ഒളിമ്പിക്സ് മഹാമേളയുടെ കവാടമായ ഹീത്രു വിമാനത്താവളം കടന്നെത്തുന്ന ലക്ഷങ്ങളെ സ്വാഗതം ചെയ്യുകയാണ് വിഖ്യാത വിജയചിഹ്നവുമായി ഉസൈൻ ബോൾട്ടെന്ന ലോകത്തെ അതിവേഗക്കാരനായ അത്ലറ്റ്. പ്രധാന കേന്ദ്രത്തിലെല്ലാം ബോൾട്ടിന്റെ കട്ടൗട്ടുകളും ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ച് ലണ്ടൻ നഗരം ഈ ജമൈക്കക്കാരൻ കൈയടക്കിയിരിക്കുന്നു. ചൈനയിലെ കിളിക്കൂട്ടിൽ 2008ൽ തുടങ്ങിയതാണ് പ്രയാണം. സ്പ്രിന്റിലും റിലേയിലും ലോകറെക്കോഡ് സ്ഥാപിച്ച് ഭൂമിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി പേരെടുത്ത ബോൾട്ട് നാലു വ൪ഷങ്ങൾക്കിപ്പുറം ലണ്ടനിൽ ഒളിമ്പിക്സ് ഉത്സവക്കാലത്തിന് കൊടി ഉയരാൻ ഇരിക്കവെ താരത്തിളക്കത്തിൽ പത്തരമാറ്റ് പകിട്ടിലാണ്. ഇതിഹാസങ്ങൾ ഒരുപാട് പിറന്ന ഒളിമ്പിക് ചരിത്രത്തിലെ മറ്റൊരു ഇതിഹാസമാവാനുള്ള ഒരുക്കത്തിലാണ് താനെന്ന് വ്യക്തമാക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ ഉച്ചിയിലാണ് ജമൈക്കൻ സ്പ്രിന്റ൪. 100, 200 മീറ്ററുകളിലെ ഒളിമ്പിക് ചാമ്പ്യൻപട്ടം നിലനി൪ത്താൻ കച്ചമുറുക്കുമ്പോൾ ചരിത്രത്തിൽ ആ൪ക്കും ലഭിക്കാത്ത റെക്കോഡാണ് ബോൾട്ടിന്റെ ലക്ഷ്യം. 100 മീറ്ററിൽ തുട൪ച്ചയായി രണ്ടു തവണ ചാമ്പ്യനായ അമേരിക്കയുടെ ഇതിഹാസതാരം കാൾ ലൂയിസിൽനിന്ന് 1988ൽ ഈ നേട്ടം തട്ടിയകന്നശേഷം ബോൾട്ടിനാണ് ഇക്കുറി സാധ്യത തെളിയുന്നത്. 9.58 സെക്കൻഡിൽ 100 മീറ്ററിൽ റെക്കോഡിനുടമയായ ജമൈക്കക്കാരന്റെ ലണ്ടൻ വിസ്മയത്തിനായി ലോകം കാത്തിരിക്കുമ്പോൾ കണക്കുപുസ്തകങ്ങളിൽ അട്ടിമറിയുടെ സൂചന ചികയുകയാണ്. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ഫൗൾ സ്റ്റാ൪ട്ടിനെ തുട൪ന്ന് പുറത്തായതും പിന്നീട് തുട൪ച്ചയായ തിരിച്ചടികളും ബോൾട്ടിന്റെ സമയസൂചികക്ക് ഇളക്കംതട്ടിച്ചെന്ന് നിരീക്ഷണമുയരുന്നു. പ്രധാന വെല്ലുവിളി നൽകുന്ന പരിശീലന കൂട്ടാളി യൊഹാൻ ബ്ലെയ്ക്, നാട്ടുകാരൻ അസഫ പവൽ, അമേരിക്കയുടെ മുൻ ലോകചാമ്പ്യൻ ടൈസൻ ഗേ, ആതൻസ് ഒളിമ്പിക്സിലെ ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്ലിൻ എന്നിവ൪ പോരടിക്കുമ്പോൾ ലണ്ടനിൽ ബോൾട്ടിളകുമെന്നാണ് പ്രവചനം. എന്നാൽ, ആത്മവിശ്വാസത്തിന് തെല്ലും കുറവില്ലാതെ ട്രാക്കിലെ കൊടുങ്കാറ്റുപോലെ ബോൾട്ട് പറയുന്നു: 'എനിക്കു മുമ്പേ ഒരുപാട് ഇതിഹാസങ്ങൾ കടന്നുപോയി. പക്ഷേ, ഇതെന്റ സമയം.'
ആഗസ്റ്റ് അഞ്ചിന്റെ പോരാട്ടത്തിനായി ലോകം കൺപാ൪ക്കവെ ലണ്ടനിൽ അവസാനവട്ട തയാറെടുപ്പിലാണ് ഉസൈൻ ബോൾട്ട്. പരിശീലനത്തിരക്കിനിടെ വിദേശ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ.
? ഇക്കുറി ലണ്ടനിൽ, കാര്യങ്ങൾ ഏറെ വ്യത്യസ്തമാണ്. എല്ലാ കോണിൽനിന്നും ബോൾട്ടിന് പരീക്ഷണമാവും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടെലിവിഷൻ പ്രേക്ഷക൪ മുതൽ ട്രാക്കിലെ വെല്ലുവിളി വരെ.
ി (പെട്ടെന്ന് കാമറക്കുനേരെ തിരിഞ്ഞ ബോൾട്ട് നൃത്തച്ചുവടുകൾക്കുശേഷം ആകാശത്തേക്ക് കൈകൾ ചൂണ്ടി വിഖ്യാതമായ വിജയചിഹ്നം കാണിച്ച് ചോദിക്കുന്നു: ഞാൻ എന്തു ചെയ്യണം?). നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നു. ജനങ്ങൾ അവ൪ക്കാവശ്യമുള്ളത് വിശ്വസിക്കുന്നു. എങ്ങനെ ചാമ്പ്യനാവണം എന്നറിയുന്നതിനാൽ ഞാൻ എന്റെ ജോലിയിൽ അധ്വാനിക്കുന്നു. ഞാൻ എന്താവണമെന്നും എന്തിൽ ശ്രദ്ധിക്കണമെന്നും എനിക്കറിയാം.
? കഴിഞ്ഞ ഒരു വ൪ഷം ബോൾട്ടിന് മോശം സമയമായിരുന്നു. ദെയ്ഗു ലോക ചാമ്പ്യൻഷിപ്പിലെ ഫൗൾ സ്റ്റാ൪ട്ട്. കഴിഞ്ഞ മേയിൽ പ്രഫഷനൽ കരിയറിലെ ഏറ്റവും മോശം ഓട്ടം (ഒസ്ട്രോവയിൽ 10.04 സെക്കൻഡ്). ഏറ്റവും ഒടുവിലായി ജമൈക്കൻ ട്രയൽസിനിടെ ബ്ലെയ്ക്കിനു മുന്നിൽ രണ്ട് തോൽവിയും. ഇതിനിടയിൽ ലണ്ടനിൽ ചാമ്പ്യൻപട്ടം നിലനി൪ത്തുമോ
ി തീ൪ച്ചയായും ലണ്ടനിലും ഞാൻ തന്നെ ചാമ്പ്യനാവും. ഇപ്പോൾ പൂ൪ണ ആത്മവിശ്വാസത്തിലാണ്. മാനസികമായി കൂടുതൽ കരുത്ത് നേടിക്കഴിഞ്ഞു. ഓരോ പരിശീലന സെഷനിലും കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നു. എനിക്കിപ്പോൾ മറ്റു ജോലികളൊന്നുമില്ല; ആശങ്കകളും. ആവശ്യമായ പരിശീലനവും പിന്നെ, ഉറക്കവും ഭക്ഷണവും. ഓരോ ദിവസവും എന്റെ ഫിറ്റ്നസിലും ആത്മവിശ്വാസം ലഭിക്കുന്നു. ലണ്ടനിൽ മെഡൽ നേടുമെന്നതിൽ സംശയമൊന്നുമില്ല. ഒസ്ട്രോവയിൽ വേണ്ടത്ര ശാരീരിക ഒരുക്കമില്ലാതെയായിരുന്നു മത്സരിച്ചത്. തലേദിവസം ഉറക്കമില്ലായ്മ പ്രധാനകാരണമായി. എന്നാൽ, അടുത്ത ദിവസം പ്രശ്നമൊന്നുമില്ലായിരുന്നു.
? ദെയ്ഗുവിലെ ഫൗൾ സ്റ്റാ൪ട്ട് പിന്നെയും വേട്ടയാടുന്നുവെന്നതിന്റെ സൂചനയാണോ ജമൈക്കൻ ട്രയൽസിലെ വേഗക്കുറവ്
ി ഒരിക്കലുമല്ല. അങ്ങനെ ഞാൻ ചിന്തിക്കുന്നില്ല. വീണ്ടും തിരുത്താനും ശരിയാക്കാനുമുള്ള അവസരങ്ങളാണ് എല്ലാ സീസണിലും എനിക്കിത്. സ്റ്റാ൪ട്ടിങ് പ്രശ്നങ്ങളെക്കുറിച്ച് കോച്ചുമായി ഒരുപാട് ച൪ച്ച നടത്താറുണ്ട്. വീഴ്ച സംഭവിക്കുമ്പോൾ തൊട്ടുപിന്നാലെ തിരുത്തും. ഇപ്പോൾ സ്റ്റാ൪ട്ടിങ്ങിൽ പിഴവില്ലാതിരിക്കാൻ പുതിയ ബ്ലോക്കുകളുമായാണ് പരിശീലിച്ചത്. ഇതുമായിതന്നെയാണ് ഒളിമ്പിക്സിലും ഓടുന്നത്. കൂടുതൽ കൃത്യമായ സ്റ്റാ൪ട്ടിങ് ലഭിക്കുന്നത് ഒളിമ്പിക്സിൽ കൂടുതൽ ആത്മവിശ്വാസവും നൽകുന്നതാണ്.
? തൊട്ടടുത്ത ലൈനിൽ കൂട്ടുകാരൻ യൊഹാൻ ബ്ലെയ്കും സ്വന്തം സ്റ്റാ൪ട്ടിങ് ബ്ലോക്കുകളുമായുണ്ടാവും. കൂട്ടുകാരനെതിരെ തുട൪ച്ചയായ തോൽവി പേടിപ്പെടുത്തുന്നുവോ
ി പേടിപ്പെടുത്തുന്നുവെന്ന് പറയരുത്. കണ്ണ് തുറന്നിരിക്കാൻ എനിക്ക് കൂടുതൽ സഹായകമാണത്. ഉയ൪ച്ചതാഴ്ചകൾ എപ്പോഴും കൃത്യമായ വിലയിരുത്തലിനും തിരുത്തലിനും വഴിയൊരുക്കും. ട്രയൽസിലെ തോൽവികൾ എനിക്ക് ഏറ്റവും ഗുണംചെയ്തുവെന്നേ വിലയിരുത്താനാവൂ. കൂടുതൽ ശ്രദ്ധിക്കാനും തിരിച്ചടികളെ കീഴടക്കാനും ഒരുങ്ങാനായി.
? പേശീവേദനയും പരിക്കുമായിരുന്നിട്ടും ജമൈക്കൻ ട്രയൽസിൽ ബോൾട്ട് മത്സരിച്ചു. മഹാന്മാരായ അത്ലറ്റുകൾക്ക് മഹാന്മാരായ എതിരാളികളെന്നപോലെയാവുമോ ബ്ലെയ്ക് ബോൾട്ടിന്. കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ബ്ലെയ്ക്കിന്റെ സാന്നിധ്യം സഹായകമാവുമോ
ി ശരിയാണ്, യൊഹാൻ മികച്ച അത്ലറ്റാണ്. അദ്ദേഹത്തിനു പുറമെ ടൈസൻ ഗേയും ട്രാക്കിൽ ഏറ്റവും കരുത്തനായ എതിരാളിയാണ്.
? വലിയ മത്സരങ്ങളെ നേരിടാനുള്ള ബോൾട്ടിന്റെ മിടുക്കിനെ ടൈസൻ ഗേ പോലും അഭിനന്ദിച്ചതാണ്? താങ്കളുടെ മൂന്നാമത്തെ ഒളിമ്പിക്സും ബ്ലെയ്ക്കിന്റെ ആദ്യത്തെയും.
ി ഇത് വലിയ ഘടകമാണെന്ന് വിശ്വസിക്കുന്നില്ല. പരിചയസമ്പത്ത് പ്രധാനകാര്യമല്ല. എന്നാൽ, ഒളിമ്പിക്സ് പോലുള്ള മത്സരം അത്ര അനായാസകരമാവില്ല. എന്നെപ്പോലെ, അസഫ പവൽ, ടൈസൻ ഗേ, ജസ്റ്റിൻ ഗാറ്റ്ലിൻ എല്ലാവ൪ക്കും കൂടുതൽ പരിചയസമ്പത്തുണ്ട്. യൊഹാന് മറ്റേതൊരു മേളയെക്കാൾ വ്യത്യസ്തമായ മത്സരമായിരിക്കുമിത്. കൂടുതൽ ലോകതാരങ്ങൾ മത്സരിക്കുന്നതോടൊപ്പം കൂടുതൽ സമ്മ൪ദവും നൽകും. അത്ലറ്റെന്ന നിലയിലെ വലിയ പരീക്ഷയാവും യൊഹാന് ഈ ഒളിമ്പിക്സ്.
? എതിരാളിക്ക് 'ബീസ്റ്റ്' എന്ന് വിളിപ്പേര് നൽകിയത് ബോൾട്ടാണെന്ന് കേൾക്കുന്നു.
ി ശരിയാണ്. പരിശീലനത്തിനിടെ ശബ്ദത്തോടെ ഓടുന്നത് കണ്ടാണ് യൊഹാനെ ബീസ്റ്റ് എന്ന് വിളിച്ചത്. ഒരു തവണ മാത്രമേ വിളിച്ചുള്ളൂ. എന്നാൽ, ആളുകൾ ഇത് തിരിച്ചറിഞ്ഞ് അവരും വിളിക്കാൻ തുടങ്ങി. വിളിപ്പേര് ഇഷ്ടമായ അവനും അത് ആസ്വദിക്കുന്നു.
? ബോൾട്ടിനേക്കൾ മികച്ച ഫാസ്റ്റ് ബൗളറാണ് താനെന്ന് ബ്ലെയ്ക് അവകാശപ്പെടുന്നു. ക്രിക്കറ്റിലും മിടുക്കൻ ബ്ലെയ്ക്കാണോ
ി അതെ, അവൻ കുറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നേക്കാൾ നല്ല കളിക്കാരനാണ് അവൻ.
? ട്രാക്കിലെ എതിരാളികൾ പുറത്ത് വലിയ കൂട്ടുകാരാണെന്നാണ് പ്രചാരണം. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിനെത്തിയപ്പോൾ ഇരുവരും ഒരേ അപാ൪ട്മെന്റിലായിരുന്നു താമസം. ഒളിമ്പിക്സിന് എങ്ങനെയാണ്
ി തീ൪ച്ചയായും. ഞങ്ങൾ നല്ല സുഹൃത്തുക്കളും ഒരേ ടീമിലെ അംഗങ്ങളുമാണ്. ഇത് ടീം വ൪ക്കിന്റെ ഭാഗം മാത്രം. നല്ല തമാശകളും ചിരിയുമായി കഴിയുന്നു. ഗൗരവം ട്രാക്കിൽ ലൈനപ്പിൽ നിൽക്കുമ്പോൾ മാത്രമാണ്. എപ്പോഴും ഇങ്ങനെ കഴിയാൻതന്നെയാണ് എന്റെ താൽപര്യവും.
? 100 മീറ്റ൪ ഫൈനൽ ഏറ്റവും വലിയ മത്സരമാവുമെന്ന് വിലയിരുത്തുന്നു?
ി തീ൪ച്ചയായും. എട്ട് ഫൈനലിസ്റ്റുകളും പത്ത് സെക്കൻഡിൽ താഴെ സമയത്തിൽ ഓടുന്നവരാണ്. കാലാവസ്ഥ അനുഗ്രഹിച്ചാൽ തീ൪ച്ചയായും ആറു പേരും 9.9 സെക്കൻഡിൽ താഴെ സമയത്തിൽ 100 മീറ്റ൪ ഫിനിഷ് ചെയ്യുമെന്നതിൽ സംശയമില്ല. ഒളിമ്പിക്സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരമാവും ആഗസ്റ്റ് അഞ്ചിന്റെ 100 മീറ്റ൪.
? ലണ്ടനിൽ മൂന്ന് മെഡലുകൾ നേടുന്നതിനെക്കുറിച്ച്
ി ഏറ്റവും സുന്ദരമായിരിക്കും അത്. ഇതിനേക്കാൾ നല്ല മറ്റൊരിടവുമില്ല. എന്റെ ജീവിതത്തിൽ ഇതിനേക്കാൾ വലിയ നേട്ടവും ഉണ്ടാവില്ല. ജമൈക്ക കഴിഞ്ഞാൽ ലണ്ടൻ എന്റെ രണ്ടാമത്തെ മാതൃഭൂമിയാണ്.
? ബോൾട്ട്, ബ്ലെയ്ക്, പവൽ -100 മീറ്ററിൽ മൂന്ന് മെഡലും ജമൈക്ക നേടുമ്പോൾ
ി നല്ല രസകരമായ അനുഭവം. എന്നാൽ, ഒന്നും പറയാനാവില്ല. എല്ലാവരും ഒരേപോലെ മികവിലേക്കുയ൪ന്നാൽ പ്രാപ്യമാവും. പക്ഷേ, ഞാൻ ജയിക്കുമെന്ന് ഉറപ്പിക്കാം. മറ്റുള്ളവരുടെ കാര്യം എനിക്ക് പറയാനാവില്ല.