ഇന്ദുവിന്‍െറ മരണം: അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണം-ഹൈകോടതി
text_fieldsകൊച്ചി: കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷണ വിദ്യാ൪ഥിനിയായിരുന്ന ഇന്ദുവിൻെറ മരണത്തെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക സംഘത്തിന്. ഡി.ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻെറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസ് മൂന്നാഴ്ചക്കകം കൈമാറണമെന്ന് ഹൈകോടതി ഡി.ജി.പിയോട് നി൪ദേശിച്ചു.
ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എസ്. എസ് സതീശചന്ദ്രൻെറ ഉത്തരവ്. പുതിയ സംഘ അന്വേഷണ പുരോഗതി റിപ്പോ൪ട്ട് മൂന്നു മാസത്തിനകം സമ൪പ്പിക്കണമെന്നും കോടതി നി൪ദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും കോടതിയുടെ നിരീക്ഷണം വേണമെന്നുമാവശ്യപ്പെട്ട് ഇന്ദുവിൻെറ പിതാവ് തിരുവനന്തപുരം കുമാരപുരം വൈശാഖിൽ കെ. കൃഷ്ണൻനായ൪ നൽകിയ ഹരജി തീ൪പ്പാക്കിയാണ് ഉത്തരവ്.
ഇന്ദുവിൻെറ മരണവുമായി ബന്ധപ്പെട്ട് എൻ.ഐ.ടിയിലെ തന്നെ അധ്യാപകനും സുഹൃത്തുമായ സുഭാഷിനെ നാ൪ക്കോ അനാലിസിസ് -ബ്രെയിൻ മാപ്പിങ് പരിശോധനക്ക് വിധേയമാക്കിയതായി ക്രൈബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചിരുന്നു. ഇന്ദുവിൻെറ പെൻഡ്രൈവും ലാപ്ടോപും പരിശോധനക്ക് വിധേയമാക്കി.
സുഭാഷിന് വന്നതും പുറത്തേക്ക് വിളിച്ചതുമായ ഫോൺ കോളുകൾ പരിശോധിച്ചിട്ടുണ്ട്. ഇന്ദുവിൻേറത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ് മോ൪ട്ടം റിപ്പോ൪ട്ടിലുള്ളത്. എം.ടെക്ക് വിദ്യാഭ്യാസ കാലത്ത് പരിചയപ്പെട്ട അഭിഷേകുമായി ഇന്ദുവിൻെറ വിവാഹം ഉറപ്പിച്ചിരുന്നു. മെയ് 16ന് വിവാഹം നടക്കാനിരിക്കെയാണ് മരണം . ഇതുവരെയുള്ള അന്വേഷണത്തിൽ ഇന്ദുവിൻെറ മരണം ആത്മഹത്യയാണെന്നുള്ള നിഗമനമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.
2011 ഏപ്രിൽ 24ന് തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ കാണാതാവുകയും പിന്നീട് പെരിയാറിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മരണത്തെക്കുറിച്ച് സഹപ്രവ൪ത്തകനായ സുഭാഷിന് വ്യക്തമായ അറിവുണ്ടെന്ന് വിവരം ലഭിച്ചിട്ടും സത്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. പി. വിജയഭാനു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
