മൂന്നാഴ്ചക്കിടെ കുറ്റകൃത്യങ്ങള്‍ 100
text_fieldsതിരുവനന്തപുരം: മൂന്നാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് നൂറോളം കുറ്റകൃത്യങ്ങൾ. തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, മോഷണം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നടന്നത്. ട്യൂഷന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും യുവാവിനെ തട്ടിക്കൊണ്ടുപോയി കോടികൾ വില വരുന്ന വസ്തുക്കൾ എഴുതിവാങ്ങിയതും സദാചാര പൊലീസ് നടിച്ച് പണം തട്ടാൻ ശ്രമിച്ച് ഗുണ്ട അപകടത്തിൽപ്പെട്ടതും ഉൾപ്പെടെ തലസ്ഥാനനഗരത്തെ ഞെട്ടിക്കുന്നതും വ്യത്യസ്തവുമായ കുറ്റകൃത്യങ്ങളാണ് ഈ ദിവസങ്ങളിൽ അരങ്ങേറിയത്. ഇതിനിടെ മോഷണസംഘങ്ങൾ വീണ്ടും സജീവമാകുന്നതും ജനങ്ങളെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം നഗരമധ്യത്തിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി വസ്തു എഴുതിവാങ്ങിയ സംഭവത്തിന് പിന്നിൽ കൊള്ളപ്പലിശക്ക് പണം നൽകി പാവങ്ങളെ ചൂഷണം ചെയ്യുന്ന വൻ മാഫിയാസംഘങ്ങളിൽപ്പെട്ടവരാണ്. ഇതിലെ പ്രധാന പ്രതികൾ പിടിയിലായെങ്കിലും ഇവരെ സഹായിക്കുന്ന വൻറാക്കറ്റ് തന്നെ ഉണ്ടെന്നാണ് അന്വേഷണങ്ങളിൽനിന്ന് പൊലീസിന് ലഭിച്ച സൂചനകൾ. ചില പൊലീസ് ഉദ്യോഗസ്ഥരും ഇവ൪ക്ക് സഹായം ചെയ്തതായി സൂചനയുണ്ട്. പുല൪ച്ചെയും വൈകുന്നേരത്തും അസമയങ്ങളിൽ കുട്ടികൾ ധൈര്യമായി സഞ്ചരിച്ചിരുന്ന അവസ്ഥ നഗരത്തിൽ മാറുകയാണ്.
ട്യൂഷൻ സെൻററുകൾക്ക് മുന്നിൽ പൊലീസ് പട്രോളിങ് ഏ൪പ്പെടുത്തേണ്ട നിലയിലായി കാര്യങ്ങൾ. കിള്ളിപ്പാലത്ത് ബണ്ട് റോഡിൽ കാറിലിരുന്ന സ്ത്രീയെയും യുവാവിനെയും ഭീഷണിപ്പെടുത്തി ഗുണ്ട അതിക്രമം കാട്ടിയതോടെ കാ൪ അപകടത്തിൽപ്പെടുകയായിരുന്നു.
സദാചാരപൊലീസ് ചമഞ്ഞാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചതെങ്കിലും പൊലീസ് ഇത് നിസ്സാരവത്കരിച്ചിരിക്കുകയാണ്. ഇത്തരം വ്യത്യസ്ത അക്രമങ്ങൾക്കൊപ്പം മാല പിടിച്ചുപറിയും പലയിടത്തും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീഷണിയിലാക്കുന്നു. തമ്പാനൂരിൽ ജനമധ്യത്തിൽവെച്ചായിരുന്നു കഴിഞ്ഞയാഴ്ച തമിഴ്നാട് സ്വദേശി ഒരു സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത് ഓടാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ചാലക്കുഴി റോഡിലും നാലാഞ്ചിറയിലും മാല പൊട്ടിച്ച് കള്ളന്മാ൪ ഓടിയപ്പോൾ പട്ടത്ത് നടന്ന മോഷണത്തിൽ ആഭരണങ്ങളും പണവും മൊബൈൽ ഫോണും മോഷ്ടാക്കൾ കൊണ്ടുപോയി. ഇക്കൊല്ലത്തെ ആദ്യ അഞ്ചുമാസത്തെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് അറുപതോളം സ്ത്രീകൾ മാനഭംഗത്തിനിരയാവുകയും പതിനഞ്ചോളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മറ്റ് പലവിധത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരായ സ്ത്രീകൾ നിരവധിയാണ്.
പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരത്തിൽ മാത്രം ഇരുന്നൂറിലധികം സ്ത്രീകൾ അതിക്രമങ്ങൾക്കിരയായതായാണ് കണക്ക്. 2010-11 വ൪ഷങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഒന്നാംസ്ഥാനത്ത് തലസ്ഥാനം തന്നെയായിരുന്നു.