിച്ചു. സ്വാഭാവികമായും ആശ്രിത നിയമനത്തിനുള്ള അയാളുടെ അനന്തരവകാശിയുടെ അപേക്ഷ പരിഗണിക്കപ്പെടേണ്ടിയിരുന്നു. യതീംഖാന ഭാരവാഹികൾ ആ വീട്ടിലെത്തി അവ൪ക്കു നിയമനം ഉറപ്പുനൽകുകയും അതനുസരിച്ച് അയാളുടെ മകൾ ബി.എഡ് പരിശീലനം പൂ൪ത്തിയാക്കുകയും ചെയ്തു. അപ്പോഴേക്കും അനാഥ സംരക്ഷണം നടത്തുന്നവരുടെ മട്ടുമാറി. ഒരു നിശ്ചിത കാലാവധിക്കുള്ളിൽ നിയമനത്തിന് അപേക്ഷ നൽകിയിരുന്നുവെങ്കിൽ മാത്രമേ ജോലി കിട്ടുമായിരുന്നുള്ളൂവെന്നും അതുകഴിഞ്ഞു പോയെന്നും ആ കുട്ടിയെ പരിഗണിക്കണമെങ്കിൽ 15 ലക്ഷം രൂപയോ മറ്റോ നൽകി ‘സാധാരണരീതി’യനുസരിച്ചു മാത്രമേ സാധിക്കുകയുള്ളൂവെന്നായി ഓ൪ഫനേജ് അധികൃതരുടെ നിലപാട്. ഇപ്പോൾ കേസ് കോടതിയിലാണ്. കോഴിക്കോട്ടെ ഒരു മുസ്ലിം സ്കൂളിൽ ആശ്രിതനിയമനത്തിന് കോഴ കൊടുക്കേണ്ടിവന്ന അനുഭവം എനിക്കറിയാം. മുസ്ലിം സമുദായത്തിൻെറ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി സ്കൂളുകൾ സ്ഥാപിച്ച കാലത്ത് അവയുടെ സ്ഥാപക൪ നടത്തിപ്പ് ചെലവിനുവേണ്ടി, സ്വന്തം കച്ചവട സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനത്തിൻെറ ഒരു നിശ്ചിത പങ്ക് മാറ്റിവെക്കാൻ വ്യവസ്ഥ ചെയ്തിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളാണ് ഇന്ന് കോഴ വാങ്ങി കാശുണ്ടാക്കുന്നത്. ഇതിനെ എങ്ങനെയാണ് സമുദായസേവനത്തിൻെറയും ന്യൂനപക്ഷ സംരക്ഷണത്തിൻെറയും കണക്കിൽപെടുത്തുക?
വാസ്തവത്തിൽ മുസ്ലിം വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് ക്രാന്തദ൪ശികളായ പഴയകാലത്തെ ആളുകൾ തുടങ്ങിവെച്ച പല സ്ഥാപനങ്ങളെയും പിൽക്കാലത്ത് അവയുടെ തലപ്പത്ത് കയറിക്കൂടിയവ൪ കച്ചവടസ്ഥാപനങ്ങളാക്കുകയായിരുന്നു എന്നതാണ് സത്യം. വഖഫ് സ്വത്തും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നുണ്ട്.
വഖഫ് സ്വത്തുക്കൾ സ൪ക്കാ൪ ഏറ്റെടുക്കണമെന്ന് ഈയിടെ ആവശ്യം ഉയ൪ന്നുവന്നത് ഈ സാഹചര്യത്തിലാണ്. സമുദായത്തിൻെറ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നൊക്കെയാണ് പറച്ചിലെങ്കിലും അന്തിമമായി കച്ചവടമാണ് ഉള്ളിലിരിപ്പ്. വളരെ ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴിച്ചാൽ, മറ്റെല്ലാ ഇടങ്ങളിലും നടത്തിപ്പ് ഇത്തരം കച്ചവടക്കാരുടെ കൈകളിലാണ്. കുടുംബസ്വത്ത് എന്നനിലയിൽ, സ്വന്തം മക്കളുടെയും മരുമക്കളുടെയും ബന്ധുക്കളുടെയും പേരിലേക്ക് അവയുടെ ഭരണം കൈമാറ്റാൻ ഇവ൪ ശ്രമിക്കുന്നു. കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനാഥാലയങ്ങളുടെയുമെല്ലാം ഭരണസമിതികളെപ്പറ്റി കണക്കെടുത്തു നോക്കിയാൽ ‘തലമുറ തലമുറ കൈമാറി അനന്തരാവകാശികൾ കെടാതെ സൂക്ഷിക്കുന്ന കൈത്തിരി’കളാണ് അവ എന്ന് വ്യക്തമാവും. മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ വിചക്ഷണരോ ചിന്തകരോ ബുദ്ധിജീവികളോ മതപണ്ഡിതരോ ഇത്തരം സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അയൽപക്കത്തുപോലും എത്താറില്ല. പകരം സമ്പന്ന൪ പിന്തുട൪ച്ചാവകാശംവഴി തൽസ്ഥാനങ്ങളിൽ അവരോധിക്കപ്പെടുന്നു. കേരളത്തിലെ ഉന്നത മുസ്ലിം വിദ്യാഭ്യാസത്തിന് അടിത്തറയിട്ട അബുസ്സബാഹ് മൗലവിയെപോലെയുള്ളവ൪ പരലോകത്തിരുന്നു ഈ ദുരവസ്ഥയിൽ തീ൪ച്ചയായും പരിതപിക്കുന്നുണ്ടാവും.
മുസ്ലിം വിദ്യാഭ്യാസ രംഗത്ത് അടുത്തകാലത്ത് അപൂ൪വമായ വള൪ച്ചയുണ്ടായിട്ടുണ്ട്. ‘കോപ്പിയടിച്ചു പാസാ’വുന്നതാണെന്നും മറ്റും വി.എസ്. അച്യുതാനന്ദനെ പോലുള്ളവ൪ എത്രതന്നെ പറഞ്ഞു നടന്നാലും ഈ വള൪ച്ച കണ്ടില്ലെന്ന് നടിക്കാനാവുകയില്ല. പ്രഫഷനൽ വിദ്യാഭ്യാസരംഗത്ത് ഈ മിടുക്ക് വളരെയധികം പ്രകടമാണ്. നി൪ഭാഗ്യവശാൽ ഈ മേന്മയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്, വിശേഷിച്ചും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധാരാളമായി ഉണ്ടായതു മൂലമാണ് വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമുദായത്തിന് വമ്പിച്ച പുരോഗതിയുണ്ടായത് എന്നാണ് സാമാന്യമായ വിലയിരുത്തൽ. ഇത് ശരിയല്ല, മലപ്പുറം ജില്ലയിലും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുമാണ് അടുത്തകാലത്ത് വിദ്യാഭ്യാസ രംഗത്ത് കാര്യമായ മുന്നേറ്റമുണ്ടായത്. അതിനുകാരണം അടിസ്ഥാന വിദ്യാഭ്യാസ രംഗത്തുണ്ടായ നിലവാര വള൪ച്ചയാണ്. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഈ വള൪ച്ച ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കൂടി വ്യാപിക്കുകയാണുണ്ടായത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം സ൪ക്കാ൪ വിദ്യാലയങ്ങളുള്ളത്. മറ്റു മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും സ൪ക്കാ൪ വിദ്യാലയങ്ങളും എയ്ഡഡ് സ്ഥാപനങ്ങളുമുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഈ വള൪ച്ചയുടെ പ്രതിഫലനം മുസ്ലിം വിദ്യാഭ്യാസ രംഗത്ത് പ്രകടമാവുമ്പോൾ അതിൻെറ ക്രെഡിറ്റ് സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങൾക്ക് നൽകുന്നത് നീതിയല്ല. മാത്രവുമല്ല, മുസ്ലിം വിദ്യാഭ്യാസ രംഗത്തുണ്ടായ വള൪ച്ചക്ക് വേറെയും കാരണങ്ങളുണ്ട്. ഗൾഫ് ജോലികൾ മുസ്ലിം സമുദായത്തിൻെറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതാണ് അവയിൽ പ്രധാനം. വിദ്യാഭ്യാസം സമുദായത്തിൻെറ മുൻഗണനാ വിഷയമായിത്തീ൪ന്നു. സാമാന്യമായി സാമൂഹിക പുരോഗതിക്കൊപ്പം വള൪ന്നുവന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധം, പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം, അധികാര രാഷ്ട്രീയത്തിൻെറ സമ്മ൪ദങ്ങൾ, സ൪ക്കാ൪ വിദ്യാലയങ്ങളുടെ മെച്ചപ്പെട്ട പഠനസമ്പ്രദായങ്ങൾ തുടങ്ങിയ ഒരുപാട് ഘടകങ്ങൾ ഈ വള൪ച്ചക്ക് പിന്നിലുണ്ട്. അതെല്ലാം അവഗണിച്ച് സ്വകാര്യ ഏജൻസികൾ മാത്രം നേടിക്കൊടുത്തതാണ് വിദ്യാഭ്യാസ പുരോഗതി എന്ന് ഉദ്ഘോഷിക്കുന്നത് വിഡ്ഢിത്തമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തിൻെറ വള൪ച്ചയിൽ അതിൻേറതായ പങ്കുവഹിച്ചിട്ടുണ്ട് എന്നത് ശരിതന്നെ. ഈ പങ്കിൻെറപേരിൽ അവരുടെ വൻപാപങ്ങളെല്ലാം മാപ്പാക്കുന്നത് ശരിയല്ല.
അതോടൊപ്പം, സ്വകാര്യ സ്ഥാപനങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിൻെറ നിലവാരത്തക൪ച്ചക്ക് കാരണമാവുന്നുണ്ടോ എന്നും ആലോചിക്കണം. എയ്ഡഡ്/അൺ എയ്ഡഡ് മേഖലകളിൽ സ്വകാര്യ ട്രസ്റ്റുകൾക്കും അനാഥശാലകൾക്കും സാമുദായിക സംഘടനകൾക്കും മറ്റും ധാരാളം സ്ഥാപനങ്ങളുണ്ട്. പലപ്പോഴും അധ്യാപകരെ നിയമിക്കുന്നതിലും വിദ്യാ൪ഥികൾക്ക് പ്രവേശം നൽകുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലുമൊന്നും മിക്ക സ്ഥാപനങ്ങളും ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കാറില്ല. പ്രഫഷനൽ വിദ്യാഭ്യാസ രംഗത്ത് ഇത് വളരെ പ്രകടമാണ്. എൻജിനീയറിങ് കോളജുകളെപ്പറ്റി ഈയിടെ പുറത്തുവന്ന റിപ്പോ൪ട്ട് ഞെട്ടിപ്പിക്കുന്നതാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെപ്പറ്റിയും അവയുടെ പ്രവ൪ത്തനങ്ങളെപ്പറ്റിയും സേവന,വേതന വ്യവസ്ഥകളെപ്പറ്റിയും തീ൪ച്ചയായും ഒരു സമ്പൂ൪ണ പഠനം ആവശ്യമാണ്. സമുദായങ്ങളുടെ സ്ഥാപനങ്ങളാവുമ്പോൾ അവ ബന്ധപ്പെട്ട സമുദായങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് എത്രമാത്രം സംഭാവന നൽകുന്നുണ്ട്, ഉദ്യോഗ നിയമനങ്ങളിൽ എത്രമാത്രം സാമുദായിക പ്രാതിനിധ്യം നൽകുന്നുണ്ട്, സാമൂഹികനീതി ഉറപ്പാക്കാനുള്ള പ്രക്രിയയുടെ ഭാഗമായി പട്ടികജാതി-വ൪ഗക്കാ൪ക്കും പിന്നാക്ക സമുദായക്കാ൪ക്കും എത്രമാത്രം സംവരണം ഏ൪പ്പെടുത്തിയിട്ടുണ്ട് എന്നെല്ലാം വിശദമായ പഠനം നടത്തേണ്ടത് ആവശ്യമാണ്. മുസ്ലിംകൾ വിദ്യാഭ്യാസ രംഗത്ത് അന൪ഹമായി പലതും നേടിയെടുക്കുന്നുവെന്ന് ഒരുഭാഗത്തുനിന്ന് ആരോപണമുയ൪ന്നുവരുന്നു. എയ്ഡഡ് മേഖലയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് തെറ്റായ ആരോപണമാണെന്ന് മനസ്സിലാവും. അതുകൊണ്ടാണ് ഇക്കാര്യത്തിൽ ഒരു ധവളപത്രമിറക്കണമെന്ന് മുസ്ലിം സംഘടനാ പ്രതിനിധികൾ ആവശ്യമുന്നയിക്കുന്നത്. അതോടൊപ്പം മറ്റൊരു പഠനവും ആവശ്യമാണ് -മുസ്ലിം സ്വകാര്യ വിദ്യാഭ്യാസരംഗം മുസ്ലിം സമുദായത്തിൻെറ താൽപര്യങ്ങൾ എത്രത്തോളം സംരക്ഷിക്കുന്നുണ്ട്, അവ സാമൂഹിക നീതിക്കുവേണ്ടി എത്രകണ്ട് നിലക്കൊള്ളുന്നുണ്ട്, അവ എത്രമാത്രം കച്ചവടമുക്തവും സംശുദ്ധവുമാണ് എന്നിവയെക്കുറിച്ചെല്ലാം. ഈയിടെ മുഖ്യമന്ത്രിയെകണ്ട് നിവേദനം സമ൪പ്പിച്ച സംഘടനാ പ്രതിനിധികളുടെ സമിതിതന്നെ അതേക്കുറിച്ച് പഠനംനടത്തി റിപ്പോ൪ട്ട് ജനങ്ങളുടെ മുമ്പാകെ വെച്ചാൽമതി. അതിന് അവ൪ തയാറാകുമോ?
മുസ്ലിം സമുദായത്തിൻെറ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് സ്വകാര്യ എയ്ഡഡ്/ അൺഎയ്ഡഡ് വിദ്യാലയങ്ങൾ ചെയ്യുന്നതെന്നാണ് വാദം. ഒരളവോളം അങ്ങനെ സംഭവിക്കുന്നുണ്ടാവാം. എന്നാൽ, വിദ്യാ൪ഥി പ്രവേശത്തിലും അധ്യാപക നിയമനത്തിലും പൂ൪ണമായും അങ്ങനെ സംഭവിക്കുന്നുവെന്നുപറഞ്ഞുകൂടാ. പ്രവേശത്തിനും നിയമനത്തിനും പണം മാനദണ്ഡമാവുന്ന അവസ്ഥയിൽ മുസ്ലിം സമുദായത്തിൽപെട്ടവ൪ക്ക് ഗുണം ലഭിക്കുമെന്ന് ഉറപ്പിച്ചുകൂടാ. സമുദായത്തിൻെറ പേരിൽ നിലനിൽക്കുന്ന പലസ്ഥാപനങ്ങളിലും, സമുദായ സംഘടനകളുടെ (രാഷ്ടീയ സംഘടനകളുടെയും മത-സാമുദായിക സംഘടനകളുടെയും) പരമോന്നതരായ നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും അന്യസമുദായക്കാരായ അധ്യാപക -അനധ്യാപക ജീവനക്കാ൪ കൂടുതലുള്ള അവസ്ഥയുണ്ട്. കോഴ സമ്പ്രദായമാണ് അതിനു കാരണമെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തിൽ സമുദായത്തിൻെറ പേരിലുള്ള സ്വകാര്യസ്ഥാപനങ്ങൾ, സമുദായ താൽപര്യം എത്രകണ്ട് സംരക്ഷിക്കുന്നു വെന്ന് അന്വേഷണം നടത്തുകതന്നെ വേണം. മുസ്ലിം സമുദായക്കാരായ വ്യക്തികളുടെയും മുസ്ലിംകൾനടത്തുന്ന ട്രസ്റ്റുകളുടെയും സംഘടനയുടെയുമൊക്കെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ മുസ്ലിം ജീവനക്കാ൪ എത്രയുണ്ടെന്നതിനെക്കുറിച്ചും കണക്കെടുക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
കേരളീയ സാഹചര്യത്തിൽ ന്യൂനപക്ഷ-പിന്നാക്ക സമുദായങ്ങളിൽപെട്ട ആളുകൾക്ക് കരണീയം പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയാണ്. പ്രവേശത്തിലും നിയമനത്തിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പുവരുത്താൻ നടപടികൾ കൈക്കൊള്ളണം. അതിന് നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ മറികടക്കാൻ മാ൪ഗങ്ങളാരായണം. ഇപ്പോൾ എയ്ഡഡ് മേഖലയിൽ മുസ്ലിം ന്യൂനപക്ഷത്തിന് വളരെ കുറച്ച് സ്ഥാപനങ്ങൾ മാത്രമേയുള്ളൂ. മുസ്ലിംകൾ അന൪ഹമായ പലതും നേടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണുതാനും. എന്നാൽ, സ്വന്തം വരുതിയിലുള്ള സ്ഥാപനങ്ങൾ അഴിമതിമുക്തമായി നടത്തുന്നില്ല എന്നതാണ് മുസ്ലിം സമുദായത്തിൻെറ പ്രശ്നം. തങ്ങളുടെ അഴിമതിക്ക് ന്യൂനപക്ഷാവകാശത്തെ മറയാക്കുകയാണ് അവ൪ ചെയ്യുന്നത്. അതെങ്ങനെ ശരിയാകും?
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പകൽക്കൊള്ള തടയാനുള്ള ഏറ്റവും ഫലപ്രദമായ മാ൪ഗം നിയമനങ്ങൾ പി.എസ്.സിക്ക് വിടുകയാണ്. എങ്കിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണം വഴി പിന്നാക്ക-ദലിത് വിഭാഗങ്ങൾക്ക് ലഭിക്കും. മെറിറ്റ് അംഗീകരിക്കപ്പെടുകയും ഗുണനിലവാരം ഉയരുകയും ചെയ്യും. ഇങ്ങനെയൊരാവശ്യം മുസ്ലിം യൂത്ത്ലീഗ് മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ, മുസ്ലിം സംഘടനകളോ ന്യൂനപക്ഷ വിദ്യാഭ്യാസ സംരക്ഷണ സമിതിയോ ഈ ആവശ്യത്തെ ഗൗരവമായി എടുത്തിട്ടില്ല. അതിൽനിന്നുതന്നെ മുസ്ലിം വിദ്യാഭ്യാസത്തിൻെറ കാര്യത്തിൽ സമുദായ സംഘടനകൾ ഒളിച്ചുകളി നടത്തുന്നുവെന്ന് വ്യക്തം.
ന്യൂനപക്ഷ വിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി ശബ്ദമുയ൪ത്തുന്നവ൪ കേവലം ഉപരിപ്ളവമായി കാര്യങ്ങൾ നിരീക്ഷിച്ചാൽ പോരാ. രാജ്യത്തിനും സ്വന്തം സമുദായത്തിനും (സമുദായത്തിലെ നിക്ഷിപ്ത താൽപര്യക്കാ൪ക്കല്ല) അന്തിമമായി ഗുണകരം എന്താണെന്ന് അവ൪ ആലോചിക്കണം. അതിനുള്ളവഴി പൊതുവിദ്യാഭ്യാസത്തെ ശക്തമാക്കുകയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാമണ്ഡലങ്ങളിലും ഉറപ്പാക്കുകയുമാണ്. ഈ നിലക്ക് ചിന്തിക്കാൻ മുസ്ലിം സംഘടനകൾ തയാറാവട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story