പഴകിയ ഭക്ഷണം: റെയ്ഡും പരിശോധനകളും പ്രഹസനമാകുന്നു
text_fieldsകൊച്ചി: പഴകിയ ഭക്ഷണം പിടിച്ചെടുക്കാനും ശുചിത്വം പാലിക്കാത്ത ഹോട്ടലുകൾ അടച്ച് പൂട്ടാനും നഗരസഭകളും ഭക്ഷ്യസുരക്ഷ -ആരോഗ്യവകുപ്പും മത്സരിച്ച് നടത്തിയ റെയ്ഡും പരിശോധനകളും പ്രഹസനമാകുന്നു. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ചെങ്കിലും തുട൪ നടപടികൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥ൪ വിമുഖത കാണിക്കുന്നതായാണ് ആക്ഷേപം.
പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ പൊതുജന മധ്യത്തിൽ പ്രദ൪ശിപ്പിച്ചും ഹോട്ടലുകൾ അടച്ചുപൂട്ടിച്ചും മൂന്ന് ദിവസം തുട൪ന്ന നടപടികൾ പെട്ടെന്ന് അവസാനിപ്പിച്ചതിന് പിന്നിൽ ഉന്നതതല ഇടപെടലുണ്ടെന്ന ആക്ഷേപവും ഉയ൪ന്നിട്ടുണ്ട്. മരട് നഗരസഭയുടെ പരിധിയിലുള്ള സ്റ്റാ൪ ഹോട്ടലുകളിൽ റെയ്ഡിന് നേതൃത്വം നൽകിയ നഗരസഭ സെക്രട്ടറിയെ തിരക്കിട്ട് സ്ഥലം മാറ്റിയതും പരിശോധനയിൽ നിന്ന് പിന്മാറാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതായാണ് വിവരം.
പരിശോധനയുമായി മുന്നോട്ടുപോകാൻ മേലധികാരികൾ ശക്തമായ നി൪ദേശം നൽകിയെങ്കിലും മരട് നഗരസഭ സെക്രട്ടറിക്കുണ്ടായ അനുഭവത്തിൻെറ അടിസ്ഥാനത്തിൽ ഇതിൽ നിന്ന് പിന്തിരിയാൻ സംഘാംഗങ്ങൾ തീരുമാനിച്ചതായാണ് വിവരം. നക്ഷത്ര ഹോട്ടലുകളെ തൊട്ടപ്പോൾ ഇതാണ് സ൪ക്കാ൪ നിലപാടെങ്കിൽ സാധാരണക്കാരെ എന്തിന് പ്രതിക്കൂട്ടിലാക്കണമെന്നാണ് പരിശോധക സംഘം ചോദിക്കുന്നത്. ഇതുവരെ 150 ഓളം ഹോട്ടലുകളാണ് അടച്ച് പൂട്ടിയത്. ശുചിത്വം പാലിക്കണമെന്നാവശ്യപ്പെട്ട് 600 ഓളം ഹോട്ടലുകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധനയിൽ നിന്ന് പിന്മാറുന്നതോടെ ഈ നടപടികളും ഇല്ലാതാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. പരിശോധനക്കെതിരെ ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷനും വൻകിട ഹോട്ടലുടമകളും രംഗത്ത് വന്നതോടെ പരിശോധന ഭാഗികമാക്കാൻ സ൪ക്കാ൪ തലത്തിൽ നിന്ന് നി൪ദേശം വന്നു. വൻകിട ഹോട്ടലുകളിൽ പരിശോധന വേണ്ടെന്ന നി൪ദേശവും അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് ലഭിച്ചിട്ടുണ്ട്.
റെയ്ഡിൽ നടപടി ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതേവരെ ആ൪ക്കെതിരെയും നടപടിയുണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. പരിശോധനയിൽ നോട്ടീസ് നൽകിയ ഹോട്ടലുകളിൽ ഇപ്പോഴും പഴയ സ്ഥിതി തന്നെയാണെന്ന പരാതിയും ഉയ൪ന്നിട്ടുണ്ട്.
ഉദ്യോഗസ്ഥരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിൻെറയും പരിശോധനയും പലയിടത്തും നിലച്ച അവസ്ഥയാണ്. പരിശോധനക്ക് അധികാരം ഇവ൪ക്കാണെങ്കിലും ഉദ്യോഗസ്ഥരുടെ പിന്മാറ്റം ഹോട്ടൽ ഉടമകൾക്ക് ആശ്വാസമാവുകയാണ്. മാ൪ക്കറ്റുകളിലും മറ്റും പരിശോധന ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പലയിടത്തും ഇറച്ചി വിൽപ്പനക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
