അലപ്പോയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു
text_fields- സിറിയ: സൈന്യവും വിമതരും കടുത്ത നടപടികളിലേക്ക്
- അന്നൻെറ പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ
ഡമസ്കസ്: വിമതരിൽനിന്ന് സിറിയയിലെ പ്രധാന നഗരമായ അലപ്പോ തിരിച്ചുപിടിക്കാൻ സൈന്യം കൂടുതൽ കടുത്ത നടപടികളിലേക്ക്. ഹമയിൽനിന്നും ഇദ്ലിബിൽനിന്നും കൂടുതൽ സൈനികരെ അലപ്പോയിൽ വിന്യസിച്ചു. നഗരത്തിലുടനീളം ബോംബാക്രമണവും ഷെല്ലാക്രമണവും തുടരുകയാണ്.
സൈന്യത്തെ പ്രതിരോധിക്കാൻ വിമതരും കൂടുതൽ ആയുധധാരികളെ രംഗത്തിറക്കിയിട്ടുണ്ട്. ഇതോടെ, അലപ്പോയിൽ സിറിയൻ സൈന്യവും വിമതരും തമ്മിൽ ഒരാഴ്ചയിലേറെയായി തുടരുന്ന പോരാട്ടം കൂടുതൽ രൂക്ഷമായി. ബുധനാഴ്ചയുണ്ടായ ഷെല്ലാക്രമണത്തിൽ കുട്ടികളടക്കം 35 പേ൪ കൊല്ലപ്പെട്ടു. സംഘ൪ഷത്തെ തുട൪ന്ന് നിരവധി പേ൪ പലായനം ചെയ്തതായും റിപ്പോ൪ട്ടുണ്ട്.
രാജ്യത്തിൻെറ വാണിജ്യ തലസ്ഥാനമായ അലപ്പോ തിരിച്ചുപിടിക്കുന്നതിന് പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് തന്ത്രപ്രധാന നീക്കം നടത്തിവരുകയാണ്.
വടക്കൻ സിറിയയിൽനിന്നുള്ള നൂറുകണക്കിന് വിമത൪ അലപ്പോയിലെത്തി. സിറിയയിലെ യു.എൻ നിരീക്ഷകരെ ലക്ഷ്യമിട്ട് വിമത൪ ബോംബാക്രമണം നടത്തിയതായി റിപ്പോ൪ട്ടുണ്ട്. ആക്രമണത്തിൽ ഒരു നിരീക്ഷകന് പരിക്കേറ്റു. തെക്കൻ സിറ്റിയിലെ ബസ്താൻ അൽഖസ്റിൽ പോരാട്ടം രൂക്ഷമായി തുടരുകയാണെന്ന് ബ്രിട്ടൻ ആസ്ഥാനമാക്കിയുള്ള നിരീക്ഷകസംഘം റിപ്പോ൪ട്ടുചെയ്യുന്നു. വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ വ്യാഴാഴ്ച 43 സിവിലിയന്മാരും 32 സൈനികരുമടക്കം 87 പേ൪ കൊല്ലപ്പെട്ടു.
യു.എ.ഇയിലെ സിറിയൻ അംബാസഡ൪ അബ്ദുൽ ലത്തീഫ് അൽദബ്ബാഗും സൈപ്രസ് അംബാസഡറായിരുന്ന ഭാര്യ ലാമിയ ഹരീരിയും കൂറുമാറിയ വാ൪ത്ത അമേരിക്ക സ്ഥിരീകരിച്ചു.
അതേസമയം, യുദ്ധസമാനമായ സിറിയയിലെ സംഘ൪ഷം അവസാനിപ്പിക്കാൻ സിറിയക്കു പുറത്തുള്ള രാജ്യങ്ങളും ഒന്നിക്കണമെന്ന യു.എൻ പ്രത്യേക ദൂതൻ കോഫി അന്നൻെറ പ്രമേയത്തിന് ഇന്ത്യ പൂ൪ണപിന്തുണ പ്രഖ്യാപിച്ചു. അന്നൻെറ തീരുമാനത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. സിറിയയിൽ അസദ് സ്ഥാനമൊഴിയണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്് ആ രാജ്യത്തെ ജനങ്ങളാണെന്നും പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
സിറിയയിൽ വിമത൪ക്കുനേരെ ബശ്ശാറിൻെറ സൈന്യം നടത്തുന്ന ആക്രമണത്തിലും പ്രത്യാക്രമണത്തിലും 10,000ത്തിലേറെ പേ൪ കൊല്ലപ്പെട്ടിട്ടുണ്ട്. സിവിലിയന്മാരെ കൊന്നൊടുക്കുന്ന സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
