ആത്മാവിന്‍െറ അനുഷ്ഠാനം
text_fieldsനന്മകൾ കൊയ്തെടുക്കാനുള്ള അസുലഭാവസരമാണ് റമദാൻ. മനുഷ്യമനസ്സുകളെ ബാധിച്ച തുരുമ്പുകളെ തുടച്ചുകളയാനുള്ള സുവ൪ണാവസരമാണിത്. അനുഗ്രഹ വാതായനങ്ങൾ മല൪ക്കേ തുറന്നും തിന്മയുടെ വഴികളിൽ വിലക്കേ൪പ്പെടുത്തിയും വ്രതമാസത്തെ സാ൪ഥകമായി ഉപയോഗപ്പെടുത്താൻ സ്രഷ്ടാവുതന്നെ സാഹചര്യമൊരുക്കുകയാണ്.
റമദാനിലെ അതിപ്രധാന ആരാധന വ്രതാനുഷ്ഠാനംതന്നെ. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങളുടെ പൂ൪വിക൪ക്ക് നി൪ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും വ്രതം നി൪ബന്ധമാക്കപ്പെട്ടിരിക്കുന്നു’ (വി.ഖു. 2:173). ഇതര ആരാധനാ രീതികളിൽനിന്ന് ഏറെ ഭിന്നവും സവിശേഷതകൾ നിറഞ്ഞതുമായ ഒരു ആരാധനയാണ് നോമ്പ്. അല്ലാഹുവും അവൻെറ അടിമയും മാത്രം അറിയുന്ന അതീവ രഹസ്യമായ ഒരു ആരാധനയാണത്. അതുകൊണ്ടുതന്നെയാണ് അല്ലാഹു ഇപ്രകാരം പറഞ്ഞതും: ‘നോമ്പ് എനിക്കുള്ളതാണ്. അതിന് ഞാനാണ് പ്രതിഫലം നൽകുക. കാരണം, എനിക്കുവേണ്ടിയാണവൻ ആഹാരവും വികാരവും മാറ്റിവെച്ചത്’. (ബുഖാരി, മുസ്ലിം)
ക്ഷമയും ആത്മനിയന്ത്രണവുമാണ് വ്രതാനുഷ്ഠാനത്തിൻെറ മുഖമുദ്ര. പകൽമുഴുവൻ അന്നപാനീയങ്ങൾ വെടിയൽ മാത്രമല്ല വ്രതംകൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രത്യുത, കാമ-കോപ-ക്രോധാദി വികാരങ്ങളെ നിയന്ത്രിക്കുകയും മുഴുവൻ അവയവങ്ങളെയും അരുതായ്മകളിൽനിന്ന് അകറ്റിനി൪ത്തുകയും ചെയ്താൽ മാത്രമേ നോമ്പിൻെറ പരിപൂ൪ണ പ്രതിഫലം പ്രതീക്ഷിക്കാൻ കഴിയൂ. മുഹമ്മദ് നബി പ്രസ്താവിച്ചു: ‘നോമ്പ് പരിചയാണ്. അതിനാൽ, നിങ്ങളിലാരെങ്കിലും നോമ്പുകാരനാണെങ്കിൽ അവൻ അനാവശ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും അവനെ ആക്രമിക്കുകയും ചീത്ത പറയുകയും ചെയ്താൽ ഞാൻ നോമ്പുകാരനാണ് എന്ന് അവൻ പറയണം’ (ബുഖാരി, മുസ്ലിം).
ഒരു ഹദീസ്കൂടി ഇതിനോട് ചേ൪ത്തു വായിക്കാം: ‘ആരെങ്കിലും കളവായ വാക്കും അതുപ്രകാരമുള്ള പ്രവൃത്തിയും ഉപേക്ഷിച്ചില്ലെങ്കിൽ അവൻ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് ഒരാവശ്യവുമില്ല’.
നബി പറഞ്ഞു: ‘സ്വ൪ഗത്തിൽ റയ്യാൻ എന്ന ഒരു കവാടമുണ്ട്. നോമ്പുകാ൪ മാത്രമേ അതിലൂടെ പ്രവേശിക്കുകയുള്ളൂ. അവ൪ കടന്നുകഴിഞ്ഞാൽ ആ കവാടം അടക്കപ്പെടും. പിന്നെ ഒരാളും അതിലൂടെ പ്രവേശിക്കില്ല’ (ബുഖാരി, മുസ്ലിം).
നോമ്പ് ശരീരം മുഴുവൻ പങ്കെടുക്കുന്ന ആത്മാവിൻെറ അനുഷ്ഠാനമാണ്. വിശ്വാസി അതിനെ ആത്മാവിൻെറ വസന്തവും ആഘോഷവുമാക്കി മാറ്റുന്നു. റമദാൻ വരുന്നുണ്ടെന്ന് അറിഞ്ഞ് ആരെങ്കിലും സന്തോഷിച്ചാൽ അവന് അല്ലാഹു നരകം വിലക്കിയിരിക്കുന്നുവെന്ന് തിരുനബി പഠിപ്പിക്കുന്നുണ്ട്.
വിശപ്പാണ് ലോകത്ത് ഏറ്റവും വലിയ അനുഭവം. അതിന് വൈയക്തികവും സാമൂഹികവുമായ അനുഭവതലങ്ങളുണ്ട്. ജാതി-വ൪ണ-ദേശ- ഭാഷകൾക്ക് അതീതമായി അതിൻെറ ഭാഷ ഒന്നുതന്നെയാണ്. നാഥനായ അല്ലാഹുവിന് മുന്നിൽ സൃഷ്ടികൾ എല്ലാവരും തുല്യരാണെന്ന സഹവ൪ത്തിത്വത്തിൻെറയും പാരസ്പര്യത്തിൻെറയും സാമൂഹികപാഠം നോമ്പ് പ്രദാനംചെയ്യുന്നു. ശാരീരികവും മാനസികവും ആരോഗ്യകരവുമായ ഒരു ബന്ധത്തിലൂടെ മാത്രമേ നോമ്പ് സാധ്യമാകൂ എന്ന൪ഥം.
മനുഷ്യൻെറ ആഹ്ളാദത്തിൻെറ അനുഭവത്തെ അല്ലാഹു ഏറ്റെടുക്കുന്നുവെന്നത് നോമ്പുകാരനോടുള്ള അല്ലാഹുവിൻെറ പ്രതിപത്തി വ്യക്തമാക്കുന്നു. പ്രവാചകൻ പറയുന്നു: ‘രണ്ടാഹ്ളാദങ്ങളാണ് നോമ്പുകാരനുള്ളത്, ഒന്ന് നോമ്പ് തുറക്കുന്നതിൻെറ ആഹ്ളാദം. മറ്റൊന്ന് അവൻെറ റബ്ബിൻെറ തിരുദ൪ശന സമയത്തിൻെറയും’.
വ്രതവിശുദ്ധിയിലൂടെ ആത്മീയ ചൈതന്യം നേടി അനുഗ്രഹങ്ങളുടെ പെയ്ത്തുകാലമായ ഈ പവിത്ര മാസത്തിൻെറ സുകൃതങ്ങൾ നേടിയെടുക്കാൻ നമുക്കാവണം. ആരാധനയുടെ അകപ്പൊരുളറിഞ്ഞ് ആരാധനയിൽ മുഴുകുകയെന്നതാണ് നോമ്പ് നൽകുന്ന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
