വിമോചനവാദികളുടെ വംശവെറി
text_fieldsകശ്മീരിൽ സമാധാന സന്ദേശവുമായി ബുദ്ധമതാചാര്യൻ ദലൈലാമ കഴിഞ്ഞയാഴ്ച പര്യടനം നടത്തുമ്പോൾ ബുദ്ധതീവ്രവാദികൾ ഭരണകൂടത്തിൻെറ പിന്തുണയോടെ മ്യാന്മറിൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ദൽഹിയിലെ ബ൪മീസ് സ്ഥാനപതിയെ സമീപിച്ചിരിക്കുകയായിരുന്നു മുസ്ലിം സംഘടനാ നേതാക്കൾ. രണ്ടു മാസമായി തുടരുന്ന നരമേധത്തിനെതിരെ ലോകമെങ്ങും രോഷം അണപൊട്ടുന്നതിനിടയിലാണ് ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, ജംഇയ്യത്ത് അഹ്ലെ ഹദീസ്, ജംഇയ്യതുൽ ഉലമായേ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സ്ഥാനപതിയുമായി ബന്ധപ്പെട്ടത്. വംശഹത്യ സംബന്ധിച്ച് മ്യാന്മ൪ ഭരണകൂടത്തിൻെറ ഔദ്യാഗിക ഭാഷ്യം ലഭിക്കാൻ ആദ്യം സ്ഥാനപതിക്ക് കത്തെഴുതുകയായിരുന്നു ഇവ൪. ലാമ കശ്മീരിൽനിന്ന് മടങ്ങുന്ന ദിവസവും നരമേധത്തിനെതിരെ ഉത്തരേന്ത്യൻ നഗരങ്ങളിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ തെരുവിലായിരുന്നു. കശ്മീരിലെ സംഘ൪ഷത്തിന് അറുതിവരുത്താൻ ആഹ്വാനം ചെയ്ത ദലൈലാമ മ്യാന്മറിൽ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ആയിരങ്ങളുടെ ജീവൻ പൊലിഞ്ഞതിനെതിരെ ഒരക്ഷരമുരിയാടിയില്ല. തിബത്തൻ ജനതയോട് കാണിക്കുന്ന ക്രൂരതകൾക്കെതിരെ വാ തുറക്കാറുള്ള നൊബേൽ ജേതാവ് സ്വന്തം അനുയായികളുടെ കത്തിമുനയിൽ മ്യാന്മറിൽ വീണ ചോരയെ ചൊല്ലി വിലപിച്ചില്ല. മനുഷ്യത്വം ബാക്കിയുള്ള ഓൾ ഇന്ത്യ ബുദ്ധിസ്റ്റ് കൗൺസിൽ എന്ന ദൽഹിയിലെ ബുദ്ധമതക്കാരുടെ ഗ്രൂപ് മ്യാന്മറിനെതിരെ സമ്മ൪ദവുമായി ഇന്ത്യൻ പ്രധാനമന്ത്രിയെ സമീപിച്ചപ്പോഴാണ് സമാധാനത്തിൻെറ ദൂതുമായെത്തിയ ദലൈലാമ സമാധാനസ്നേഹികളെ വ്രണപ്പെടുത്തുന്ന മൗനം പാലിച്ചത്.
വിമോചനപോരാട്ടത്തിൻെറ നായികയായി ലോകമെങ്ങുമുള്ള സ്വാതന്ത്ര്യവാദികൾ മനസ്സിൽ കുറിച്ചിട്ട ഓങ്സാൻ സൂചി സ്വീകരിച്ച നിലപാടും ലാമയുടെ അ൪ഥഗ൪ഭമായ മൗനത്തിൻെറ വകഭേദമായിരുന്നു. ജയിൽമോചിതയായി തെരഞ്ഞെടുപ്പിൽ തിളങ്ങുന്ന ജയം നേടിയ സൂചി തൻെറ സ്വാതന്ത്ര്യപ്പോരാട്ടത്തിന് പിന്തുണ തേടി യൂറോപ്യൻ പര്യടനത്തിനിറങ്ങിയ വേളയിലായിരുന്നു സ്വന്തം നാട്ടിൽ ആയിരങ്ങൾ കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടത്. ഇംഗ്ളണ്ടിലെത്തിയ സൂചിയോട് വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന റോഹിങ്ക്യ മുസ്ലിംകളെക്കുറിച്ച് ചോദിച്ചപ്പോൾ അവ൪ ബ൪മക്കാരാണോ എന്നറിയില്ലെന്നായിരുന്നു മറുപടി. നൂറ്റാണ്ടുകളായി മ്യാന്മറിൽ ജീവിക്കുന്ന റോഹിങ്ക്യ മുസ്ലിംകൾ ബ൪മക്കാരാണോയെന്ന് ജനാധിപത്യത്തിൻെറയും മനുഷ്യാവകാശത്തിൻെറയും പ്രതീകമായ സൂചി ഇനിയും പഠിച്ചിട്ടില്ല! സ്വന്തം പൗരന്മാരെ നാടുകടത്താൻ ഏതെങ്കിലും ഒരു വിദേശ രാജ്യത്ത് അഭയാ൪ഥി ക്യാമ്പുണ്ടാക്കണമെന്ന് മ്യാന്മ൪ പ്രസിഡൻറ് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടപ്പോൾ ഈ ആവശ്യത്തെ പിന്തുണക്കുകയാണ് ഓങ് സാൻ സൂചിയുടെ നാഷനൽ ലീഗ് ഓഫ് ഡെമോക്രസി ചെയ്തത്. വിമോചന സമരങ്ങൾ വ൪ഗീയവും വംശീയവുമായ അജണ്ടകളിൽ നിന്ന് മുക്തമല്ലെന്ന് മ്യാന്മ൪ തെളിയിച്ചിരിക്കുന്നു. തമിഴ് ഈഴത്തിനായി ശ്രീലങ്കയിൽ നടന്ന വിമോചന പോരാട്ടം മുസ്ലിം ഉന്മൂലനത്തിൽ കലാശിച്ചതിൻെറ പുനരാവ൪ത്തനമാണ് മ്യാന്മറിലും സംഭവിക്കുന്നത്. ശ്രീലങ്കയിൽ വിമോചനപുലികളുടെ ഏകപക്ഷീയമായ ആക്രമണമായിരുന്നെങ്കിൽ, മ്യാന്മറിൽ വിമോചനപ്പോരാളികളും ഭരണകൂടവും ഇരകൾക്കെതിരെ കൈകോ൪ത്തിരിക്കുകയാണ്.
ജൂൺ ആദ്യവാരത്തിൽ പൊട്ടിപ്പുറപ്പെട്ട് ജൂലൈ അവസാനമായിട്ടും ശമിക്കാത്ത കൂട്ടക്കുരുതിയാണ് റോഹിങ്ക്യകളെ ഇപ്പോൾ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിച്ചത്. രാഖൈൻ സംസ്ഥാനത്തെ ക്യാക്പ്യു ജില്ലയിൽ മേയ് 28ന് മൂന്ന് മുസ്ലിം യുവാക്കൾ ചേ൪ന്ന് ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണമായതെന്നാണ് ബ൪മീസ് സ്ഥാനപതി മുസ്ലിം നേതാക്കൾക്ക് നൽകിയ മറുപടി. മേയ് 30ന് പെൺകുട്ടികളുടെ ബന്ധുക്കളും മറ്റു ഗ്രാമീണരും പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് പിടികൂടിയ യുവാക്കളെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. അതിന് പൊലീസ് തയാറായില്ല. തുട൪ന്ന് പിരിഞ്ഞുപോകാതിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് വെടിവെക്കേണ്ടിവന്നു. ഇതിന് പ്രതികരണമെന്നോണം ജൂൺ മൂന്നിന് 300ഓളം വരുന്ന ബുദ്ധമതാനുയായികൾ യാംഗോനിലേക്ക് പോകുന്ന ബസ് തടഞ്ഞുനി൪ത്തി 10 മുസ്ലിം യാത്രക്കാരെ ആക്രമിച്ചുകൊലപ്പെടുത്തിയെന്നും ബുദ്ധമതാനുയായികളും മുസ്ലിംകളും തമ്മിലുള്ള സംഘ൪ഷത്തിന് ഇത് വഴിവെച്ചുവെന്നും ഇതോടെ ദിവസങ്ങൾ നീണ്ട കലാപത്തിന് തുടക്കമായെന്നുമാണ് സ്ഥാനപതി നൽകിയ വിശദീകരണം. ജൂൺ എട്ടിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും സംഘ൪ഷം തുട൪ന്നു. കൊല്ലപ്പെട്ട നൂറുകണക്കിനാളുകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലൂടെ വ്യാപകമായി പ്രചരിക്കുമ്പോൾ രണ്ടു മാസം നീണ്ട സംഘ൪ഷത്തിൽ കൊല്ലപ്പെട്ടത് 79 പേ൪ മാത്രമാണെന്നാണ് ബ൪മീസ് സ്ഥാനപതി നൽകിയ കണക്ക്. ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇത്രയും പേ൪ കൊല്ലപ്പെട്ടതെന്നും മറ്റാരെങ്കിലും കൊന്നതല്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ആയിരക്കണക്കിന് പേ൪ ഭവനരഹിതരായിട്ടുണ്ടെന്നും കോടികളുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ആഭ്യന്തര സഹമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൻെറ റിപ്പോ൪ട്ട് സ൪ക്കാറിന് കൈമാറിയെന്നും 30 ബുദ്ധമതാനുയായികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം മുസ്ലിം നേതാക്കളെ അറിയിച്ചു.
സെൻസ൪ ചെയ്ത ഔദ്യാഗിക ഭാഷ്യത്തിൽനിന്ന് വിഭിന്നമാണ് രാഖൈനിൽ പോയ സന്നദ്ധ, മനുഷ്യാവകാശ ഗ്രൂപ്പുകൾ ലോകത്തിന് നൽകുന്ന വിവരം. ആറാഴ്ച മുമ്പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ തുട൪ന്ന് മുമ്പൊന്നുമില്ലാത്ത സാഹചര്യം സംജാതമായിരിക്കുകയാണെന്നും എണ്ണമറ്റ ആളുകൾക്ക് ജീവാപായം സംഭവിച്ചിട്ടുണ്ടെന്നും ആംനസ്റ്റി ഇൻറ൪നാഷനൽ പറയുന്നു. ജൂൺ പത്തിനും 28നുമിടയിൽ മാത്രം 650 പേരെ കൊലപ്പെടുത്തിയതിൻെറ കണക്ക് തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ബ്രിട്ടൻ കേന്ദ്രമായുള്ള സന്നദ്ധസംഘടനയും പറയുന്നു. സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകൾ നൽകുന്ന വിവരങ്ങളനുസരിച്ച് ഇക്കാലയളവിനുള്ളിൽ കൊല്ലപ്പെട്ടത് 20,000ത്തോളം പേരാണ്.
അഭയാ൪ഥിപ്രവാഹത്തിൻെറ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന കൂട്ടക്കുരുതി ഇന്ത്യയുടെ തൊട്ടയൽപക്കത്ത് നടന്നിട്ടും ദേശീയ മാധ്യമങ്ങൾ അത് തമസ്കരിച്ചു. ഇന്ത്യയിലെത്തിയ റോഹിങ്ക്യ കുടുംബങ്ങൾ ദൽഹിയിൽ തമ്പടിച്ച് തങ്ങളെ അഭയാ൪ഥികളായി അംഗീകരിക്കണമെന്ന് കേന്ദ്ര സ൪ക്കാറിനോട് കെഞ്ചിയതും മാധ്യമങ്ങൾക്ക് വാ൪ത്തയായില്ല. മ്യാന്മറിൽ നിന്ന് പലായനം ചെയ്തെത്തി അസമിലും ഹരിയാനയിലും ഝാ൪ഖണ്ഡിലും ആന്ധ്രപ്രദേശിലും ചിതറിക്കിടക്കുകയായിരുന്ന 3500ഓളം പേരാണ് ജൂൺ 15 വരെ ദൽഹിയിൽ സമരം നടത്തിയത്. തങ്ങളെ അഭയാ൪ഥികളായി അംഗീകരിക്കണമെന്നേ ആകാശവും ഭൂമിയും നഷ്ടപ്പെട്ട ഈ മനുഷ്യ൪ കേന്ദ്ര സ൪ക്കാറിനോട് ചോദിച്ചിരുന്നുള്ളൂ. മാധ്യമങ്ങൾ അഭയാ൪ഥികളോട് മുഖം തിരിഞ്ഞു നിന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ പണി എളുപ്പമാക്കി. അഭയാ൪ഥികളായി അംഗീകരിക്കാനാവില്ലെന്ന കേന്ദ്രത്തിൻെറ കടുംപിടിത്തത്തിന് മുന്നിൽ സമരം അവസാനിപ്പിച്ച് വന്ന വഴിയേ അവ൪ മടങ്ങി. ഭൂരിഭാഗം പേരും മീറത്തിലേക്കും മേവാത്തിലേക്കും ഹൈദരാബാദിലേക്കും വണ്ടികയറിയതോടെ സമരത്തിനിരുന്ന 200ഓളം റോഹിങ്ക്യ മുസ്ലിംകൾ മാത്രമാണ് ദൽഹിയിൽ അവശേഷിച്ചത്. തിരിച്ചെങ്ങും പോകാനില്ലാതെ ഓഖ്ലക്കടുത്ത കാളിന്ദികുഞ്ചിൽ കുടിൽകെട്ടി കഴിഞ്ഞുകൂടുകയാണിവ൪. അഭയം ചോദിച്ച് ദൽഹിയിൽ ഇനിയൊരു മുന്നേറ്റമുണ്ടാകാതിരിക്കാൻ ഈ ക്യാമ്പിന് ചുറ്റും വട്ടമിട്ട് നടക്കുകയാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളിൽ പൊതുവായി നിലനിൽക്കുന്ന അരക്ഷിതാവസ്ഥക്കിടയിലാണ് റോഹിങ്ക്യ വംശജ൪ അഭയാ൪ഥികളായെത്തിയിരിക്കുന്നത്. ഓരോ മഴക്കാലവും ബ്രഹ്മപുത്രയുടെ പാ൪ശ്വങ്ങളിൽ വസിക്കുന്ന ബംഗാളി മുസ്ലിംകൾക്ക് ഭീതിയുടെ കാലമാണ്. ബ്രഹ്മപുത്ര കവ൪ന്നെടുക്കുന്ന കരയിൽനിന്ന് ഓരോ വ൪ഷവും കുടിയിറങ്ങുന്നവ൪ പിന്നീട് ബംഗ്ളാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരായി മുദ്ര കുത്തപ്പെടാറാണ് പതിവ്. പതിറ്റാണ്ടുകളായി സ്വന്തം കിടപ്പാടങ്ങളിൽ അന്തിയുറങ്ങുന്ന ദൽഹിയിലെയും യു.പിയിലെയും ബിഹാറിലെയും അസമിലെയും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ പാതിരാവുകളിൽ പിടികൂടി ബംഗ്ളാദേശ് പൗരന്മാരായി ചാപ്പകുത്തി അതി൪ത്തിയിൽ കൊണ്ടുപോയി തള്ളുമ്പോഴാണ് റോഹിങ്ക്യകളുടെ അഭയം തേടിയുള്ള വരവ്. മുസ്ലിം സംഘടനാനേതാക്കൾ വിഷയത്തിലിടപെട്ടതും ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, ബംഗാളികളെ പിടിച്ചുകൊണ്ടുപോയി തള്ളുന്നതുപോലെ റോഹിങ്ക്യകളെ അതി൪ത്തിയിൽ ഉപേക്ഷിക്കുന്നില്ലെന്നും അതുതന്നെ വലിയ കാര്യമാണെന്നുമുള്ള ഭാവത്തിലാണ് കേന്ദ്ര സ൪ക്കാ൪. അഭയാ൪ഥികളെ സ്വീകരിക്കാൻ ബാധ്യസ്ഥമായ ഐക്യരാഷ്ട്രസഭാ ഉടമ്പടിയിൽ ഒപ്പുവെക്കാത്തതിനാൽ റോഹിങ്ക്യകളെ സ്വീകരിക്കേണ്ട ബാധ്യത ഇന്ത്യക്കില്ലെന്ന് പറഞ്ഞാണ് അഭയം ചോദിച്ചെത്തിയവരെ ദൽഹിയിൽ നിന്ന് മടക്കി അയച്ചത്. ഇതുതന്നെയാണ് ബംഗ്ളാദേശിൻെറ ന്യായവും. ഒരു വിഭാഗം അഭയാ൪ഥികൾക്ക് വാതിൽ തുറന്നുകൊടുത്താൽ അവശേഷിക്കുന്ന മുഴുവൻ റോഹിങ്ക്യകളെയും ബംഗ്ളാദേശിലേക്ക് ഓടിക്കുമെന്നും മ്യാന്മറിലെ വംശവെറി രൂക്ഷമാകുമെന്നും ബംഗ്ളാദേശ് ചേ൪ത്തുപറയുന്നു. ദുരിതക്കയത്തിൽനിന്നും ബോട്ട് കയറി ബംഗ്ളാദേശിലേക്കും മലേഷ്യയിലേക്കും ആസ്ട്രേലിയയിലേക്കും രക്ഷപ്പെടാനിരുന്ന ഇവ൪ക്ക് മുന്നിൽ ആ രാജ്യങ്ങൾ മാ൪ഗതടസ്സങ്ങളൊരുക്കിയിരിക്കുന്നു. ബോട്ട്മാ൪ഗം രക്ഷപ്പെടുന്നതിനിടയിൽ ബംഗ്ളാദേശ് തിരിച്ചയച്ച 50 പേരെ മ്യാന്മ൪ ഹെലികോപ്ട൪ വെടിവെച്ചുകൊന്നു. നിറയെ അഭയാ൪ഥികളുമായി ആസ്ട്രേലിയൻ തീരത്തേക്ക് നീങ്ങുകയായിരുന്ന രണ്ട് ബോട്ടുകൾ നൂറുകണക്കിന് മനുഷ്യജീവനുംകൊണ്ട് മുങ്ങിത്താണു. ബംഗ്ളാദേശിനടുത്ത് ആൾപ്പാ൪പ്പില്ലാത്ത സെൻറ് മാ൪ട്ടിൻ ദ്വീപിൽ കഴിയുകയാണ് ബംഗ്ളാ റൈഫിൾസ് തിരിച്ചയച്ചവ൪. ആസ്ട്രേലിയയിൽ പ്രവേശാനുമതി നിഷേധിക്കപ്പെട്ട് ക്രിസ്ത്യൻ ദ്വീപിലെത്തിപ്പെട്ടിരിക്കുകയാണ് മറ്റൊരു സംഘം. നാടുവിടുകയും ഒരു നാടും സ്വീകരിക്കാതിരിക്കുകയും ചെയ്ത ഇവ൪ക്ക് ഈ റമദാൻ അക്ഷരാ൪ഥത്തിൽ ചെകുത്താനും കടലിനുമിടയിലാണ്.
റോഹിങ്ക്യകളെ അറിയുക
വടക്കുപടിഞ്ഞാറൻ മ്യാന്മറിലെ മുസ്ലിം വംശീയ ന്യൂനപക്ഷമാണ് റോഹിങ്ക്യകൾ. ബംഗ്ളാദേശിനോട് അതിരിടുന്ന മൂന്ന് ജില്ലകളിലായി കിടക്കുന്ന റോഹിങ്ക്യകൾ രാഖൈൻ സംസ്ഥാനത്തിൻെറ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ കുടിയേറ്റക്കാരായാണ് ഭരണകൂടവും ഭൂരിപക്ഷ ബുദ്ധമതാനുയായികളും ഇവരെ വിശേഷിപ്പിക്കുന്നത്. പഴയ അറാകനിൽ (ഇപ്പോൾ രാഖൈൻ) എ.ഡി 1430 മുതൽ മുസ്ലിം ജനവാസമുള്ളതിൻെറ ചരിത്രരേഖകളുമുണ്ട്. എന്നാൽ, ഇരുണ്ട തൊലിയും ഇസ്ലാം മത വിശ്വാസവും ബംഗാളി ഭാഷയുടെ പ്രാദേശിക വകഭേദം സംസാരിക്കുന്ന റോഹിങ്ക്യകളെ സ്വന്തം രാജ്യത്ത് പൗരത്വമില്ലാത്തവരാക്കി. സൈനിക ഭരണകൂടത്തിന് പകരം സിവിലിയൻ ഭരണകൂടം അധികാരമേറ്റെടുത്തിട്ടും റോഹിങ്ക്യകളുടെ സ്ഥിതി മാറിയില്ല. തിരിച്ചറിയൽ കാ൪ഡ് ലഭിക്കാത്ത ഇവ൪ക്ക് പൂ൪ണ സഞ്ചാരസ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസത്തിന്് നിയമപരമായ അവകാശമില്ല്ളാത്തതിനാൽ നിരക്ഷരത 80 ശതമാനമാണ്. ഇവരുടെ വിവാഹത്തിനും കുടുംബജീവിതത്തിനും ക൪ശന നിയന്ത്രണങ്ങളുണ്ട്. മക്കളുടെ എണ്ണം രണ്ടാക്കി പരിമിതപ്പെടുത്തണമെന്നത് ക൪ക്കശമായ ഉപാധിയാണ്. നിയമത്തിന് വിരുദ്ധമായി വിവാഹം കഴിക്കുകയോ രണ്ടിലധികം മക്കൾക്ക് ജന്മം നൽകുകയോ ചെയ്തുവെന്ന കാരണത്താൽ വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെട്ട 40,000 റോഹിങ്ക്യ കുട്ടികൾ രാഖൈനിലുണ്ട്. കരിമ്പട്ടികയിലായ ഈ കുട്ടികളുടെ ജനന രജിസ്ട്രേഷൻ നടത്താൻ ഭരണകൂടം തയാറായില്ലെന്നു മാത്രമല്ല, ഇവ൪ വലുതായാൽ ഭാവിയിൽ വിവാഹം കഴിക്കരുതെന്നും ഭരണകൂടം കൽപിച്ചു. ജനസംഖ്യാ കണക്കെടുക്കുമ്പോഴും ഈ 40,000 പേരുടെ തലയെണ്ണില്ല. രണ്ടാം ലോകയുദ്ധ കാലത്ത് 5000 റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്തതോടെയാണ് മ്യാന്മ൪ വംശീയമായ ഉന്മൂലനത്തിൻെറ ഏട് തുറക്കുന്നതും അഭയാ൪ഥികളുടെ പലായനം തുടങ്ങുന്നതും.
ഏറ്റവും പുതിയ കണക്കനുസരിച്ച് മ്യാന്മറിൽ എട്ടു ലക്ഷത്തോളം റോഹിങ്ക്യ മുസ്ലിംകളുണ്ട്. ബംഗ്ളാദേശിൽ മൂന്ന് ലക്ഷവും മലേഷ്യയിൽ കാൽ ലക്ഷവും റോഹിങ്ക്യകൾ അഭയാ൪ഥികളായി താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
