പ്രാഗല്ഭ്യം, അറിവ്
text_fieldsപ്രണബ് മുഖ൪ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ എതാണ്ട് നാല് ദശാബ്ദകാലത്തെ ബന്ധത്തിൻെറ സ്മരണകളാണ് എന്നിൽ നിറയുന്നത്. 71 കാലത്താണ് ഞാൻ പാ൪ലമെൻറിൽ എത്തുന്നത്. ഏതാണ്ട് അതേ കാലമാണ് പ്രണബ് മുഖ൪ജിയും പാ൪ലമെൻറിലേക്ക് കടന്നുവരുന്നത്. കാണുകയും പരിചയപ്പെടുകയും അന്നുമുതൽ ബന്ധം സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം കൂടുതൽ അടുത്ത് ഇടപെടാൻ കഴിഞ്ഞത് അദ്ദേഹം ഷിപ്പിങ് ആൻഡ് ട്രാൻസ്പോ൪ട്ട് മന്ത്രിയായിരുന്നപ്പോഴാണ്. ഞാൻ കൊച്ചി പോ൪ട്ടിലെ തൊഴിലാളി നേതാവായിരുന്ന കാലം. തുറമുഖവുമായും തൊഴിലാളികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടേണ്ടിവന്നു. ഇതിനിടെ, എങ്ങനെയോ ഞങ്ങൾ തമ്മിൽ മാനസികമായി വളരെ അടുത്തു. ബന്ധം വള൪ന്നതോടെ എന്നോട് ദേഷ്യം തോന്നിയ ഒരു സംഭവം പ്രണബ് പിന്നീട് പങ്കുവെക്കുകയുണ്ടായി. 1978 ലെ കൽക്കത്ത എ.ഐ.സി.സി യോഗം. ഞാൻ വ൪ക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈ സമ്മേളനത്തിലായിരുന്നു. ആ പാനലിൽ പ്രണബിൻെറ പേരും ഉണ്ടായിരുന്നു. ച൪ച്ചയിൽ പാനലിൽനിന്ന് ഒരാളെ വ൪ക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ തീരുമാനമായി. അവസാനം വയലാ൪ രവിയോ പ്രണബോ എന്ന നിലയിലായി ച൪ച്ച. ഇന്ദിര ഗാന്ധിയുടെ തീരുമാനം എനിക്ക് അനുകൂലമായതോടെ ഞാൻ വ൪ക്കിങ് കമ്മിറ്റി അംഗമായി.
രവി തൻെറ വ൪ക്കിങ് കമ്മിറ്റി സ്ഥാനം തട്ടിയെടുത്തതായി പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് പ്രണബ് പറയുമായിരുന്നു. എന്നാൽ, ഞാൻ അതിന് നൽകിയ മറുപടി പ്രണബ് എൻെറ സ്ഥാനം തട്ടിയെടുത്തില്ലല്ലോ എന്നായിരുന്നു. ഞാൻ വ൪ക്കിങ് കമ്മിറ്റിയംഗവും അദ്ദേഹം മന്ത്രിയുമായി. നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമൊക്കെയായി അദ്ദേഹവുമായി തുട൪ന്നും ബന്ധപ്പെട്ടുകൊണ്ടിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കുന്നതിലേക്ക് ഞങ്ങളുടെ ബന്ധം വള൪ന്നു.
ബംഗ്ളാ കോൺഗ്രസിലൂടെയായിരുന്നു പ്രണബ് കോൺഗ്രസിലേക്ക് വരുന്നത്. പാ൪ലമെൻറിൽ വന്നതിനുശേഷവും മന്ത്രിയായപ്പോഴും മികച്ച നിലയിൽ ശോഭിച്ചു. ഇന്ദിര ഗാന്ധിയാണ് പ്രണബിൻെറ കഴിവുകൾ തിരിച്ചറിഞ്ഞത്. ആ കഴിവുകൾ പ്രോത്സാഹിപ്പിച്ച് അവ൪ പാ൪ട്ടിക്കും സ൪ക്കാറിനും ഉപയോഗപ്പെടുത്തി. ഓരോ അവസരങ്ങളിലും അദ്ദേഹത്തെ ഉയ൪ത്തിക്കൊണ്ടുവരാൻ ഇന്ദിരഗാന്ധി ശ്രമിച്ചിരുന്നു. പ്രണബ് മുഖ൪ജിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ അപൂ൪വം നേതാക്കളിൽ ഒരാളായിരുന്നു ഇന്ദിരഗാന്ധി.
ഇന്ദിര ഗാന്ധി അധികാരത്തിലേക്ക് മടങ്ങിവന്നപ്പോൾ പ്രണബിനെയും മന്ത്രിസഭയിലെടുത്തു. ആദ്യം കോമേഴ്സ് അടക്കം ചില വകുപ്പുകളുടെ ചുമതലയായിരുന്നു. 82ൽ അദ്ദേഹത്തെ ധന മന്ത്രിയായി ഉയ൪ത്തി.സ്ഥാനമേറ്റതോടെ വകുപ്പ് ശരിയായി കൊണ്ടുപോകാൻ കഴിയുമോയെന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇത് മനസ്സിലാക്കിയ ഇന്ദിര ഗാന്ധി വിഷമിക്കാനൊന്നുമില്ല എന്നുപറഞ്ഞ് പ്രണബിന് ആത്മവിശ്വാസം പക൪ന്നുനൽകി. കാര്യങ്ങൾ പഠിക്കാൻ അവ൪ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതൊക്കെ പ്രണബിന് മുന്നോട്ടുള്ള വഴിയിൽ കരുത്തായി. ധനമന്ത്രിയായപ്പോഴുണ്ടായ ഒരു രസകരമായ അനുഭവം പ്രണബ് പങ്കുവെച്ചതിങ്ങനെ: ലോക ബാങ്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രണബിന് ക്ഷണമുണ്ടായി. ഇതിനെക്കുറിച്ച് ആശങ്കപ്പെട്ട പ്രണബിനെ വിളിച്ച് ഇന്ദിര ഗാന്ധി പറഞ്ഞു. ലോകബാങ്ക് ഉദ്യോഗസ്ഥരെയൊന്നും പേടിക്കേണ്ടതില്ല.അവ൪ വലിയ പല കാര്യങ്ങളും പറയും. എന്നാൽ, നമ്മുടെ നിലപാടിൽ ഉറച്ചുനിൽക്കണം. നമ്മുടെ നിലപാടിനോട് യോജിക്കാത്ത കാര്യങ്ങൾ അംഗീകരിക്കരുത്. അങ്ങനെ വന്നാൽ യോഗത്തിൽനിന്ന് പോകണം. പിറ്റേ ദിവസം നിങ്ങളുടെ മുറിയിൽ ലോകബാങ്കിൻെറ എം.ഡി എത്തും. അടുത്ത ദിവസം അതുപോലെ തന്നെ നടന്നു. ലോകബാങ്കിൻെറ എം.ഡി മുറിയിലെത്തി സന്ധി സംഭാഷണങ്ങൾ നടത്തി. തുട൪ന്ന് നമ്മുടെ വാദങ്ങൾ അവ൪ അംഗീകരിച്ചു. ഇന്ദിര ഗാന്ധി മന്ത്രിമാരെ പരിശീലിപ്പിച്ചെടുക്കുന്നതിൻെറ ഉദാഹരണം കൂടിയാണത്. ഇന്ദിര ഗാന്ധി ലോക ബാങ്ക് ഉദ്യോഗസ്ഥരെ കൃത്യമായി പഠിച്ചിരുന്നു.
ബജറ്റുകളിലൂടെ അദ്ദേഹം ഇന്ത്യക്ക് നൽകിയ മാറ്റവും പ്രധാനമാണ്.ഇന്ദിര ഗാന്ധി ഇന്ത്യയുടെ വികസനം എപ്രകാരം സ്വപ്നം കണ്ടുവോ അത് പ്രാവ൪ത്തികമാക്കുന്നതായിരുന്നു അക്കാലത്തെ പ്രണബിൻെറ ബജറ്റുകൾ.ബജറ്റുകളിലൂടെ ഇന്ത്യൻ ജനതക്ക് ആവേശം പക൪ന്ന നേതാവായാണ് അക്കാലത്ത് പ്രണബിനെ ഞങ്ങൾ കണ്ടത്. ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി വന്ന അവസരത്തിൽ പ്രണബുമായി ചെറിയ തെറ്റിദ്ധാരണ ഉണ്ടായി എന്നത് സത്യമാണ്. പലപ്പോഴും പ്രണബുതന്നെ പറഞ്ഞിട്ടുണ്ട്, അത് താൻ അറിഞ്ഞ കാര്യമല്ലെന്ന്. അതിനുശേഷം ഒരടി പിറകോട്ട് പോയെങ്കിലും അതിനേക്കാൾ ശക്തിയോടെ അദ്ദേഹം തിരിച്ചുവന്നു.രാജീവ് ഗാന്ധി ഉള്ളപ്പോൾ തന്നെയായിരുന്നു മടങ്ങിവരവെങ്കിലും ഔദ്യാഗിക പദവികളിലേക്കുള്ള മടക്കത്തിന് നരസിംഹറാവുവിൻെറ കാലമാണ് സാക്ഷിയായത്. പ്ളാനിങ് ബോ൪ഡ് ഡെപ്യൂട്ടി ചെയ൪മാൻ സ്ഥാനത്തേക്കായിരുന്നു മടക്കം. അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ കെ. കരുണാകരൻ വലിയ പങ്കുവഹിച്ചു. കരുണാകരനും പ്രണബും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു.ഡെപ്യൂട്ടി ചെയ൪മാൻ സ്ഥാനത്തുനിന്ന് അദ്ദേഹം പെട്ടെന്ന് കേന്ദ്രമന്ത്രി സഭയിൽ അംഗമായി. അതിനുശേഷം കോൺഗ്രസ് മാറി എൻ.ഡി.എ അധികാരത്തിലെത്തി. പാ൪ലമെൻറിൽ അദ്ദേഹം ശോഭിച്ച നാളുകളായിരുന്നു അന്ന്. പാ൪ലമെൻറിലെ നടപടിക്രമങ്ങളെക്കുറിച്ചോ അവതരിപ്പിച്ച വിഷയത്തെക്കുറിച്ചോ രൂക്ഷമായ ത൪ക്കങ്ങൾ നടക്കുമ്പോൾ പ്രണബ് ചിട്ടവട്ടമെന്താണെന്ന് വിശദീകരിച്ചു കഴിഞ്ഞാൽ അത് എല്ലാവരും അംഗീകരിക്കും. ആ പതിവാണ് അന്നും ഇന്നും പാ൪ലമെൻറിൽ. ഭരണഘടനയെക്കുറിച്ച് അപാര അറിവുള്ള അദ്ദേഹം ഓ൪മശക്തിയിലും മുന്നിലായിരുന്നു.പാ൪ലമെൻറിൽ താൻ വന്നകാലം മുതലുള്ള മിക്കപ്രസംഗങ്ങളെക്കുറിച്ചും പ്രണബ് പലപ്പോഴും വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ലോക്സഭയിൽ എത്തുന്നത്. അതിനുമുമ്പ് രാജ്യസഭാംഗമായിരുന്നു.
ഞങ്ങൾ തമ്മിലുണ്ടായ വ്യക്തിപരമായ ഒരനുഭവം ഓ൪ക്കുന്നു. ഞങ്ങൾ പ്രതിപക്ഷത്തായിരുന്നു. പ്രണബാണ് ചീഫ് വിപ്പ്. ഇൻഷ്വറൻസ് ബിൽ ഭേദഗതി പരിഗണിക്കുന്ന സമയം. എൽ.ഐ.സി അടക്കമുള്ളവയുടെ ഷെയറുകൾ പൂ൪ണമായല്ലെങ്കിലും സ്വകാര്യമേഖലക്ക് നൽകുന്നതിനെ ഞാൻ ശക്തിയായി എതി൪ത്തു. ഇതുസംബന്ധിച്ച് ഒരുകുറിപ്പും സോണിയ ഗാന്ധിക്ക് നൽകി. കുറിപ്പ് മൂന്നു ദിവസത്തോളം പാ൪ട്ടി ച൪ച്ചചെയ്തു. പിന്നീട് സോണിയ ഗാന്ധി വിളിച്ചിപ്പ് കുറിപ്പ് ച൪ച്ചചെയ്തെന്നും രവി പറയുന്നതിൽ ചില കാര്യങ്ങളുണ്ടെന്നും പറഞ്ഞു. എങ്കിലും ഒരു പരിധിവിട്ട് മുന്നോട്ടു പോകാനായില്ല.
പാ൪ലമെൻറിലെ നടപടിക്രമങ്ങളെക്കുറിച്ചോ അവതരിപ്പിച്ച വിഷയത്തെക്കുറിച്ചോ രൂക്ഷമായ ത൪ക്കങ്ങൾ നടക്കുമ്പോൾ പ്രണബ് ചിട്ടവട്ടമെന്താണെന്ന് വിശദീകരിച്ചു കഴിഞ്ഞാൽ അത് എല്ലാവരും അംഗീകരിക്കും. ഭരണഘടനയെക്കുറിച്ച് അപാര അറിവുള്ള അദ്ദേഹം ഓ൪മശക്തിയിലും മുന്നിലായിരുന്നു.പാ൪ലമെൻറിൽ താൻ വന്നകാലം മുതലുള്ള മിക്കപ്രസംഗങ്ങളെക്കുറിച്ചും പ്രണബ് പലപ്പോഴും വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്.
ഉറപ്പു നൽകിയിട്ടുള്ളതിനാൽ ബില്ലിനെ എതി൪ക്കാൻ പറ്റുമായിരുന്നില്ല. പിന്നീട് എൻെറ നിലപാടിൽനിന്ന് ഞാൻ പിന്മാറി. ബില്ലിൻെറ ച൪ച്ചക്കിടെ എനിക്ക് സംസാരിക്കണമെന്ന് പ്രണബിന് കുറിപ്പ് കൊടുത്തു. എന്നാൽ, സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. താൻ ഏന്തെങ്കിലും ഏതി൪പ്പ് പ്രകടിപ്പിക്കുമോ എന്ന സംശയമായിരിക്കാം അദ്ദേഹത്തിൻെറ ശക്തമായ നിലപാടിന് പിന്നിൽ. അത്തരത്തിൽ വീട്ടുവീഴ്ചയില്ലാത്ത പ്രണബിനെയും സഭയിൽ കണ്ട നിമിഷങ്ങളുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവ൪ത്തനവുമായി ബന്ധപ്പെട്ട് മമത-പ്രണബ് ത൪ക്കം പരിഹരിക്കാൻ മധ്യസ്ഥനായും പ്രവ൪ത്തിച്ചിട്ടുണ്ട്. ഭരണപരമായ ഏതാവശ്യത്തിനും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ഞാൻ സിവിൽ ഏവിയേഷൻ വകുപ്പിൻെറ ചുമതല വഹിക്കുന്ന സമയം. സാമ്പത്തിക പ്രതിസന്ധിമൂലം എയ൪ ഇന്ത്യ ശമ്പളം കൊടുക്കാൻപോലും പണം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. രാത്രി 11 കഴിഞ്ഞ് അദ്ദേഹത്തെ കാണാൻ ഞാൻ പോകുമായിരുന്നു. വൈകി ഉറങ്ങുന്ന ശീലമാണ് അദ്ദേഹത്തിന്. കാണുന്ന ഉടനെ എന്താണെന്നാവും ചോദ്യം. പൈലറ്റുമാ൪ക്ക് ശമ്പളം കൊടുക്കാൻ പണം വേണമെന്ന് ഞാൻ പറയും. എത്രയാണെന്ന് ചോദിക്കും. ആ തുക അനുവദിക്കും. പണം നൽകിയ ശേഷം, തനിക്ക് ഇതിനെയൊന്ന് നന്നാക്കിയെടുക്കാൻ കഴിയുമോയെന്ന് പല തവണ ചോദിച്ചിട്ടുണ്ട്.
ഞാൻ എയ൪ ഇന്ത്യയെ രക്ഷപ്പെടുത്തുമെന്ന് അദ്ദേഹം കരുതിയിരുന്നു. എന്നാൽ, അജിത്സിങ്ങിനായി എനിക്ക് വകുപ്പ് ഒഴിയേണ്ടിവന്നു. വ്യക്തിപരമായി അടുത്ത ബന്ധത്തിലേക്ക് ഞങ്ങളെ വള൪ത്തിയത് ഒരു പക്ഷേ രാഷ്ട്രീയമായ ചിന്തകളിലെ അടുപ്പമാവാം. കെ.എസ്.യുവിലേയും യൂത്ത് കോൺഗ്രസിലേയും എൻെറ പ്രവ൪ത്തനങ്ങൾ അടുത്തറിഞ്ഞതും ബന്ധം നിലനി൪ത്താൻ സഹായകരമായി. എല്ലാതരത്തിലും പാ൪ട്ടിപരമായ ബന്ധമായിരുന്നു ഭരണബന്ധത്തേക്കാൾ കൂടുതൽ. അതാണ് തുട൪ന്നുകൊണ്ടിരിക്കുന്നതും. കഴിഞ്ഞ നാൽപത് വ൪ഷം സഹപ്രവ൪ത്തകനായിരുന്ന പ്രണബ് മുഖ൪ജി രാഷ്ട്രപതി ഭവനിലേക്ക് മാറുമ്പോൾ ഏറ്റവും സന്തോഷിക്കുന്നവരിൽ ഒരാളാണ് ഞാൻ. വിദേശകാര്യമന്ത്രിയും ധനമന്ത്രിയുമായിരുന്ന കാലഘട്ടങ്ങളിൽ വിവിധ രാഷ്ട്രത്തലവന്മാരുമായുള്ള പ്രണബിൻെറ സുഹൃത്ത് ബന്ധം ഇന്ത്യക്ക് ഗുണം ചെയ്യും. മറ്റു കക്ഷികളുമായുള്ള പ്രണബിൻെറ വ്യക്തിപരമായ ബന്ധവും മറ്റും അദ്ദേഹത്തിൻെറ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിജയം സുഗമമാക്കി. ഭരണപരമായ പ്രാഗല്ഭ്യവും സാമ്പത്തികമടക്കമുള്ള വിവിധ മേഖലകളിൽ അഗാധമായ അറിവുമുള്ള പ്രണബ് ഇന്ത്യയുടെ പരമോന്നത സ്ഥാനത്തേക്ക് നടന്നുകയറുമ്പോൾ സന്തോഷിക്കുന്നു, അഭിമാനിക്കുകയും ചെയ്യുന്നു.
(തയാറാക്കിയത് എബി തോമസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
