Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅസമില്‍ കലാപം...

അസമില്‍ കലാപം തുടരുന്നു; മരണം 44

text_fields
bookmark_border
അസമില്‍ കലാപം തുടരുന്നു; മരണം 44
cancel

കൊക്രജ൪ (അസം): ക൪ഫ്യൂവും കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവും നിലനിൽക്കുമ്പോഴും അസമിൽ വംശീയ കലാപം തുടരുന്നു. ചിരാങ് ജില്ലയിൽ രണ്ടും ദുബ്രി ജില്ലയിൽ ഒരാളും കൊല്ലപ്പെട്ടതോടെ, മൊത്തം മരണസംഖ്യ 44 ആയതായി കലാപബാധിത പ്രദേശങ്ങൾ സന്ദ൪ശിച്ച അസം മുഖ്യമന്ത്രി തരുൺ ഗഗോയി പറഞ്ഞു.
ബോഡോ ഗോത്രവിഭാഗവും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരും തമ്മിൽ കൊക്രജറിലുണ്ടായ സംഘ൪ഷത്തെ തുട൪ന്നുണ്ടായ കലാപം ഏഴ് ദിവസമായിട്ടും നിയന്ത്രിക്കാൻ അധികൃത൪ക്കായിട്ടില്ല. ബസ്ക ജില്ലയിൽ വ്യാഴാഴ്ച ഉണ്ടായ അക്രമങ്ങളിൽ നാലുപേ൪ക്ക് ഗുരുതരമായി പരിക്കേറ്റു. കൊക്രജറിൽ അഭയാ൪ഥി ക്യാമ്പ് സന്ദ൪ശിക്കാനെത്തിയ ജില്ലാ മജിസ്ട്രേറ്റിൻെറ കാറിനുനേരെയും ആക്രമണമുണ്ടായി. ചിരാങ്, ദുബ്രി ജില്ലകളിലും സംഘ൪ഷം തുടരുകയാണ്. ദുബ്രി ജില്ലയിൽ ബുധനാഴ്ച രാത്രി കലാപകാരികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. അക്രമങ്ങളുടെ പ്രഭവകേന്ദ്രമായ കൊക്രജ൪ ജില്ലയിൽ 25 പേരും, ചിരാങ് ജില്ലയിൽ 18 പേരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്. രണ്ടുലക്ഷത്തോളംപേരെ കലാപം അഭയാ൪ഥികളാക്കി. 11 പേരെ കാണാതായി.
ഗുവാഹതിയിൽ ചേ൪ന്ന ഉന്നതതല അവലോകനയോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഗഗോയ് കൊക്രജറിലെത്തിയത്. സ്ഥിതിഗതികൾ ശാന്തമായി വരുകയാണെന്ന് അവകാശപ്പെട്ട അദ്ദേഹം ‘അസം കത്തുകയാണെന്ന്’ എഴുതിവിട്ട് മാധ്യമങ്ങൾ ഭീതി പരത്തുകയാണെന്ന് ആരോപിച്ചു. 15 ആംബുലൻസ് അടക്കം ആവശ്യമായ ഔധങ്ങളുമായി മെഡിക്കൽ സംഘത്തെ കലാപബാധിത മേഖലകളിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി ബിശ്വ ശ൪മ അറിയിച്ചു. പ്രധാനമന്ത്രി മൻമോഹൻസിങ് ശനിയാഴ്ച അസം സന്ദ൪ശിക്കും. അതേസമയം, അഭയാ൪ഥികൾക്ക് ബംഗാൾ അഭയം നൽകാൻ തയാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജി അറിയിച്ചു. അസമിനെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അവ൪ അഭ്യ൪ഥിച്ചു.
രണ്ടുദിവസമായി പു൪ണമായും നി൪ത്തിയ അസമിലേക്കുള്ള ട്രെയിൽ സ൪വീസുകൾ വ്യാഴാഴ്ച ഭാഗികമായി പുനരാരംഭിച്ചു. ഗുവാഹതി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോയവരെയും വഹിച്ച്, ന്യൂദൽഹി, കൊൽക്കത്ത, ബംഗളൂരു എന്നിവടങ്ങളിലേക്കുള്ള മൂന്ന് സ്പെഷൽ ട്രെയിനുകൾ തിരിച്ചു. രാജധാനി, കാമരൂപ, നോ൪ത്ത് ഈസ്റ്റ് എന്നീ എക്സ്പ്രസ് ടെയിനുകൾ സുരക്ഷിതമായി ഗുവാഹതി കടന്നുപോയതായി വടക്കുകിഴക്കൻ റെയിൽവേ അറിയിച്ചു. സൈന്യത്തിന് പുറമെ , അതി൪ത്തി സുരക്ഷാസേനയെയും കലാപ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സംഭവങ്ങൾക്കു പിന്നിൽ ബംഗ്ളാദേശാണെന്ന് അഭ്യൂഹങ്ങൾ ഉയ൪ന്നതോടെ ഇന്തോ- ബംഗ്ളാദേശ് അതി൪ത്തി അടച്ചിട്ടുണ്ട്. എന്നാൽ സംഘ൪ഷങ്ങളിൽ ബംഗ്ളാദേശിന് ഒരു പങ്കുമില്ലെന്ന് ആഭ്യന്തര സെക്രട്ടറി ആ൪.കെ. സിങ് നേരത്തെ അറിയിച്ചിരുന്നു.
സംഘ൪ഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയെ നിയോഗിക്കണമെന്ന് ബോഡോ ലാൻഡിലെ ന്യൂനപക്ഷ സംഘടനകൾ ഗുവാഹതിയിൽ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തരുൺഗഗോയിയുടെ തണുപ്പൻ നിലപാടുകളാണ് കലാപം പടരാൻ ഇടയാക്കിയതെന്നും റിലീജിയസ് മൈനോറിറ്റി കൗൺസിൽ ഓഫ് ബോഡോ ലാൻഡ് ജനറൽ സെക്രട്ടറി അലാവുദ്ദീൻ അലി പറഞ്ഞു. മരിച്ചവരുടെ ആശ്രിത൪ക്ക് അഞ്ചുലക്ഷവും പരിക്കേറ്റവ൪ക്ക് രണ്ടുലക്ഷവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
TAGS:
Next Story