ആറടി മണ്ണ് അന്യമായ വൃദ്ധന് ചുമരോട് ചേര്‍ന്ന് ചിതയൊരുക്കി
text_fieldsകോന്നി: അന്ത്യവിശ്രമത്തിന് ഇടമൊരുക്കാൻ ആറടി മണ്ണ് അന്യമായ കലഞ്ഞൂ൪ പെരുന്താളൂ൪ കോളനിയിൽ വൃദ്ധൻെറ മൃതദേഹം വീടിൻെറ അടുക്കള ഭാഗത്ത് ചുമരിനോട് ചേ൪ന്ന് ചിതയൊരുക്കി സംസ്കരിച്ചു. തിങ്കളാഴ്ച മരിച്ച കോളനി നിവാസി മനു ഭവനിൽ ഭാസ്കരൻെറ (65) സംസ്കാരമാണ് ചൊവ്വാഴ്ച ഉച്ചക്ക് സ്ഥലപരിമിതി കാരണം വീടിൻെറ ചുമരിനോട്് ചേ൪ന്ന് നടത്തിയത്.
ഇയാൾക്ക് ആകെയുള്ളത് രണ്ട് സെൻറ് സ്ഥലംമാത്രമാണ്. ഇവിടെ എല്ലാവരും രണ്ട് സെൻറിൻെറ മാത്രം ജന്മിമാരാണ്. നിരവധി പേരെയാണ് വീടിൻെറ ഭിത്തി പൊളിച്ചും അടുക്കളവശത്തും അടക്കിയിട്ടുള്ളത്. മുട്ടത്ത്കോണത്ത് രാജൻെറ പിതാവ് പൊന്നപ്പനെ സംസ്കരിച്ചത് വീടിൻെറ അടുക്കളപൊളിച്ചാണ്. രാജൻെറ മാതാവ് പൊടിയമ്മയെയും മകൾ രശ്മിയെയും സംസ്കരിച്ചതും ഇവിടെതന്നെ. പെരുന്താളൂ൪മുട്ടത്ത് കോണത്ത് രാധയുടെ പിതാവ് ഗോപാലൻെറ മൃതദേഹം മറവ് ചെയ്തത് വീട്ടുമുറ്റത്ത് ചുവരിനോട് ചേ൪ന്ന്. രാധയുടെ ഭ൪ത്താവ് ശങ്കറിനെ അടക്കം ചെയ്തത് അടുക്കള ഭിത്തിപൊളിച്ചും. കോളനി രൂപവത്കരിക്കപ്പെട്ട കാലം മുതൽ തുടങ്ങിയതാണ് ഈ ദുരിതം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വാഗ്ദാനങ്ങളുമായി എത്തുന്നവ൪ പിന്നീട് പെരുന്താളൂ൪ കോളനി അറിയില്ല. പൊതുശ്മശാനം എന്ന കോളനിക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം ബാക്കി നിൽക്കുന്നു. കോളനിക്കാരുടെ അടിയന്തര ആവശ്യം പൊതുശ്മശാനം ആയതിനാൽ അതിനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത് എന്ന് വാ൪ഡ്അംഗം സുനോജ് എസ്. നായ൪ പറഞ്ഞു. ഇതിന് ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സ്ഥലം ലഭിക്കാത്തതാണ് പ്രധാന കാരണം. ഇതിനായി പുതിയ പ്രോജക്ടിൽ ഉൾപ്പെടുത്തി സ൪ക്കാറിന് സമ൪പ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ സ൪ക്കാ൪ ഭൂമി ഇതിന് വിട്ടുകിട്ടുന്നതിന് നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഭാസ്കരൻെറ ഭാര്യ ദേവകി. മക്കൾ: മനോജ്, മഹേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
