സമുദായ പ്രാതിനിധ്യം: ധവളപത്രം പുറത്തിറക്കണം -സാദിഖലി തങ്ങള്‍
text_fieldsതിരുവനന്തപുരം: ഭരണരംഗത്തും ജുഡീഷ്യറിയിലുമുള്ള സമുദായ പ്രാതിനിധ്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദ കണക്കുകളും അടങ്ങുന്ന ധവളപത്രം പുറത്തിറക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടു. വിവിധ മുസ്ലിം സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയശേഷം വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് മുസ്ലിം സമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത വ൪ധിച്ചു. മുസ്ലിംകൾ അന൪ഹമായി പലതും നേടിയെടുക്കുന്നു എന്ന വിധത്തിലുള്ള പ്രസ്താവനകളാണ് പലഭാഗത്തുനിന്നും ഉയരുന്നത്. ഇക്കാര്യത്തിൽ സമുദായത്തിൻെറ ആശങ്ക മുഖ്യമന്ത്രി അറിയിക്കാനാണ് വിവിധ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്. സംസ്ഥാനത്ത് കാലങ്ങളായി നിലനിൽക്കുന്ന മതസൗഹാ൪ദവും സഹിഷ്ണുതയും തക൪ക്കുംവിധമാണ് മുസ്ലിംകൾക്ക് നേരെയുള്ള ആരോപണങ്ങൾ. വിവിധ സമുദായങ്ങൾക്കിടയിൽ സംശയകരമായ സാഹചര്യം ഉണ്ടാക്കാനാണ് ഇത് ഇടയാക്കുന്നത്. ജനസംഖ്യക്ക് ആനുപാതികമായി മുസ്ലിംകൾക്ക് ലഭിക്കേണ്ട പലതും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന൪ഹമായി നേടിയവരെന്ന് പ്രചരിപ്പിച്ച് അ൪ഹമായത് കിട്ടാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരക്കാ൪ സത്യത്തെ വളച്ചൊടിച്ചുള്ള പ്രസ്താവനകളിൽനിന്ന് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള കാസ൪കോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകൾക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കുക, പിന്നാക്കക്കാ൪ക്ക് എയ്ഡഡ് മേഖലകളിലെ നിയമനങ്ങൾക്കും ജില്ലാതല ജനസംഖ്യക്ക് ആനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കുക, സ൪ക്കാറിൻെറ വിഭവങ്ങളും സംവിധാനങ്ങളും എല്ലാ ജില്ലകളിലും തുല്യമായി വിതരണം ചെയ്യുക, തുല്യതയില്ലാത്ത ജില്ലകൾക്ക് പ്രത്യേക പാക്കേജ് തയാറാക്കുക, നിയമനി൪മാണസഭകളിലും നേതൃസ്ഥാനങ്ങളിലും ഓരോ സമുദായത്തിനും അ൪ഹമായ പ്രാതിനിധ്യം ഉറപ്പാക്കുക, എ.പി.പി സ്കൂളുകൾക്ക് പൂ൪ണമായി എയ്ഡഡ് പദവി നൽകുക, കേന്ദ്രത്തിൻെറ എം.എസ്.ഡി.പി പദ്ധതി മലബാറിലെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുക, ന്യൂനപക്ഷ ധനകാര്യ വികസന കോ൪പറേഷൻ രൂപവത്കരിക്കുക, സമുദായ സംഘടനകൾക്ക് അന്യായമായി പതിച്ചുനൽകിയ സ൪ക്കാ൪ ഭൂമി തിരിച്ചുപിടിക്കുക, സ൪ക്കാ൪ ഭൂമിയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളിയത് പുന$പരിശോധിക്കുക, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക, തെക്കൻ കേരളത്തിൻെറ അനുപാതത്തിൽ മലബാറിലും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുക, മലബാ൪ ആസ്ഥാനമായി സെക്രട്ടേറിയറ്റ് അനക്സ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.
കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാ൪, എം.സി. മായിൻ ഹാജി, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂ൪, ശൈഖ് മുഹമ്മദ് കാരകുന്ന്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പി.ടി. മൊയ്തീൻകുട്ടി എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
