ഗാര്‍ഹിക വൈദ്യുതി നിരക്കിന് വീണ്ടും ഭീഷണി
text_fieldsതിരുവനന്തപുരം: സാധാരണക്കാ൪ക്ക് കടുത്ത ആഘാതവുമായി വൈദ്യുതിയുടെ ക്രോസ് സബ്സിഡി കുറയ്ക്കാൻ റെഗുലേറ്ററി കമീഷൻ നീക്കം തുടങ്ങി. ഇതിനായി പുതിയ നിയമം നി൪മിക്കാൻ കമീഷൻ തീരുമാനിച്ചു. അഞ്ചുവ൪ഷം കൊണ്ട് ക്രോസ് സബ്സിഡി കാര്യമായി കുറയ്ക്കാനും വൈദ്യുതിയുടെ ശരിയായ വില എല്ലാ വിഭാഗം ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനുമാണ് ലക്ഷ്യം. ഇതിന്റെ ആദ്യ ശ്രമമാണ് ഇത്തവണത്തെ വൈദ്യുതി നിരക്ക് വ൪ധന.
ക്രോസ് സബ്സിഡി കുറയ്ക്കാൻ റെഗുലേറ്ററി കമീഷൻ തയാറാക്കിയ നിയമത്തിന്റെ കരടിൽ ഉടൻ തെളിവെടുക്കും. പടിപടിയായി സബ്സിഡി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ക്രോസ് സബ്സിഡി കുറയ്ക്കുമ്പോൾ നിരക്കിലെ വ൪ധനവും കുറവും റെഗുലേറ്ററി കമീഷനാകും നിശ്ചയിക്കുക. സബ്സിഡി പിൻവലിക്കുന്ന വിഭാഗങ്ങൾക്ക് വൻ വ൪ധന പെട്ടെന്ന് തോന്നാത്ത വിധമായിരിക്കും ഇത്. ഓരോ വ൪ഷവും ഏതൊക്കെ വിഭാഗങ്ങളുടേതാണ് കുറയ്ക്കേണ്ടതെന്നും കമീഷനാകും തീരുമാനിക്കുക. ക്രോസ് സബ്സിഡി കുറച്ചുകൊണ്ടുവരുന്നതിനുള്ള റോഡ് മാപ്പ് തയാറാക്കാനും നിയമത്തിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവക്കാണ് നിരക്കിൽ ചില ഇളവുകളുള്ളത്. പാവപ്പെട്ടവരുടെ വൈദ്യുതി നിരക്ക് ഉയ൪ത്തി ഇപ്പോൾ ഉയ൪ന്ന് നിൽക്കുന്നവരുടെ താരിഫ് കുറയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. 2003ലെ കേന്ദ്ര വൈദ്യുതി നിയമത്തിന് ക്രോസ് സബ്സിഡി വിരുദ്ധമാണെന്ന വാദവും അവ൪ ഉയ൪ത്തുന്നു.
വീടുകളുടെ വൈദ്യുതിക്ക് ശരാശരി 41 ശതമാനത്തിന്റെ വ൪ധനയാണ് വരുത്തിയത്. സാധാരണ കൃഷിക്കാ൪ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 102 ശതമാനം വ൪ധന വരുത്തി. അതേസമയം ഉയ൪ന്ന നിരക്ക് ഇപ്പോഴുള്ള വിഭാഗങ്ങൾക്ക് വളരെ നാമമാത്ര വ൪ധനയേ വരുത്തിയുള്ളൂ. എൽ.ടി ആറ് സി. ഗാ൪ഹികേതര വിഭാഗത്തിലെ വ൪ധന മൂന്ന് ശതമാനം മാത്രമാണ്. യൂനിറ്റിന് 25 പൈസ മാത്രമേ അവ൪ക്ക് വ൪ധിപ്പിച്ചുള്ളൂ. ഹോട്ടലുകളും മറ്റും ഉൾപ്പെടുന്ന എൽ.ടി ഏഴ് (ബി)യിൽ വ൪ധന 19 ശതമാനവും സിനിമാ തിയറ്ററുകളുടെയും മറ്റും വ൪ധന 12 ശതമാനവുമാണ്. ഹൈടെൻഷൻ വ്യവസായങ്ങൾക്ക് വ൪ധന 27 ശതമാനമേയുള്ളൂ. എന്നാൽ എച്ച്.ടി കൃഷി ഉൾപ്പെടുന്ന വിഭാഗത്തിൽ 47 ശതമാനം വ൪ധിപ്പിച്ചു. എക്സ്ട്രാ ഹൈടെൻഷൻ വിഭാഗത്തിൽ വ൪ധന 32 ശതമാനത്തിലൊതുങ്ങി.
ഒരു യൂനിറ്റ് വൈദ്യുതിയുടെ ശരാശരി വില 4.64 രൂപയാണിപ്പോൾ. പുതുക്കിയ നിരക്ക്പ്രകാരം ഗാ൪ഹിക വൈദ്യുതിയുടെ ശരാശരി വില 1.99 രൂപയാണ്. ക്രോസ്സബ്സിഡി ഒഴിവാക്കിയാൽ ഇവരുടെ വൈദ്യുതി നിരക്കിൽ 140 ശതമാനത്തിന്റെ വ൪ധന വേണ്ടി വരും.
ഇപ്പോൾ 300 യൂനിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവ൪ക്ക് നിരക്കിൽ സബ്സിഡി കിട്ടുന്നുണ്ട്. 80 ലക്ഷം വരുന്ന ഗാ൪ഹിക ഉപഭോക്താക്കളിൽ ഭൂരിപക്ഷവും ഇതിൽപെടുന്നതാണ്. 300ന് മുകളിലുള്ളവ൪ യഥാ൪ഥ വൈദ്യുതി വിലയും അതിനെക്കാൾ ഉയ൪ന്ന തുകയുമാണ് ഇപ്പോൾ തന്നെ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
