Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എം: കേന്ദ്ര...

സി.പി.എം: കേന്ദ്ര നിലപാട് കേരളഘടകത്തിലെ പ്രതിസന്ധി രൂക്ഷമാക്കും

text_fields
bookmark_border
സി.പി.എം: കേന്ദ്ര നിലപാട് കേരളഘടകത്തിലെ പ്രതിസന്ധി രൂക്ഷമാക്കും
cancel

തിരുവനന്തപുരം: സി.പി.എമ്മിന്റെ ദേശീയസംസ്ഥാന തലത്തിൽ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറി ഒഴിവാക്കാനായെന്ന് കേന്ദ്ര നേതൃത്വത്തിന് തൽക്കാലം ആശ്വസിക്കാമെങ്കിലും കേരള ഘടകത്തിലെ പ്രശ്നങ്ങൾ രൂക്ഷമാകുമെന്ന് സൂചന.
വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റുക, കേന്ദ്ര കമ്മിറ്റിയിൽനിന്ന് നീക്കി സംസ്ഥാന സമിതിയിലേക്ക് തരംതാഴ്ത്തുക എന്നിവ മുൻനി൪ത്തിയെത്തിയ സംസ്ഥാന നേതൃത്വത്തിനാകട്ടെ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം തിരിച്ചടിയായി.
സംസ്ഥാന നേതൃത്വ പുനഃസംഘടന ഉന്നംവെച്ച വി.എസിന് അത് നേടാനായില്ലെന്ന് മാത്രമല്ല, താൻ ഉയ൪ത്തിയ വിഷയത്തിന് ആധാരമായ ടി.പി വധത്തിൽ പാ൪ട്ടി നേതൃത്വത്തിന്റെ പങ്ക് സി.സി തള്ളിപ്പറയുന്നതും കണ്ടാണ് മടങ്ങേണ്ടിവരുന്നത്.
സമവായപാതയേക്കാൾ സംഘടനാപ്രശ്നങ്ങളിലെ കേന്ദ്ര നേതൃത്വത്തിന്റെ നേതൃപാടവക്കുറവും പ്രത്യയശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പരാജയവുമാണ് ഒരിക്കൽകൂടി വെളിവായത്. വി.എസും സംസ്ഥാന നേതൃത്വവും ഉയ൪ത്തിയ കാതലായ വിഷയങ്ങൾ ഒഴിവാക്കിയ കേന്ദ്ര നേതൃത്വം പാ൪ട്ടിയകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ൪ധിപ്പിക്കുന്ന നടപടികളാണ് കൈക്കൊണ്ടത്.
തന്റെ അച്ചടക്കലംഘനത്തെ ക്കുറിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോ൪ട്ടിന് മുന്നിൽ അവരുടെ വലതുപക്ഷ വ്യതിയാനത്തെക്കുറിച്ച് ആരോപണം ഉയ൪ത്തിയ വി.എസ് അക്ഷരാ൪ഥത്തിൽ കേന്ദ്ര നേതൃത്വത്തെ സി.സിയിലും പി.ബിയിലും വെല്ലുവിളിക്കുകയായിരുന്നു. വി.എസിനെതിരെ കടുത്ത നടപടിയെടുത്താൽ സംസ്ഥാനത്ത് സംഘടന തകരാതെ നോക്കാൻ കഴിയുമോയെന്ന പി.ബിയുടെ ചോദ്യത്തിന് മുന്നിൽ പിണറായിയും കോടിയേരിയും നൽകിയ ഉറച്ച മറുപടിക്കൊപ്പം എം.എ. ബേബി ഉണ്ടാകാതിരുന്നതും സി.സിയിൽ ബംഗാൾ ഉൾപ്പെടെ മറ്റ് ഘടകങ്ങൾ അച്യുതാനന്ദന് ഒപ്പം നിന്നതും നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി.
ഇരുപക്ഷത്തെയും തലോടിയുള്ള തീരുമാനമെടുത്ത കേന്ദ്രനേതൃത്വം പ്രശ്നത്തിൽനിന്ന് ഒളിച്ചോടുന്നുവെന്ന ആക്ഷേപമുണ്ട്. ബംഗാളിലെ സംഘടനാ വിഷയങ്ങൾ പരിഹരിക്കാതെ ഉഴലുന്ന നേതൃത്വത്തിന് സി.പി.എമ്മിനെ താൽക്കാലികമായെങ്കിലും ഒരു ദുരന്തത്തിൽനിന്ന് രക്ഷിച്ചെന്ന് ആശ്വസിക്കാനേ കഴിയൂ. കേന്ദ്ര കമ്മിറ്റി തീരുമാനം റിപ്പോ൪ട്ട് ചെയ്യാനും ച൪ച്ചക്കും തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും 24 നും 25 നും സംസ്ഥാന സമിതിയും 28 വരെ മേഖലാ യോഗവും വിളിച്ച സംസ്ഥാന നേതൃത്വം വി.എസിനെതിരായ നടപടികൾ തുടരുന്നതിനാവും ഇനി അണികൾ സാക്ഷ്യംവഹിക്കുക. സംസ്ഥാന നേതൃത്വത്തിന്റെ ഭീഷണിയെ ദാരുണമായി തക൪ത്ത വി.എസ്, തന്റെ ലക്ഷ്യം കൈവരിക്കാനുള്ള നേതൃവിമ൪ശം തുടരുമെന്ന സൂചന നൽകിക്കഴിഞ്ഞു.
സി.സി തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചില്ലെന്ന് പരസ്യമായി പറഞ്ഞതുവഴി പോരാട്ടത്തിന്റെ നാൾവഴികളിലേക്കുള്ള സൂചനയാണ് വി.എസ് നൽകുന്നത്.
വി.എസിനെതിരായ കടുത്ത നടപടി എന്ന ആവശ്യം നേടാതെ നിരാശയുമായി പ്രവ൪ത്തകരെ അഭിമുഖീകരിക്കുന്ന ഔദ്യോഗിക പക്ഷം വി.എസ് വിമ൪ശത്തിന്റെ ആക്കം കൂട്ടിയാവും കേന്ദ്ര നേതൃത്വത്തിനെതിരായ അതൃപ്തി പ്രകടിപ്പിക്കുക. ഒപ്പം സംസ്ഥാനഘടകത്തിൽ ഒരു കാലത്ത് തങ്ങൾക്കൊപ്പം നിൽക്കുകയും ഇപ്പോൾ നിഷ്പക്ഷത പാലിക്കുകയും ചെയ്തവ൪ക്കും അനുയായികൾക്കുമെതിരെ നടപടി ശക്തമാക്കുകയും ചെയ്യും. ആലപ്പുഴയിലെ രണ്ട് ഏരിയാ സമ്മേളനവും കൊല്ലം, പത്തനംതിട്ട സമ്മേളനങ്ങൾക്കെതിരെയുള്ള അന്വേഷണവും ഇത് ആളിക്കത്തിക്കുന്നതായേക്കും.
ഇതുവരെ സംസ്ഥാന സമ്മേളന റിപ്പോ൪ട്ടിങ്ങിന്റെ പേരിൽ വി.എസിനെതിരെ വിവിധ ഘടകങ്ങളിൽ കുറ്റപത്രം അവതരിപ്പിച്ചിരുന്ന നേതൃത്വം ഇനി സി.സിയുടെ പരസ്യശാസന കൂടി ഉൾപ്പെടുത്തും.
എന്നാൽ 1998ൽ പാലക്കാട് സമ്മേളനശേഷം അന്ന് വെട്ടിനിരത്തപ്പെട്ട സി.ഐ.ടി.യു പക്ഷത്തിനെതിരെ വി.എസും പിണറായിയും ഉൾപ്പെട്ട നേതൃത്വം ചെയ്തതിന്റെ ആവ൪ത്തനം കൂടിയാണിതെന്നതും ശ്രദ്ധേയമാണ്. സമ്മേളനത്തിൽ വിഭാഗീയത നടന്നെന്ന് കേന്ദ്രനേതൃത്വം കണ്ടെത്തുകയും വി.എസ് അടക്കമുള്ളവരെ ശാസിച്ചിട്ടും പാ൪ട്ടി കോൺഗ്രസ് രേഖകൾ കൂടി വെച്ച് താഴെത്തട്ടുവരെ സി.ഐ.ടി.യു പക്ഷത്തിനെതിരെ വിമ൪ശം നടത്തുകയാണ് അന്ന് ചെയ്തത്.
ഇന്ന് ഔദ്യോഗികപക്ഷവും ഇത് തുടരുമെങ്കിലും പാ൪ട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല ഇതെന്ന് ഇരുപക്ഷത്തിനും അറിയാം. പാലക്കാടിന് ശേഷം വിഭാഗീയത രൂക്ഷമായത് പോലെ വി.എസ് സംസ്ഥാന നേതൃത്വത്തിന്റെ പോരാട്ടത്തിന്റെ തീവ്രതക്കാവും ഒരുപക്ഷേ ഇനി കേന്ദ്ര നേതൃത്വം സാക്ഷിയാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story