വൈദ്യുത നിരക്ക് വര്‍ധന നടുവൊടിക്കും
text_fields- നിരക്ക് കുത്തനെ കൂട്ടി
- ഗാ൪ഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാ൪ജ്
- ക്രോസ്സബ്സിഡി കുറച്ചു
തിരുവനന്തപുരം: മുഴുവൻ വിഭാഗം ഉപഭോക്താക്കൾക്കും കനത്ത ആഘാതമേൽപ്പിച്ച് സംസ്ഥാനത്ത് വൈദ്യുതി ചാ൪ജ് കുത്തനെ കൂട്ടി. സിംഗ്ൾ ഫേയ്സിന് 20 രൂപ വീതവും ത്രീ ഫെയ്സിന് 60 രൂപ വീതവും മാസം ഫിക്സഡ് ചാ൪ജ് എന്ന പേരിൽ പുതിയ ബാധ്യത ഗാ൪ഹിക ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപിച്ചു. മീറ്റ൪ വാടക പോലെ ഇത് നൽകേണ്ടിവരും. കാ൪ഷിക മേഖലയിൽ നിരക്ക് രണ്ടിരട്ടിയാക്കി. ജൂലൈ ഒന്നുമുതലുള്ള ഉപയോഗത്തിന് വ൪ധിപ്പിച്ച നിരക്ക് ഈടാക്കും. 10 വ൪ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് അടിസ്ഥാന വൈദ്യുതിനിരക്ക് വ൪ധിക്കുന്നത്.
വൈദ്യുതി ബോ൪ഡിൻെറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിരക്കു വ൪ധന സംസ്ഥാനത്ത് വൻപ്രതിഷേധങ്ങൾക്കായിരിക്കും വഴിവെക്കുക. വ൪ധന പിൻവലിച്ചില്ലെങ്കിൽ കടുത്ത പ്രക്ഷോഭം ഉയരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കോഴിക്കോട് വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റു പ്രതിപക്ഷ കക്ഷികളും സമരത്തിനുള്ള സൂചന നൽകി. നിരക്കുവ൪ധനക്കെതിരെ ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള യുവജന പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 1676.84 കോടി രൂപയുടെ അധികവരുമാനം ബോ൪ഡിന് ലഭിക്കും വിധമാണ് വ൪ധന. നിരക്ക് വ൪ധിപ്പിക്കാൻ ബോ൪ഡ് നൽകിയ അപേക്ഷയിലാണ് റെഗുലേറ്ററി കമീഷൻ തീരുമാനം. നിലവിലെ നിരക്കിൽ 30.2 ശതമാനം വ൪ധനയാണ് ഇതുവഴിയുണ്ടാകുക. ഗാ൪ഹിക മേഖലക്കുപുറമെ, വ്യവസായ-വാണിജ്യ വിഭാഗത്തിനും നിരക്കു വ൪ധന കനത്ത അടിയാകും. ഗാ൪ഹിക മേഖലക്ക് താഴ്ന്ന നിരക്കിൽ വൈദ്യുതി നൽകുമ്പോൾ വേണ്ടിവരുന്ന ക്രോസ്സബ്സിഡി കുറയ്ക്കുകയാണ് റഗുലേറ്ററി കമീഷൻ ചെയ്തത്.
ഗാ൪ഹിക വൈദ്യുത നിരക്കിൽ യൂനിറ്റിന് 35 പൈസ മുതൽ 2.20 രൂപ വരെയാണ് വ൪ധന. പ്രതിമാസം 500 യൂനിറ്റിന് മേൽ ഉപയോഗിക്കുന്നവ൪ മുഴുവൻ വൈദ്യുതിക്കും യൂനിറ്റിന് 6.50 രൂപ നിരക്കിൽ നൽകണം. ആദ്യ സ്ളാബുകളിൽ കുറഞ്ഞനിരക്കിൻെറ ആനുകൂല്യം നൽകിവന്ന നിലവിലെ രീതി മാറ്റി.
500 യൂനിറ്റിനു മുകളിൽ ഉപയോഗിക്കുന്ന വീടുകൾക്ക് ടി.ഒ.ഡി (ടൈം ഓഫ് ഡേ) മീറ്റ൪ അടുത്ത ജനുവരിയിൽ ഏ൪പ്പെടുത്തും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ യഥാ൪ഥ നിരക്കും (യൂനിറ്റിന് 6.50 രൂപ) ആറു മുതൽ 10 വരെ 120 ശതമാനവും (യൂനിറ്റിന് 7.80 രൂപ) നൽകണം. രാത്രി 10നും രാവിലെ ആറിനും ഇടക്കുള്ള ഉപയോഗത്തിന് നിരക്കിൻെറ 90 ശതമാനം (യൂനിറ്റിന് 5.85) നൽകിയാൽ മതി. ഗാ൪ഹിക ഉപഭോക്താക്കൾക്ക് നൽകുന്ന വൈദ്യുതിയുടെ ഏറ്റവും കുറഞ്ഞ വില യൂനിറ്റിന് 1.15 രൂപയിൽ നിന്ന് 1.50 രൂപയായും ഉയ൪ന്നനിരക്ക് 5.30ൽ നിന്ന് 7.50 ആയും വ൪ധിപ്പിച്ചു.
ലോ ടെൻഷൻ (എൽ.ടി) നാല് വിഭാഗം ചെറുകിട വ്യവസായങ്ങളിൽ കണക്റ്റഡ് ലോഡ് 10 എച്ച്.പിയോ അതിൽ താഴെയോ ഉള്ളവ൪ക്ക് ഫിക്സഡ് ചാ൪ജ് 60 രൂപയാക്കി. പ്രതിമാസം 30,000 യൂനിറ്റിനു മുകളിൽ ഉപയോഗിക്കുന്ന സ്റ്റാ൪ ഹോട്ടലുകൾ, വൻകിട ജ്വല്ലറികൾ, ടെക്സ്റ്റൈലുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവക്ക് നിരക്ക് കൂടും. തദ്ദേശ സ്ഥാപനങ്ങൾക്ക് തെരുവ് വിളക്കുകൾ കത്തിക്കാനുള്ള വൈദ്യുതി വിലയും കൂട്ടി. ഹോംസ്റ്റേക്ക് വാണിജ്യത്തിന് പകരം ഗാ൪ഹിക നിരക്ക് ബാധകമാക്കി. എന്നാൽ, വ്യവസായ സ്ഥാപനങ്ങൾക്ക് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിൻെറ നിരക്ക് കുറച്ചു.
കൃഷിക്കടക്കം വൈദ്യുതി നൽകുന്ന എൽ.ടി അഞ്ച് വിഭാഗത്തിൻെറ നിരക്ക് കുത്തനെ കൂട്ടി. ഹോട്ടലുകൾ, സ്വകാര്യ ഹോസ്റ്റലുകൾ, ഷോറൂമുകൾ, കോൾഡ് സ്റ്റോറേജുകൾ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് 500 യൂനിറ്റ് വരെ നിലവിലെ നിരക്ക് തുടരും.
സബ്സിഡി നൽകില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതിക്ക് സ൪ക്കാ൪ സബ്സിഡി ചിന്തിക്കാനാവില്ലെന്നും നിരക്ക്വ൪ധന അനിവാര്യമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സി. അച്യുതമേനോൻ ജന്മദിനആഘോഷങ്ങളുടെ ഉദ്ഘാടനം നി൪വഹിച്ചശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ സബ്സിഡി ചിന്തിക്കുന്നില്ല. ഗുരുതര സാഹചര്യത്തിലാണ് വിലവ൪ധനക്ക് സ൪ക്കാ൪ അനുമതി നൽകിയത്. ഇപ്പോൾ നമുക്കാവശ്യമുള്ളതിൻെറ മൂന്നിലൊന്ന് വെള്ളമേ ഡാമുകളിലുള്ളൂ. പവ൪കട്ട് ഒഴിവാക്കാൻ പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരും. സാഹചര്യം മാറുമ്പോൾ നിരക്ക് പുന$സ്ഥാപിക്കുന്നതും കുറയ്ക്കുന്നതും തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
