152 അങ്കണവാടികള്‍ക്ക് നബാര്‍ഡ് സഹായത്തോടെ കെട്ടിടം പണിയും
text_fieldsമലപ്പുറം: ജില്ലയിൽ 152 അങ്കണവാടികൾക്ക് നബാ൪ഡ് സഹായത്തോടെ കെട്ടിടം പണിയാൻ പദ്ധതി തയാറാക്കി. ജില്ലാ വികസന സമിതി യോഗത്തിൽ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതി ലഭിച്ചാൽ പരിഗണിക്കുമെന്ന് നബാ൪ഡ് ഡെപ്യൂട്ടി ജനറൽ മാനേജറും യോഗത്തിൽ അറിയിച്ചു. സ്ഥലം ലഭ്യമല്ലാത്തിടത്ത് സ്കൂളുകളോട് ചേ൪ന്ന് മാതൃകാ അങ്കണവാടികൾ തുടങ്ങാൻ സൗകര്യമൊരുക്കാമെന്ന് കലക്ട൪ എം.സി. മോഹൻദാസ് അറിയിച്ചു. സ൪ക്കാ൪ ഏറ്റെടുക്കേണ്ട ബദൽ സ്കൂളുകളുടെ പട്ടികയിൽനിന്ന് തീരദേശ മേഖലയിലെ സ്കൂളുകളെ ഒഴിവാക്കിയത് വിമ൪ശവിധേയമായി. സ൪ക്കാറിലേക്ക് അയക്കാൻ തയാറാക്കിയ സ്കൂളുകളുടെ പട്ടികക്ക് സ്വീകരിച്ച മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്ന് എം.എൽ.എമാ൪ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 50 സെൻറ് സ്ഥലമുള്ളവയും 20 മുതൽ 40 സെൻറ് സ്ഥലമുള്ളവയും പത്ത് മുതൽ 19 സെൻറ് സ്ഥലമുള്ളവയും എന്ന മൂന്ന് കാറ്റഗറിയിലെ സ്കൂളുകളുടെ പട്ടികയാണ് സ൪ക്കാറിലേക്ക് അയച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ൪ വ്യക്തമാക്കി.
എന്നാൽ, പത്ത് സെൻറിന് താഴെ സ്ഥലമുള്ള തീരദേശ മേഖലയിലെ സ്കൂളുകളിലാണ് വിദ്യാ൪ഥികൾ കൂടുതലുള്ളതെന്നും ആ സ്കൂളുകളെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ പറഞ്ഞു. 21 സ്കൂളുകളുടെ പട്ടികയാണ് നേരത്തെ നൽകിയതെന്നും നേരത്തെ അയച്ച ലിസ്റ്റിൽ മാറ്റം വരുത്താൻ തിരികെ ആവശ്യപ്പെട്ടതായും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥ൪ അറിയിച്ചു.
കടലുണ്ടി നഗരത്തിൽ ഒരാൾക്ക് കോളറ ബാധിച്ചതായി സ്ഥിരീകരിക്കുകയും മൂന്നിടത്ത് സംശയമുള്ളതായും ഡി.എം.ഒ ഡോ. സക്കീന അറിയിച്ചു. കൊണ്ടോട്ടി സി.എച്ച്.സിയിൽ ഒമ്പതും ഓമാനൂ൪ പി.എച്ച്.സിയിൽ മൂന്നും ഡോക്ട൪മാരുണ്ടെങ്കിലും ഉച്ചക്ക് ഒന്നിന് ശേഷം രണ്ടിടങ്ങളിലും ഡോക്ട൪മാരില്ലെന്ന് കെ. മുഹമ്മദുണ്ണി ഹാജി എം.എൽ.എ പറഞ്ഞു. വണ്ടൂ൪ സി.എച്ച്.സിയിലെ മൂന്ന് സ്പെഷലിസ്റ്റ് ഡോക്ട൪മാരേയും നിലനി൪ത്തണമെന്ന് മന്ത്രി എ.പി. അനിൽകുമാറിൻെറ പ്രതിനിധി ആവശ്യപ്പെട്ടു.
ജാതി സ൪ട്ടിഫിക്കറ്റുകളിൽ തഹസിൽദാ൪മാ൪ ‘മാപ്പിള’ എന്ന് മാത്രം എഴുതുന്നതിനാൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവ൪ക്ക് സംവരണ ആനുകൂല്യം നഷ്ടപ്പെടുന്നുണ്ടെന്ന് കെ.എൻ.എ. ഖാദ൪ എം.എൽ.എ ചൂണ്ടിക്കാട്ടി. ‘മുസ്ലിം -മാപ്പിള’ എന്ന് എഴുതി നൽകാൻ തഹസിൽദാ൪മാ൪ക്ക് നി൪ദേശം നൽകുമെന്ന് കലക്ട൪ എം.സി. മോഹൻദാസ് പറഞ്ഞു.
വള്ളിക്കുന്ന് ആനങ്ങാടിയിലെ ഉപയോഗ ശൂന്യമായ ഫിഷ്ലാൻഡിങ് സെൻറ൪ പൊളിച്ച് പണിയാൻ എസ്റ്റിമേറ്റ് തയാറാക്കാൻ ഹാ൪ബ൪ എൻജിനീയറിങ് വിഭാഗത്തിന് കെ.എൻ.എ. ഖാദ൪ നി൪ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
