നെടുമ്പാശേരി വഴി കള്ളക്കടത്ത്: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
text_fieldsകൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 10 പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമ൪പ്പിച്ചു. നേരത്തേ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരെ ഒഴിവാക്കിയും മൂന്നുപേരെ മാപ്പുസാക്ഷികളാക്കിയുമാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് ഇൻസ്പെക്ട൪ പി.ഐ.അബ്ദുൽ അസീസ് കുറ്റപത്രം നൽകിയത്.
വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് മരട് ശങ്ക൪ നഗ൪ സയയിൽ കെ.സി.എസ്.പ്രശാന്ത് (45), പ്രിവൻറീവ് ഓഫിസ൪മാരായ കൊല്ലം നല്ലില പഴങ്ങലം വിജയമന്ദിരത്തിൽ ഡി.സുരേന്ദ്രൻ പിള്ള (55), വല്ലാ൪പാടം പനമ്പുകാട് കൈതവളപ്പിൽ കെ.സി. പ്രസന്നകുമാ൪ (55), ചെന്നൈ റോയപുരം മുഹമ്മദ് സുൽത്താൻ (57), ഇയാളുടെ മകൻ ചെന്നൈ വിജയനഗ൪ കോയിൽ സ്ട്രീറ്റിൽ ഖാജാ മുഹ്യിദ്ദീൻ 35), ചെന്നൈ എഗ്മോ൪ സാമിറെഡ്ഢി സ്ട്രീറ്റിൽ ഖാദ൪ മൊയ്തീൻ എന്ന ജിന്നാഭായ് (45), ചെന്നൈ പീച്ചാണ്ടി ലെയിൻ ശിവഗംഗയിൽ സക്കാരി അമ്പലം സ്ട്രീറ്റിൽ സയ്യിദ് ഇബ്രാഹിം എന്ന നിസാ൪ (35), റോയപുരം എസ്.റജാ൪ അലി (44), ചെന്നൈ എല്ലിസ് റോഡിൽ അബൂഗനി (37), ചെന്നൈ പാലവാക്കം മാപോസി സ്ട്രീറ്റിൽ എ.ഇബ്രാഹിം എന്നിവരെ ഒന്ന് മുതൽ 10 വരെ പ്രതികളാക്കിയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ കുറ്റപത്രം നൽകിയത്.
ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങുന്നതിന് യാത്രക്കാരെ തരപ്പെടുത്തി നൽകിയ ചെന്നൈ ട്രിപ്പിളിക്കാനെ യൂസുഫ് സ്ട്രീറ്റിൽ മുജീബ് റഹ്മാൻ, യാത്രക്കാരെ റോഡുമാ൪ഗം കൊച്ചിയിലെത്തിച്ച വാഹനത്തിൻെറ ഡ്രൈവ൪ കാഞ്ചിപുരം തിരുകാലകുന്ദരം ഇന്ദിര നഗറിൽ പി.മുരുകൻ, വിമാനത്താവളത്തിലെ ക്ളിയറിങ് ഏജൻറ് ചാലക്കുടി ചായ്പ്പൻകുഴി ഇലഞ്ഞിക്കൽ വീട്ടിൽ പ്രിൻസ് ജോസഫ് എന്നിവരെയാണ് മാപ്പുസാക്ഷിയാക്കിയത്. നേരത്തേ പ്രതിസ്ഥാനത്തുണ്ടായിരുന്ന കസ്റ്റംസ് ഡെപ്യൂട്ടി കമീഷണ൪ സി.കെ.തങ്കപ്പനാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖൻ. ഇദ്ദേഹത്തിനെതിരായ ഗൂഢാലോചനാ കുറ്റം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് ഒഴിവാക്കിയത്. എന്നാൽ, ഡെപ്യൂട്ടി കമീഷണ൪ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ സി.ബി.ഐ കസ്റ്റംസിനോട് ശിപാ൪ശ ചെയ്തു. തമിഴ്നാട് ശിവഗംഗ സ്വദേശികളായ കെ.എ.സെയ്ദ് സിറാജുദ്ദീൻ, തമീം അൻസാരി എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവ൪.
കസ്റ്റംസ് ഉദ്യോഗസ്ഥ൪ക്കെതിരെ വഞ്ചന, ഗൂഢാലോചന, ഔദ്യാഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീകുറ്റങ്ങളും മറ്റ് പ്രതികൾക്കെതിരെ ഗൂഢാലോചന, വഞ്ചന കുറ്റങ്ങളുമാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് കസ്റ്റംസ് സൂപ്രണ്ട് കെ.സി.എസ്.പ്രശാന്തുമായുള്ള മുൻ പരിചയത്തിൻെറ അടിസ്ഥാനത്തിലാണ് കൊച്ചി വഴി കള്ളക്കടത്തിന് ജിന്നാഭായ് മാ൪ഗം കണ്ടെത്തിയത്.
150 സാക്ഷികളും 311 രേഖകളും 215 തൊണ്ടിമുതലുകളുമടങ്ങിയ കുറ്റപത്രമാണ് സി.ബി.ഐ കോടതിക്ക് കൈമാറിയത്. ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
