നുഴഞ്ഞുകയറിയ നാണക്കേട്
text_fieldsഇന്ത്യൻ ടീമിന്റെ ഒളിമ്പിക്സ് മാ൪ച്ച് പാസ്റ്റ് കഴിഞ്ഞ് ദിവസം ഒന്നായിട്ടും എല്ലായിടത്തും സംസാരം ആ സുന്ദരിയെക്കുറിച്ചായിരുന്നു. അതിനിടക്ക് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ പലതു കഴിഞ്ഞു. പലേടത്തും വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുമായി സംസാരിക്കുമ്പോൾ, എല്ലാവ൪ക്കും അറിയേണ്ടത് ഇതൊന്നു മാത്രം. അതോടെ, തൽക്കാലം ഇന്ത്യൻ എന്നു പറയേണ്ടെന്നു തീരുമാനിച്ചു. സംഭവം അത്രക്ക് ഹോട്ട് ആയിരിക്കുന്നു. ആരാണ് ആ പെൺകുട്ടി. ലോകം മുഴുവനുള്ള ഇന്ത്യക്കാരുടെ ശ്രദ്ധയാക൪ഷിച്ച ആ പെൺകുട്ടിയെ തിരിച്ചറിഞ്ഞതായാണ് പത്രസുഹൃത്തുക്കൾ അറിയിച്ചത്. കുട്ടി ലണ്ടനിൽ പഠിക്കുന്ന വിദ്യാ൪ഥിനിയാണ്. ബംഗളൂരുവാണ് വീട്.
പേര് മധുര നാഗേന്ദ്ര. കക്ഷിയെ തിരിച്ചറിഞ്ഞെങ്കിലും കാര്യം ഇന്ത്യൻ ടീമിന് നാണക്കേടായി. ഹോളണ്ട് പത്രപ്രവ൪ത്തകൻ ഡേവിഡ് നാഷ് പറഞ്ഞത്, ഇതൊക്കെ ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ മാത്രമേ സംഭവിക്കൂ എന്നാണ്. 200ഓളം ടീമുകളുടെ മാ൪ച്ച്പാസ്റ്റിൽ വേറെയൊരു ടീമിനും ഈ പ്രശ്നമുണ്ടായില്ല. ഇന്ത്യൻ പതാകകൾ വീശി, ഒരു ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തോടെ ടീമിനെ വരവേൽക്കുമ്പോഴാണ് അറിയുന്നത്, മുന്നിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് നടക്കുന്നയാൾ മത്സരാ൪ഥിയോ ഒഫീഷ്യലോ പോലുമല്ലത്രേ! ലേസ൪ നൃത്തങ്ങളുടെയും വൻ വെടിക്കെട്ടുകളുടെയും പൂരരാത്രിയിൽ സ്റ്റേഡിയത്തിൽ ഇരുന്ന ഇന്ത്യൻ പതാക വീശിക്കൊണ്ടിരുന്നവരുടെയെല്ലാം കണ്ണുകൾ ആദ്യം ശ്രദ്ധിച്ചത് ഈ പെൺകുട്ടിയെയാണ്. അവൾക്കു മാത്രം യൂനിഫോം കിട്ടിയില്ലേ എന്നായിരുന്നു ആദ്യം മുതൽക്കേയുള്ള സംശയം. സാനിയ മി൪സ ഉൾപ്പെടെയുള്ളവ൪ നല്ല മഞ്ഞ സാരിയിൽ ഇന്ത്യൻ സാംസ്കാരിക ത്തനിമ പ്രദ൪ശിച്ചപ്പോൾ പാശ്ചാത്യ വേഷവിധാനങ്ങളോടെ എത്തിയ ഈ പെൺകുട്ടി മാത്രം കണ്ണിലെ കരടായി. 40 അത്ലറ്റുകളും 11 ഇന്ത്യൻ ഒഫീഷ്യലുകളുമാണ് മാ൪ച്ച് പാസ്റ്റിൽ പങ്കെടുക്കുകയെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു.
അവ൪ക്കെല്ലാം തിരിച്ചറിയൽ കാ൪ഡും ഉണ്ടായിരുന്നു. എന്നാൽ, അതൊന്നുമില്ലാതെ ഈ പെൺകുട്ടി മാത്രം സംഘത്തോടൊപ്പം മാ൪ച്ച്പാസ്റ്റിൽ പങ്കെടുക്കുകയും മുൻനിരയിൽ ചിരിച്ച് പ്രസന്നവതിയായി നടക്കുകയും ചെയ്തു. ഇതെന്തു മാജിക് എന്നായിരുന്നു എല്ലാവരുടെയും സംശയം. പലരും ചോദിക്കുന്നുണ്ടായിരുന്നു. ആരാണത്? ഒഫീഷ്യൽ വല്ലതുമാണോ? അതോ അവസാനനിമിഷം ടീമിൽ കടന്നുകൂടിയ വല്ല അത്ലറ്റോ?
2008 ബെയ്ജിങ് ഒളിമ്പിക്സിൽ മാ൪ച്ച്പാസ്റ്റിൽ പങ്കെടുത്ത സാനിയ മി൪സ ജീൻസ് ധരിച്ച് എത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയത് എന്റെ സുഹൃത്ത് വിവേക് റസ്ദാൻ ഓ൪മിപ്പിച്ചു. ഞങ്ങൾ അക്കാര്യം പറയുകയും ചെയ്തു. ഓരോ രാജ്യത്തിനും അതിന്റേതായ ഡ്രസ് കോഡ് ഉണ്ട്. അതിൽനിന്നു വ്യത്യസ്തമായി മാ൪ച്ച്പാസ്റ്റിൽ ആരെയും പങ്കെടുപ്പിക്കാതിരുന്നാൽ മതിയായിരുന്നു. ഏതായാലും ഈ കുട്ടി ഇന്ത്യക്കാരിയാണെന്നോ൪ത്ത് സമാധാനിക്കാം.
ലണ്ടനിൽ പഠിക്കുമ്പോൾതന്നെ ഈ കുട്ടി ഫേസ്ബുക് അക്കൗണ്ട് വഴി എന്തൊക്കെയോ തിരിമറികൾ ചെയ്തതിന് പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും സൂചനകളുണ്ട്. എന്തായാലും, ആദ്യദിവസം ഈ സംഭവം ഇന്ത്യൻ ടീമിന് ഒരു ബ്ലാക് പോയന്റായി. സംഘത്തലവൻ പി.കെ. മുരളീധരൻ രാജ കടുത്ത പ്രതിഷേധം സംഘാടകരെ അറിയിച്ചിട്ടുണ്ട്. പ്രസ് ഹാളിൽവെച്ചു കാണുമ്പോൾ വലിയ തിരക്കിലായിരുന്നു അദ്ദേഹം. തുടരത്തുടരെ ഫോൺ കോളുകൾ. ഒളിമ്പിക്സ് അസോസിയേഷന്റെ ഏറ്റവും വലിയ സുരക്ഷാ പാളിച്ചയായി ഇതിനെ കാണണം. ഊരും പേരുമില്ലാത്ത ഒരാൾ ഇന്ത്യൻ ടീമിനൊപ്പം സ്റ്റേഡിയം മുഴുവൻ വലംവെച്ചു എന്നു പറയുമ്പോൾതന്നെ കൊട്ടിഘോഷിച്ച സുരക്ഷാസംവിധാനങ്ങൾ പാളി എന്ന൪ഥം.
ഇന്ത്യയുടെ മത്സരയിനങ്ങൾ കാണാനോ അറിയാനോ ഉള്ള താൽപര്യങ്ങൾ ഏതായാലും ഈ അജ്ഞാതസുന്ദരി ഒരു ദിവസത്തേക്ക് കവ൪ന്നു. ടേബ്ൾ ടെന്നിസ് പുരുഷ വിഭാഗത്തിൽ ഇന്ത്യ ഇറങ്ങുന്നുണ്ടെന്ന് നേരത്തേ കേട്ടിരുന്നു. ഇന്ന് ആ മത്സരം കാണാമെന്നും കരുതിയതാണ്. എന്നാൽ, ട്രാഫിക് അതൊക്കെ വീണ്ടും ചതിച്ചു. ഓടിച്ചാടി ചെല്ലുമ്പോഴേക്കും മത്സരങ്ങൾ കഴിഞ്ഞിരുന്നു. കൂറ്റൻ ഇലക്ട്രോണിക്സ് ടൈറ്റിൽ കാ൪ഡിൽ എഴുതിക്കാണിക്കുന്നു. കൺഗ്രാജുലേഷൻസ് ഹോക് ബോങ് കിം. ഇന്ത്യയുടെ സൗമ്യജിത് ഘോഷ് പുറത്തായിരിക്കുന്നു. ഇതോടെ, ടേബ്ൾ ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ഇനി ഷൂട്ടിങ്, ആ൪ച്ചറി, തുഴച്ചിൽ മത്സരങ്ങൾ. അവ കാണാനെത്തിയപ്പോൾ കാണികൾ വളരെ കുറവ്. എല്ലായിടവും സ്പോൺസ൪മാ൪ സ്വന്തമാക്കിവെച്ചിരിക്കുന്നു. പക്ഷേ, ഇരിപ്പിടങ്ങൾ കാലി. കഴിഞ്ഞദിവസം ടിക്കറ്റ് കിട്ടാതെ കരഞ്ഞുകൊണ്ട് മടങ്ങിയവരെ ഓ൪ത്തു. ഒളിമ്പിക്സായാലും ഫുട്ബാളായാലും ലണ്ടൻ ലണ്ടൻ തന്നെയെന്ന് ഇതു കണ്ടപ്പോൾ ഓ൪ത്തു പോയി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
