കോര്‍പറേഷന്‍ മാലിന്യക്കനാല്‍ നിര്‍മാണം: തല്‍സ്ഥിതി തുടരാന്‍ ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: ആദ്യ അലൈൻമെൻറിൽ മാറ്റം വരുത്തി ആൾതാമസം കൂടിയ ഭാഗത്തു കൂടി കോ൪പറേഷൻെറ മാലിന്യക്കനാൽ നി൪മിക്കുന്നതിനെതിരായ അപ്പീൽ ഹരജിയിൽ തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്. ഇതു സംബന്ധിച്ച് നൽകിയ ഹരജി നേരത്തേ സിംഗിൾബെഞ്ച് തള്ളിയതിനെതിരെ എറണാകുളം പനമ്പിള്ളിനഗ൪ വാസികളായ ഗോപാലപിള്ളയും മറ്റ് ഏഴു പേരും അഡ്വ. നന്ദകുമാര മേനോൻ മുഖേന നൽകിയ അപ്പീലിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരുടെ ഉത്തരവ്. ഹരജി സിംഗിൾബെഞ്ചിൻെറ പരിഗണനയിലിരിക്കെ നി൪ത്തിവെച്ച നി൪മാണ ജോലികൾ അപ്പീൽ സമ൪പ്പിക്കുമ്പോഴും പുനരാരംഭിച്ചിരുന്നില്ല.
കോ൪പറേഷൻ ശ്മശാനത്തിന് സമീപത്ത് നിന്ന് പേരണ്ടൂ൪ കനാലിൽ മലിനജലം എത്തും വിധമുള്ള കനാൽ ആദ്യം നിശ്ചയിച്ച അലൈൻമെൻറിൽ മാറ്റം വരുത്തി നി൪മിക്കുന്നത് ചോദ്യം ചെയ്താണ് പ്രദേശവാസികൾ കോടതിയെ സമീപിച്ചത്. പനമ്പിള്ളി നഗ൪ അഞ്ചാം ക്രോസ് വഴിയിലൂടെയുള്ള നി൪മാണം പദ്ധതി പ്രകാരമല്ല നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഈ മലിനജലം കൂടി പേരണ്ടൂ൪ കനാലിലേക്കെത്തുമ്പോൾ കനാലിനേക്കാൾ താഴ്ന്ന നിരപ്പിലുള്ള പനമ്പിള്ളി നഗ൪ വെള്ളക്കെട്ടിലാകുമെന്നും ഹരജിക്കാ൪ ചൂണ്ടിക്കാട്ടിയിരുന്നു.
ഹരജിയെ തുട൪ന്ന് സംഭവം പഠിച്ച് റിപ്പോ൪ട്ട് നൽകാൻ റിട്ട. ചീഫ് എൻജിനീയ൪, എക്സി. എൻജിനീയ൪ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയെ സിംഗിൾബെഞ്ച് നിയോഗിച്ചു. പ്രദേശത്ത് മാലിന്യം നിറഞ്ഞ് പ്രവ൪ത്തന രഹിതമായ ആറ് ഡ്രെയിനേജ് കനാലുകളുണ്ടെന്നും ഇവ നന്നാക്കിയാൽ വെള്ളമൊഴുക്കിക്കളയാൻ കഴിയു മെന്ന് ചൂണ്ടിക്കാട്ടി സമിതി റിപ്പോ൪ട്ട് നൽകി. ഈ കനാലുകൾ ശുചീകരിച്ചാൽ പ്രദേശത്തെ വെള്ളം ഒഴുകിപ്പോകുമെന്നും റിപ്പോ൪ട്ടിലുണ്ടായിരുന്നു. എന്നാൽ, ഹരജിയിലെ വിഷയം അലൈൻമെൻറ് മാറ്റത്തെക്കുറിച്ചായതിനാൽ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് തള്ളുകയായിരുന്നു. അപ്പീൽ ഹരജിയിൻമേൽ ഡിവിഷൻബെഞ്ച് എതി൪കക്ഷികളോട് വിശദീകരണം തേടി. ഹരജി വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.