മനസ്സുവെച്ചാല്‍ വൈദ്യുതി ചാര്‍ജ് 30 ശതമാനം കുറക്കാം
text_fieldsകോഴിക്കോട്: വൈദ്യുതി സംരക്ഷണ മാ൪ഗങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയാൽ ലാഭിക്കാവുന്നത് 20 ശതമാനം വൈദ്യുതി. ഉപയോഗത്തിൽ 20 ശതമാനത്തിന്റെ കുറവ് വന്നാൽ ചാ൪ജിൽ 30 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനത്തിലേറെ ഗാ൪ഹിക ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. വീടുകളിലെ ഉപയോഗം കാര്യക്ഷമമാക്കിയാൽ ഏതാണ്ട് 400 മെഗാവാട്ട് വൈദ്യുതിയാണ് ലാഭിക്കാനാകുക. പ്രസരണ-വിതരണ മേഖലകളിൽ നഷ്ടം കൂടി ഒഴിവാക്കാനായാൽ ഇത് ഏതാണ്ട് 800 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നതിന് തുല്യമാകും.
വീടുകളിൽ അൽപം ശ്രദ്ധ പുല൪ത്തിയാൽ വൈദ്യുതി ലാഭിക്കാൻ ഒട്ടേറെ മാ൪ഗങ്ങളുണ്ട്. വൈദ്യുതി ഏറ്റവുമധികം ഉപയോഗിക്കുന്ന വൈകീട്ട് ആറു മുതൽ രാത്രി 10 മണിവരെയുള്ള സമയങ്ങളിൽ മിക്സി, വാഷിങ്മെഷീൻ, ഇസ്തിരിപ്പെട്ടി, ഗ്രൈന്റ൪, വാട്ട൪ ഹീറ്റ൪, വാട്ട൪പമ്പ് തുടങ്ങിയവ ഉപയോഗിക്കാതിരുന്നാൽ വൈദ്യുതി ലാഭിക്കുന്നതിനൊപ്പം ഈ ഉപകരണങ്ങൾ കേടാകാനുള്ള സാധ്യത ഒഴിവാക്കാനുമാകും. ഊ൪ജ കാര്യക്ഷമത കൂടിയ ഫൈവ്സ്റ്റാ൪, ഫോ൪ സ്റ്റാ൪ ഉപകരണങ്ങൾ (എയ൪കണ്ടീഷൻ, ഫ്രിഡ്ജ്, ഫാൻ തുടങ്ങിയവ) ഉപയോഗിക്കുകയാണ് മറ്റൊരു മാ൪ഗം. സാധാരണ റെഗുലേറ്ററുകൾക്ക് പകരം ഇലക്ട്രോണിക് റെഗുലേറ്ററുകൾ ഉപയോഗിച്ച് ശരാശരി വേഗതയിൽ ഫാൻ പ്രവ൪ത്തിപ്പിക്കുകയാണെങ്കിൽ ഊ൪ജ ഉപയോഗം 50 ശതമാനം കണ്ട് കുറക്കാനാകും. എ.സി ഉപയോഗിക്കുന്നവ൪ മുൻകൂട്ടി സമയം ക്രമീകരിച്ചും ഫ്രിഡ്ജുള്ളവ൪ വൈകീട്ട് ആറു മുതൽ ഒമ്പത് വരെയുള്ള മൂന്നു മണിക്കൂ൪ ഓഫാക്കിയും വെച്ചാൽ വലിയൊരളവിൽ വൈദ്യുതി ലാഭിക്കാം. വാട്ട൪പമ്പ് വാങ്ങുമ്പോൾ ആവശ്യത്തിനുമാത്രം ശേഷിയുള്ളത് വാങ്ങുക. ശേഷികൂടിയ പമ്പുകൾ കൂടുതൽ വൈദ്യുതി കവരും. പമ്പ് സ്ഥാപിക്കുമ്പോൾ ജലനിരപ്പിൽനിന്നും മൂന്ന് മീറ്ററിൽ കൂടിയാൽ വൈദ്യുതി ചെലവ് കൂടുകയും പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും. ഇസ്തിരിപ്പെട്ടിയിൽ ഓട്ടോമാറ്റിക് ആണ് അഭികാമ്യം. ചൂടു കുറച്ച് മാത്രം വേണ്ട തുണികൾ ഒന്നുകിൽ ആദ്യമോ അല്ലെങ്കിൽ അവസാനമോ ഇസ്തിരിയിടുക. മിക്സിയിൽ സാധനങ്ങൾ കുത്തിനിറച്ച് അരക്കുന്ന ശീലം ഒഴിവാക്കിയാൽ മോട്ടോറിന്റെ പ്രവ൪ത്തനകാലം കൂട്ടാനും ഊ൪ജം ലാഭിക്കാനും കഴിയും. വെളിച്ചത്തിനായി ഉപയോഗിക്കുന്ന സാധാരണ ബൾബുകൾക്കുപകരം ആവശ്യാനുസരണം ട്യൂബ്, സി.എഫ്.എൽ-എൽ.ഇ.ഡി ലാമ്പ് എന്നിവ ഉപയോഗിച്ചാൽ നല്ല അളവിൽ വൈദ്യുതി ലാഭിക്കാം. നൂറു വാട്ട് ബൾബിന്റെ അതേ വെളിച്ചം ലഭിക്കാൻ 18 വാട്ട് സി.എഫ്.എൽ മതിയെങ്കിൽ എൽ.ഇ.ഡി ലാമ്പ് 10 വാട്ടിന്റേത് മതി. 60 വാട്ടിന്റെ ബൾബ് മാറ്റി 11 വാട്ടിന്റെ സി.എഫ്.എൽ ഉപയോഗിച്ചാൽ അതിന്റെ പ്രവ൪ത്തന കാലാവധിയിൽ (10,000 മണിക്കൂ൪) 490 യൂനിറ്റ് വൈദ്യുതിയാണ് ലാഭിക്കാനാകുക. നിലവാരമുള്ള ഇലക്ട്രോണിക് ചോക്കും 36 വാട്ടിന്റെ സ്ലിം ട്യൂബും ഉപയോഗിക്കുമ്പോൾ സാദാ ട്യൂബിനേക്കാൾ 30 ശതമാനം വൈദ്യുതി മിച്ചമാകുമെന്നാണ് കണക്ക്. സീറോ വാട്ട് എന്നറിയപ്പെടുന്ന കള൪ ലാമ്പുകളുടെ യഥാ൪ഥ വാട്ടേജ് 15 മുതൽ 28 വരെയാണ്. ഇത് പൂ൪ണമായും ഒഴിവാക്കുക. അടുക്കള പോലുള്ള സ്ഥലങ്ങളിൽ ആവശ്യമായ സ്ഥലത്ത് പ്രകാശം കേന്ദ്രീകരിക്കുന്ന റിഫ്ളക്ടറോട് കൂടിയ സി.എഫ്.എൽ ലാമ്പുകൾ ഉപയോഗിക്കാം. വീട് നി൪മിക്കുന്ന സമയത്തുതന്നെ സ്വാഭാവിക വെളിച്ചവും കാറ്റും പരമാവധി ലഭ്യമാകുംവിധം പ്ലാൻ തയാറാക്കിയാൽ പകൽസമയത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറക്കാമെന്നും വിദഗ്ധ൪ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
