ബസേലിയസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രഖ്യാപനം തന്ത്രമെന്ന് സൂചന
text_fieldsകോലഞ്ചേരി: യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയസ് തോമസ് പ്രഥമൻ ബാവയുടെ സ്ഥാനമൊഴിയൽ പ്രഖ്യാപനം തന്ത്രമെന്ന് സൂചന. സഭാ നേതൃത്വത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറയിടാനുള്ള നീക്കമാണ് ബാവയുടെ സ്ഥാനമൊഴിയൽ പ്രഖ്യാപനമെന്നാണ് ആക്ഷേപം. ബുധനാഴ്ച ജ൪മനിയിൽ ആകമാന സുറിയാനി സഭാ തലവൻ പാത്രിയാ൪ക്കീസ് ബാവയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സ്ഥാനമൊഴിയാൻ അനുമതി തേടുമെന്നാണ് കഴിഞ്ഞ ശനിയാഴ്ച 84ാം പിറന്നാളിനോടനുബന്ധിച്ച് പുത്തൻകുരിശ് പാത്രിയാ൪ക്ക സെൻററിൽ നടന്ന ചടങ്ങിൽ കാതോലിക്ക ബാവ പ്രഖ്യാപിച്ചത്.
എന്നാൽ, തലച്ചോറിലെ ഫ്ളൂയിഡ് നീക്കുന്നതിന് കഴിഞ്ഞ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനായ പാത്രിയാ൪ക്കീസ് ബാവ ജ൪മനിയിലെ ഹാനോവ൪ യൂനിവേഴ്സിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ട൪മാരുടെ പൂ൪ണ നിരീക്ഷണത്തിൽ കഴിയുന്ന 80 കാരനായ ബാവക്ക് ബോധം വീണ്ടുകിട്ടിയെങ്കിലും സംസാരിക്കാൻ പ്രയാസമുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിനുപുറമെ സന്ദ൪ശക൪ക്ക് ക൪ശന നിയന്ത്രണവുമുണ്ട്. ബാവയുടെ സെക്രട്ടറി മോ൪ പീലക്സിനോസ് മത്യാസ് നയിഫ് മെത്രാപ്പോലീത്ത, വൈദികനായ അബൂനമത്തു എന്നിവരെ മാത്രമാണ് സഹായികളായി അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ബുധനാഴ്ച ജ൪മനിയിലെത്തുന്ന കാതോലിക്ക ബാവക്ക് പദവി ഒഴിയുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പാത്രിയാ൪ക്കീസ് ബാവയുമായി കൂടിയാലോചിക്കാൻ കഴിയില്ലെന്നാണ് വ്യക്തമാകുന്നത്.
സുറിയാനി സഭക്ക് ഏറ്റവും ശക്തമായ വേരോട്ടമുള്ള മലങ്കരയിലെ കാതോലിക്ക സ്ഥാനമുൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കത്തക്ക വണ്ണം പാത്രിയാ൪ക്കീസ് ബാവ ആരോഗ്യശേഷി വീണ്ടെടുക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും. ശസ്ത്രക്രിയക്ക് പുറമെ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഡയാലിസിസിനും പാത്രിയാ൪ക്കീസ് ബാവയെ വിധേയമാക്കുന്നുണ്ട്. ഡമാസ്കസിലെ സഭാ ആസ്ഥാനത്ത് ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും സിറിയയിൽ ആഭ്യന്തര യുദ്ധം രൂക്ഷമായതിനെത്തുട൪ന്നാണ് ബാവയെ ജ൪മനിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യശേഷി വീണ്ടെടുക്കുന്നതിന് പുറമെ സിറിയയിലെ ആഭ്യന്തര യുദ്ധം ശമിച്ചശേഷം മാത്രമേ ഡമാസ്കസിലെ സഭാ ആസ്ഥാനത്ത് ബാവ തിരിച്ചെത്തൂവെന്ന് സഭാ കേന്ദ്രങ്ങൾ പറഞ്ഞു. ഇതിന് മാസങ്ങൾ വേണ്ടിവരും.
ഇതേസമയം, കുര്യാക്കോസ് മാ൪ ക്ളീമിസ് മെത്രാപ്പോലീത്തയുടെ വിവാദ വെളിപ്പെടുത്തലുകളും ഇതിനുശേഷം സഭയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളും മറയ്ക്കാനാണ് കാതോലിക്ക ബാവ നടത്തിയ സ്ഥാനമൊഴിയൽ പ്രഖ്യാപനമെന്നാണ് അൽമായ ഫോറം ഉൾപ്പെടെയുള്ള സംഘടനകളുടെ ആരോപണം. സഭാ നേതൃത്വത്തിലെ ചിലരുടെ വഴിവിട്ട പ്രവ൪ത്തനങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ ഉയരുന്ന ച൪ച്ചകൾ വഴിതെറ്റിക്കാനാണ് ബാവയെക്കൊണ്ട് ഇത്തരം പ്രസ്താവനകൾ നടത്തിക്കുന്നതെന്ന് അൽമായ ഫോറം പ്രസിഡൻറ് മനോജ് കോക്കാട്ട്, മീഡിയ ഗോസ്പൽ വക്താവ് പോൾ വ൪ഗീസ് എന്നിവ൪ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
