Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2012 5:00 AM IST Updated On
date_range 26 July 2012 5:00 AM ISTഭീകരതക്കെതിരായ പോരാട്ടം നാലാം ലോകയുദ്ധം -രാഷ്ട്രപതി
text_fieldsbookmark_border
ന്യൂദൽഹി: യുദ്ധത്തിന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും ഭീകരതക്കെതിരായ പോരാട്ടം നാലാം ലോകയുദ്ധമാണെന്നും രാഷ്ട്രപതി പ്രണബ് മുഖ൪ജി. ഭീകരതയുടെ പൈശാചികമുഖം ലോകത്ത് എവിടെയും ഉയ൪ന്നുവരാം. അതിനെതിരായ പോരാട്ടത്തിന്റെ മുന്നണിയിൽ ഇന്ത്യയുണ്ട്. ഭീകരതകൊണ്ട് ആരും ഒന്നും നേടാൻ പോകുന്നില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
പുതിയ പദവി സ്വീകരിച്ച് പാ൪ലമെന്റിന്റെ സെൻട്രൽ ഹാളിൽ സംസാരിക്കുകയായിരുന്നു പ്രണബ് മുഖ൪ജി. അഭിവൃദ്ധിയുടെ ഒന്നാമത്തെ ഘടകം സമാധാനമാണ്.
ചോരയിൽ ചാലിച്ചെഴുതിയതാണ് ചരിത്രമെങ്കിലും, വികസനം സമാധാനത്തിന്റെ പ്രതിഫലമാണ് -യുദ്ധത്തിന്റെ സംഭാവനയല്ല. സമാധാനത്തിന്റെ നേട്ടങ്ങൾക്കിടയിൽപോലും രണ്ടു ലോകയുദ്ധങ്ങളും ശീതയുദ്ധവും കഴിഞ്ഞ്, നാലാമത്തെ യുദ്ധത്തിന്റെ നടുവിലാണ് നാം. അക്രമം പ്രോത്സാഹിപ്പിക്കുന്നവരും വിദ്വേഷം പരത്തുന്നവരും ഒരു കാര്യം ഓ൪ക്കണം. എത്രവ൪ഷം യുദ്ധം നടത്തിയാൽക്കൂടി, നിമിഷനേരത്തെ സമാധാനമുണ്ടാക്കാൻ ഇത്തരക്കാ൪ക്ക് കഴിയില്ല. ഭീകരതയുടെ മാരക പ്രത്യാഘാതങ്ങളുടെ ആഴം മറ്റു പലരും തിരിച്ചറിയും മുമ്പേ ഇന്ത്യ മനസ്സിലാക്കിയിരുന്നതായും പ്രണബ് കൂട്ടിച്ചേ൪ത്തു.
വളരുന്ന ഇന്ത്യയുടെ ഭാഗമാണ് താനെന്ന് ഏറ്റവും പാവപ്പെട്ടവന് തോന്നുമ്പോഴാണ് വികസനം യാഥാ൪ഥ്യമാകുക. ജനപങ്കാളിത്തമാണ് ഇന്ത്യയുടെ യഥാ൪ഥ കഥ. സാമൂഹിക സാഹോദര്യത്തിന്റെയും സഹവ൪ത്തിത്വത്തിന്റെയും ഫലമാണ് നമ്മുടെ ആസ്തികൾ. കൃഷിയുടെയും വ്യവസായത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ നാം ഒത്തിരി നേട്ടം കൈവരിച്ചു. എന്നാൽ, വരുംതലമുറ ഇനിയുള്ള പതിറ്റാണ്ടുകളിൽ നേടാൻ പോവുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ആ നേട്ടങ്ങൾ ഒന്നുമല്ല.
ഇന്ത്യയെ അടുത്ത സുവ൪ണകാലഘട്ടത്തിലേക്ക് നയിക്കാൻ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. അറിവിനെ ജനാധിപത്യ ശക്തിയാക്കുക എന്നതാണ് നമ്മുടെ വെല്ലുവിളി. പച്ചയോ, ചുവപ്പോ, നീലയോ -നിറമേതുമാകട്ടെ. അതു കൂടിച്ചേരുന്ന സമൂഹത്തിന് സമാധാനത്തിന്റെ തൂവെള്ളനിറം സമ്മാനിക്കാൻ സാധിക്കണം.
തുല്യത അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാ തത്ത്വങ്ങൾ പൂ൪ണാ൪ഥത്തിൽ കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യമെന്നാൽ അഞ്ചു കൊല്ലത്തിലൊരിക്കൽ വോട്ടുചെയ്യാനുള്ള അവകാശം മാത്രമല്ല. മെച്ചപ്പെട്ട ഭരണക്രമവും ഒത്തൊരുമയും നല്ല വിപ്ലവങ്ങളുമുള്ള രാജ്യമാണ് തന്റെ മനസ്സിലെ ഇന്ത്യ. വിദ്യാഭ്യാസത്തിലൂടെ വിവേകമാ൪ജിക്കാനും യുവശക്തി പൊതുതാൽപര്യത്തിന് പ്രയോജനപ്പെടുത്താനും നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
'പട്ടിണിയേക്കാൾ വലിയൊരു
അപമാനമില്ല'
ന്യൂദൽഹി: 'ഒരു കൊച്ചു ബംഗാൾ ഗ്രാമത്തിലെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽനിന്ന് ദൽഹിയുടെ വ൪ണപ്പൊലിമയിലേക്കുള്ള യാത്രയിൽ അവിശ്വസനീയമായത് പലതും കണ്ടു. ബംഗാളിൽ ലക്ഷങ്ങളെ പഞ്ഞം കൊന്നപ്പോൾ ഞാനൊരു കുട്ടിയായിരുന്നു. അന്നത്തെ കഷ്ടപ്പാടും സങ്കടവും ഇന്നും മറന്നിട്ടില്ല'-രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തശേഷം പാ൪ലമെന്റിന്റെ സെൻട്രൽ ഹാളിൽ വിശിഷ്ട സദസ്സിനെ അഭിസംബോധന ചെയ്യുമ്പോൾ പ്രണബ് മുഖ൪ജി പറഞ്ഞു.
പട്ടിണിയേക്കാൾ വലിയൊരു അപമാനമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിഘണ്ടുവിൽ നിന്ന് പട്ടിണി തുടച്ചുനീക്കാൻ നമുക്ക് സാധിക്കണം. സിദ്ധാന്തം പറഞ്ഞതുകൊണ്ട് പാവപ്പെട്ടവന്റെ അഭിലാഷങ്ങൾ നടപ്പാക്കപ്പെടുന്നില്ല. ദാരിദ്യ്രം ഇല്ലാതാക്കാനുള്ള ദേശീയ ദൗത്യം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകണം. ജനപങ്കാളിത്തം, വിദ്യാഭ്യാസം, യുവശക്തി, സമാധാനാന്തരീക്ഷം, തുല്യത എന്നിവയാണ് രാജ്യത്തിന്റെ വള൪ച്ചക്കുള്ള അടിസ്ഥാന ഘടകങ്ങളെന്ന് മുഖ൪ജി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
