കുടിവെള്ള നിലവാരം പരിശോധനയില്‍ നിന്നൊഴിവാക്കി
text_fieldsആലപ്പുഴ: ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ആരോഗ്യവിഭാഗം നടത്തുന്ന റെയ്ഡിൽ നിന്ന് കുടിവെള്ളത്തെ ഒഴിവാക്കി. വൻ ഹോട്ടലുകൾ മുതൽ തട്ടുകടകൾ വരെ വിതരണം ചെയ്യുന്നത് നിലവാരമില്ലാത്തതും വൃത്തിഹീനവുമായ വെള്ളമായിട്ടും പരിശോധനയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. കേരളത്തിലെ ഹോട്ടലുകളിലും ശീതളപാനീയ ശാലകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം പഴകിയ ഭക്ഷണത്തെക്കാൾ അപകടകാരിയാണെന്ന് ആരോഗ്യ പ്രവ൪ത്തകരുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് റെയ്ഡിൽ ഇവ പരിശോധിക്കാതിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടക്കുന്ന റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പക്ഷേ, ഒരിടത്തും കുടിവെള്ളം പരിശോധിക്കാനോ നിലവാരം ഉറപ്പുവരുത്താനോ നടപടി ഉണ്ടായിട്ടില്ല.
ഒട്ടുമുക്കാൽ കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്നത് ഒട്ടും നിലവാരമില്ലാത്ത കുടിവെള്ളമാണ്. കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ജലജന്യ രോഗങ്ങളുടെ പ്രധാന വ്യാപന കേന്ദ്രം ഹോട്ടൽ, കൂൾബാ൪ തുടങ്ങിയവയിലൂടെ വിതരണം ചെയ്യുന്ന വെള്ളമാണെന്ന് ആരോഗ്യ പ്രവ൪ത്തക൪ പറയുന്നു. പച്ചവെള്ളം എത്ര ശുദ്ധമായതായാലും തിളപ്പിച്ചാറിയ ശേഷമേ കുടിക്കാവൂ എന്ന് കാലങ്ങളായി ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പാണ്. അഞ്ച് മിനിട്ട് തിളപ്പിച്ചാൽ മാത്രമേ ബാക്ടീരിയകളെയും മറ്റും നി൪വീര്യമാക്കാൻ കഴിയൂ. എന്നാൽ, ഹോട്ടലുകളിൽ ചൂടുവെള്ളം എന്ന പേരിൽ വിതരണം ചെയ്യുന്നത് പച്ചവെള്ളത്തിൽ കുറച്ച് തിളച്ചവെള്ളം കല൪ത്തിയാണ്. വിവാഹ സദ്യകളിലും ഇതുതന്നെയാണ് രീതി.
മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, ടൈഫോയിഡ്, കോളറ, അമീബിയാസിസ് (വയറുകടി) തുടങ്ങിയ ജലജന്യ രോഗങ്ങൾ കേരളത്തിൽ വ്യാപകമാകുന്നതിന് ഈ കുടിവെള്ളം കാരണമാകുന്നതായി ആലപ്പുഴ മെഡിക്കൽ കോളജിലെ അഡീഷനൽ പ്രഫസ൪ ഡോ. ബി. പദ്മകുമാ൪ പറയുന്നു.
ഹോട്ടലുകളിലും കൂൾബാറുകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം ശേഖരിക്കുന്നത് പൈപ്പിൽ നിന്നോ പുഴകളിൽനിന്നോ ഒക്കെയാണ്. നഗരങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ വെള്ളം ടാങ്കറുകളിലാണ് എത്തിക്കുന്നത്. ടാങ്കറുകളുടെ ശുചിത്വമോ വെള്ളത്തിന്റെ ഗുണനിലവാരമോ പരിശോധിക്കാൻ സംസ്ഥാനത്ത് ഒരു സംവിധാനവുമില്ല.
കേരളത്തിൽ വാട്ട൪ അതോറിറ്റി വിതരണം ചെയ്യുന്നതടക്കമുള്ള എല്ലാ ജലസ്രോതസ്സുകളിലെയും വെള്ളത്തിന്റെ നിലവാരം അപകടകരമായ നിലയിലാണെന്ന് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്) നടത്തിയ പഠനത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. ജല അതോറിറ്റി പൈപ്പുകളിലൂടെ വിതരണം ചെയ്യുന്ന വെള്ളം പോലും കുടിക്കാൻ യോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. കേരളത്തിലെ ജലസ്രോതസ്സുകളിലെ കോളിഫോം ബാക്ടീരിയയുടെ അളവ് 1,000 മുതൽ 10,000നും മുകളിലാണെന്നാണ് പഠനത്തിൽ വ്യക്തമായത്. രണ്ടിൽ കൂടുതൽ ക്വാളിഫോം ബാക്ടീരിയ ഉള്ള വെള്ളം കുടിവെള്ളമായി കണക്കാക്കാനാവില്ല എന്നാണ് ആരോഗ്യ പ്രവ൪ത്തക൪ വ്യക്തമാക്കുന്നത്. ഇത്രയും മലിനമായ വെള്ളമാണ് തിളപ്പിക്കാതെ ഹോട്ടലുകളിലും കൂൾബാറുകളിലും വിതരണം ചെയ്യുന്നത്. കുടിവെള്ളത്തിന്റെ നിലവാരം മോശമാണെന്ന് കണ്ടെത്തിയാൽ പ്രതിക്കൂട്ടിൽ കയറുക പ്രധാനമായും ജല അതോറിറ്റിയാണ്. പൊട്ടിപ്പൊളിഞ്ഞതും പഴകി ദ്രവിച്ചതുമായ പൈപ്പുകളിലൂടെ വേണ്ടത്ര ശുചീകരണ സംവിധാനമില്ലാതെയാണ് ജല അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇരുമ്പ്, ആ൪സനിക്, ഫ്ളൂറൈഡ് തുടങ്ങിയവയുടെ സാന്നിധ്യവും കുടിവെള്ളത്തിൽ കൂടുതലാണ്.
ശീതള പാനീയങ്ങളിലും ജ്യൂസുകളിലും ചേ൪ക്കുന്ന ഐസാണ് മറ്റൊരു വില്ലൻ. മത്സ്യം കേടുവരാതിരിക്കാനായി ഉണ്ടാക്കുന്ന ഐസാണ് മിക്ക കടകളിലും ഉപയോഗിക്കുന്നത്. വൃത്തിഹീനമായ സ്രോതസ്സുകളിൽനിന്നുള്ള വെള്ളം കൊണ്ടുണ്ടാക്കുന്ന ഐസിൽ രോഗാണുക്കളുടെ സാന്നിധ്യം കൂടുതലാണ്. ഐസിലൂടെ അത് ശരീരത്തിൽ എത്തുകയും രോഗം പകരാൻ കാരണമാവുകയും ചെയ്യുന്നു.ഹോട്ടൽ ഭക്ഷണത്തെ സ്ഥിരമായി ആശ്രയിക്കുന്നവരിലാണ് ഹെപ്പറ്റൈറ്റിസ് ബി വ്യാപകമായി കണ്ടുവരുന്നതെന്നും ഡോക്ട൪മാ൪ പറയുന്നു.
ശുദ്ധമായ വെള്ളമെന്ന ധാരണയിൽ മിനറൽ വാട്ടറിനെ അമിതമായി ആശ്രയിക്കുന്ന പ്രവണത നന്നല്ലെന്നും വൻകിട കമ്പനികളുടെ മിനറൽ വാട്ട൪ പോലും വേണ്ടത്ര നിലവാരമുള്ളതല്ലെന്നും ആരോഗ്യ പ്രവ൪ത്തക൪ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
