ഐ.എസ്.എസ് നേതൃത്വത്തില്‍ യോഗം: മഅ്ദനിയെ ഹാജരാക്കാന്‍ നിര്‍ദേശം
text_fieldsകൊച്ചി: നിരോധിത സംഘടനയായ ഐ.എസ്.എസിൻെറ നേതൃത്വത്തിൽ യോഗം നടത്തിയെന്ന കേസിൽ അബ്ദുന്നാസി൪ മഅ്ദനിയെ ഹാജരാക്കാൻ കോടതി നി൪ദേശം. ബംഗളൂരു ജയിലിൽ കഴിയുന്ന മഅ്ദനിയെ അടുത്തമാസം 13 ന് ഹാജരാക്കാൻ നി൪ദേശിച്ചാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി (അഞ്ച്) പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചത്. ഈ മാസം 13 ന് ഹാജരാക്കാൻ പറഞ്ഞിരുന്നെങ്കിലും വീഴ്ച വരുത്തിയതിന് ജഡ്ജി പി.ഡി. ശാ൪ങ്ഗധരൻ ജയിൽ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
ഐ.എസ്.എസിന് നിരോധമേ൪പ്പെടുത്തിയശേഷം 1992 ഡിസംബ൪ 13 ന് അൻവാ൪ശേരിയിൽ മഅ്ദനിയും മറ്റ് 17 പേരും യോഗം ചേ൪ന്നെന്നാരോപിച്ചാണ് ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തത്. ആയുധ നിയമം, സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിരുന്നത്. മഅ്ദനിയുടെ പിതാവിനെയും ഈ കേസിൽ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
കേസ് വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിക്കുന്നതിന് മുഴുവൻ പ്രതികളോടും അടുത്തമാസം 13 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. 18 പേ൪ പ്രതിപ്പട്ടികയിലുണ്ടെങ്കിലും ഇതിൽ ഒമ്പതുപേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് നൽകിയ മറുപടി. അടുത്തമാസം 13 ന് മഅ്ദനിയെ ഹാജരാക്കിയില്ലെങ്കിലും ഇപ്പോൾ ലഭ്യമായ എട്ടുപേ൪ക്കെതിരെ വിചാരണ നടപടി തുടരാനാണ് കോടതിയുടെ തീരുമാനം.
പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിൽ മഅ്ദനിക്കെതിരെ കേരളത്തിലുടനീളം പല കേസുകളും രജിസ്റ്റ൪ ചെയ്തിട്ടുണ്ടെങ്കിലും ഇവ മുഴുവൻ ഹൈകോടതി നി൪ദേശപ്രകാരം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. 16 ഓളം കേസുകൾ രജിസ്റ്റ൪ ചെയ്തിരുന്നെങ്കിലും ഇവയിലധികവും കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
