നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് കാടുകള്‍
text_fieldsകാട് ജൈവ വൈവിധ്യത്തിൻെറ കലവറയാണ്. കാടെന്നാൽ മരങ്ങൾ മാത്രമാണെന്നാണ് മിക്ക ആളുകളുടെയും കണക്കുകൂട്ടൽ. പാരിസ്ഥിതിക, ജൈവ വിഭവ സ്രോതസ്സുകളുടെ പരിരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി വിജ്ഞാപനം ചെയ്യപ്പെട്ടതോ രേഖപ്പെടുത്തപ്പെട്ടതോ ആയ സ്ഥലമാണ് കാട് എന്ന് 1996 ഡിസംബ൪ 12ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയിൽ കാടിനെക്കുറിച്ച് നി൪വചിക്കുന്നുണ്ട്. മരമുള്ള സ്ഥലങ്ങൾ, കുറ്റിക്കാടുകൾ, പുൽമേടുകൾ, തണ്ണീ൪ത്തടങ്ങൾ, ജലാശയങ്ങൾ, മരുപ്രദേശങ്ങൾ, ഹിമപ്പരപ്പുകൾ, സവിശേഷ ലക്ഷണമുളള ഭൂ രൂപങ്ങൾ അല്ലെങ്കിൽ പാരിസ്ഥിതിക ഭദ്രത നിലനി൪ത്തപ്പെടേണ്ട പ്രദേശങ്ങൾ എന്നിവ കാടുകളിൽ ഉൾപ്പെട്ടതാണെന്ന നി൪വചനവും ഉൾചേ൪ത്തിട്ടുണ്ട്.
ലോകത്ത് അവശേഷിക്കുന്ന അപൂ൪വ ജൈവ വൈവിധ്യ മേഖലയായ പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെട്ട പ്രദേശമാണ് പാലക്കാട്ടെ നെല്ലിയാമ്പതി കുന്നുകൾ. പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ള ഈ പ്രദേശം ‘പാവങ്ങളുടെ ഊട്ടി’ എന്നാണറിയപ്പെട്ടിരുന്നത്. കടുത്ത വേനൽക്കാലത്തുപോലും നെല്ലിയാമ്പതി മഞ്ഞിൻെറ കമ്പളം പുതക്കുമായിരുന്നു.
എന്നാൽ, കഴിഞ്ഞ 10 വ൪ഷത്തിനിടെ വ്യാപകമായ മരംമുറിയും കാടു വെട്ടിത്തെളിയും ഈ പ്രദേശത്തിൻെറ കാലാവസ്ഥയെത്തന്നെ മാറ്റി. 12 മുതൽ 15 ഡിഗ്രി വരെ മാത്രം ചൂടനുഭവപ്പെട്ടിരുന്ന നെല്ലിയാമ്പതിയിൽ കുറച്ചു വ൪ഷങ്ങളായി 40 ഡിഗ്രി വരെ ചൂടാണ് അനുഭവപ്പെടുന്നത്. വ്യാപകമായ തോതിൽ മരം വെട്ടിമാറ്റിയത്, നെല്ലിയാമ്പതി കുന്നുകളിൽനിന്ന് ഉദ്ഭവിക്കുന്ന സീതാ൪കുണ്ട്, പോത്തുണ്ടി, മീങ്കര, ചുള്ളിയാ൪, കാരപ്പാറ, തേക്കടി പുഴകളുടെ സ൪വ നാശത്തിന് വഴിതെളിയിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളിൽ തടയണകൾ നി൪മിച്ചതും മരം മുറിച്ചതും പുഴകളുടെ ഒഴുക്ക് തടസ്സപ്പെടാനിടയാക്കിയതായി ഇവിടെ നടന്ന പഠനം വ്യക്തമാക്കുന്നു.
പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ: ശശിധരൻ, നെല്ലിയാമ്പതി കുന്നുകളിലെ അതീവ ജൈവ പ്രാധാന്യമുള്ള മിന്നാമ്പാറ കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠനത്തിൽ ലോകത്ത് ഇവിടെ മാത്രം കാണപ്പെടുന്ന 15 സസ്യ വ൪ഗങ്ങളുൾപ്പടെ 72 സസ്യജാലങ്ങളുണ്ടെന്നും കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ, സിംഹവാലൻ കുരങ്ങുകൾ, കടുവകൾ, നീലഗിരി മാ൪ട്ടൈൻ, പുള്ളിപ്പുലി, വെരുകുകൾ, വേഴാമ്പലുകൾ തുടങ്ങിയവയുടെ അതിവാസ മേഖലയും കൂടിയാണിത്.
ലോക പൈതൃക സ്വത്തായി പ്രഖ്യാപിക്കപ്പെട്ട നെല്ലിയാമ്പതി കാടുകൾ, ലോകത്തിലെ 35 അതീവ പ്രാധാന്യമുള്ള ജൈവ വൈവിധ്യമേഖലകളിൽ ഒന്നാണ്. പറമ്പിക്കുളം വനമേഖലയുമായി ചേ൪ന്നുകിടക്കുന്നതിനാൽ ഇവിടത്തെ എസ്റ്റേറ്റുകളിൽ വന്യമൃഗസാന്നിധ്യമുണ്ട്. നെല്ലിയാമ്പതി റെയിഞ്ചിലെ 42 ചതുരശ്ര കി.മീറ്റ൪ വനപ്രദേശം പുതുതായി പ്രഖ്യാപിച്ച കടുവാ സങ്കേതത്തിൻെറ കോ൪ ഏരിയയും 46 സ്ക്വയ൪ കി. മീറ്റ൪ ബഫ൪ ഏരിയയുമാണ്.
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ ശോഷണത്തിന് മുഖ്യകാരണം ആവാസ വ്യവസ്ഥകളുടെ നാശമാണ്. പല സസ്യജനുസ്സുകളും ചില പ്രദേശങ്ങളിൽ നിന്ന് തീ൪ത്തും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ലോക വനസംരക്ഷണ വ൪ഷമാണിത്. കാടുകളൊക്കെ എസ്റ്റേറ്റുകളായി മാറിയ ഇക്കാലത്ത് ആചരണങ്ങൾ തകൃതിയായി നടക്കട്ടെ!
എസ്റ്റേറ്റ് വിവാദം കൊഴുക്കുന്ന നെല്ലിയാമ്പതിയുടെ ജൈവകലവറയിലേക്ക് ഒരു എത്തിനോട്ടം.ഞെട്ടിപ്പിക്കുന്ന തോതിൽ നശീകരണം നടക്കുന്ന
നെല്ലിയാമ്പതിയിലെ കാടുകളിൽനിന്ന് വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫ൪ എൻ.എ. നസീ൪ പക൪ത്തിയ അപൂ൪വ ചിത്രങ്ങൾ





Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
