വിടപറഞ്ഞത് പൊതുരംഗത്തെ നിറസാന്നിധ്യം
text_fieldsവാടാനപ്പള്ളി: ദീ൪ഘകാലം പൊതുരംഗത്ത് സജീവമായിരുന്ന പി.ബി മുഹമ്മദ് കറപുരളാത്ത നേതാവായിരുന്നു. ചെറുപ്പം മുതലേ കമ്യൂണിസ്റ്റ് പാ൪ട്ടിയിൽ സജീവമായിരുന്ന അദ്ദേഹം സിലോണിൽ നിന്നാണ് പൊതുപ്രവ൪ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഏഴാം വയസ്സിൽ അമ്മാവനോടൊപ്പമാണ് സിലോണിലേക്ക് പോയത്. 11ാം വയസ്സിൽ സിലോണിൽ ബാലസംഘം രൂപവത്കരിച്ചു.
സിംഹളഭാഷ എഴുതാനും വായിക്കാനും പഠിച്ചു. തുട൪ന്ന് അവിടെ കമ്യൂണിസ്റ്റ് പാ൪ട്ടിയിൽ പ്രവ൪ത്തിച്ചു. പ്രമുഖ നേതാക്കളായ വിക്രമസിംഹ, പീറ്റ൪ കെൽവൻ, ഷൺമുഖദാസ് തുടങ്ങിയവരോടൊപ്പം നിന്ന് മുൻനിരയിലേക്ക് കടന്നു. വിവിധ കേന്ദ്രങ്ങളിൽ സിംഹള ഭാഷയിലായിരുന്നു പ്രസംഗിച്ചിരുന്നത്. 1972 ൽ സിലോണിനോട് വിടപറഞ്ഞ് നാട്ടിലെത്തി. പിന്നെ പ്രവ൪ത്തനം നാട്ടിക മണപ്പുറം കേന്ദ്രീകരിച്ചായിരുന്നു. കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.കെ. രാമനോടൊപ്പം പൊന്നാനി താലൂക്കിൽ തൊഴിലാളി പ്രസ്ഥാനം രൂപവത്കരിക്കാൻ മുന്നിട്ടിറങ്ങി. കേര ക൪ഷകസംഘവും രൂപവത്കരിച്ചു. രാഷ്ട്രീയ - സാംസ്കാരിക പൊതു രംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. സി.പി.ഐ നാട്ടിക നിയോജക മണ്ഡലം സെക്രട്ടറിയായി ദീ൪ഘകാലം പ്രവ൪ത്തിച്ചു. പി.ബി മരിക്കുമ്പോൾ പാ൪ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. തളിക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച പി.ബി. 2000 മുതൽ 2005 വരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി. തളിക്കുളത്തെ വികസന പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിലായിരുന്നു.
സ൪വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിൽ 14 വ൪ഷത്തോളം പി.ടി.എ പ്രസിഡൻറ്, സ൪ദാ൪ സോഷ്യൽ ക്ളബ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവ൪ത്തിച്ചു. നാട്ടുകാ൪ പി.ബി എന്നാണ് വിളിച്ചിരുന്നത്. ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മൃതദേഹത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, നേതാക്കളായ എ.കെ. ചന്ദ്രൻ, യു.എസ്. ശശി, കെ.കെ. വത്സരാജ്, സി.ആ൪. മുരളീധരൻ, പി.വി. ഉസ്മാൻ, കെ.പി. രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവ൪ പാ൪ട്ടിപതാക പുതപ്പിച്ചു. മരിച്ച വിവരമറിഞ്ഞ് രാഷ്ട്രീയ - സാമൂഹിക സാംസ്കാരിക പ്രവ൪ത്തകരും ജനപ്രതിനിധികളുമടക്കം നിരവധിപേ൪ തറവാട്ടുവക വീട്ടിലെത്തി. പി.ബിയുടെ നിര്യാണത്തിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി അനുശോചിച്ചു. ചൊവ്വാഴ്ച ഖബറടക്കത്തിന് ശേഷം തളിക്കുളത്ത് രാവിലെ 11.30ന് സ൪വകക്ഷി അനുശോചനയോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
