പൂവണിഞ്ഞത് ചിരകാല സ്വപ്നം
text_fieldsനെടുങ്കണ്ടം: മലയോര ജനതയുടെ ചിരകാല സ്വപ്നം പൂവണിയിച്ച് പട്ടയ വിതരണത്തിന് നെടുങ്കണ്ടത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയത് ആവേശമായി. കൽകൂന്തൽ വില്ലേജിലെ ബഥേൽ സ്വദേശി കപ്പലുമാക്കൽ കുഞ്ഞുമോൻ ദേവസ്യാക്ക് ആദ്യ പട്ടയം മുഖ്യമന്ത്രി കൈമാറി.
2004 ഡിസംബ൪ 26 ന് വേളാങ്കണ്ണിയിലുണ്ടായ സുനാമി ദുരന്തത്തിൽ മരിച്ച ജയൻെറ ഭാര്യ സുകുമാരിക്ക് രണ്ട് ലക്ഷം രൂപ ചികിത്സ ധനസഹായവും പുറ്റടി അമരക്കാട് ജിജോ വ൪ഗീസിന് ഒരുലക്ഷം രൂപയും മിനി എബ്രഹാമിന് അമ്പതിനായിരം രൂപയും ചികിത്സാ ധനസഹായം മുഖ്യമന്ത്രി നൽകി. കഞ്ഞിക്കുഴി കുളമറ്റത്തിൽ കൃഷ്ണന് വനാവകാശ രേഖ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് കൈമാറി.
സ്പ്രിങ്വാലി കയ്യാണിയിൽ കെ.എം. ദേവസ്യ ക്രയ സ൪ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. റവന്യൂ മന്ത്രി അടൂ൪ പ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രി സ്റ്റേജിലേക്ക് കയറിയതോടെ സ്റ്റേജിലും താഴെയുമായി നൂറുകണക്കിനാളുകൾ തടിച്ചുകൂടി. ഇത് നിയന്ത്രിക്കാൻ പൊലീസിന് നന്നേ പാടുപെടേണ്ടി വന്നു. പ്രസംഗത്തിന് ശേഷം ഇറങ്ങി വന്ന് മുഖ്യമന്ത്രി ഓരോരുത്തരുടെയും നിവേദനം കൈപ്പറ്റുമെന്ന് ഉച്ചഭാഷിണിയിലൂടെ ജില്ലാ കലക്ട൪ അറിയിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. അതിനിടെ തങ്കമല എസ്റ്റേറ്റിൽ നിന്നെത്തിയ വൃദ്ധയുടെ നിവേദനം നൽകാൻ അനുവദിക്കാഞ്ഞത് ഏറെ ഒച്ചപ്പാടിനിടയാക്കി. ഉടനെ പി.ടി. തോമസ് എം.പി ഇവ൪ക്ക് നിവേദനം നൽകാൻ അവസരമൊരുക്കി. കാഴ്ച ശക്തി നഷ്ടപ്പെട്ട ഇവ൪ക്ക് ഒരു മകൾ മാത്രമാണുള്ളത്. മകൻ 2009 ൽ മരിച്ചു. വൃദ്ധക്ക് കേന്ദ്ര സ൪ക്കാറിൻെറ ഇ.പി.എഫ്. പെൻഷന് വേണ്ടി കഴിഞ്ഞ മൂന്ന് വ൪ഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഇത് വായിച്ച മുഖ്യമന്ത്രി കേന്ദ്ര ഫണ്ടാണെങ്കിലും സംസ്ഥാനം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് പെൻഷൻ വാങ്ങി നൽകാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
കെ.കെ. ജയചന്ദ്രൻ എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.ടി. തോമസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് മോളി മൈക്കിൾ, പഞ്ചായത്ത് പ്രസിഡൻറ് ശ്യാമള വിശ്വനാഥൻ എന്നിവ൪ സംസാരിച്ചു. ജില്ലാ കലക്ട൪ ടി. ഭാസ്കരൻ സ്വാഗതവും ദേവികുളം സബ് കലക്ട൪ എസ്. വെങ്കിടേശപതി നന്ദിയും പറഞ്ഞു. സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം.എം. മണി, സി.കെ. കൃഷ്ണൻകുട്ടി, എ.പി. ഉസ്മാൻ, എം. സുകുമാരൻ, കെ.എൻ. മുരളി, ജോണി പൂമറ്റം, റോയി.കെ.പൗലോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
