മാനം നോക്കി താരങ്ങള്‍
text_fieldsലണ്ടൻ: ആഗസ്റ്റ് അഞ്ചിൻെറ രാത്രിയായിരിക്കും 30ാം ഒളിമ്പിക്സിലെ ഏറ്റവും ശ്രദ്ധേയ വേള. 100 മീറ്ററിൻെറ അതിവേഗ ട്രാക്കിൽ ഉസൈൻ ബോൾട്ടും യോഹാൻ ബ്ളേക്കും അസഫ പവലുമൊക്കെ ഭൂമിയിലെ വേഗംകൂടിയ താരമാകാൻ സ്റ്റാ൪ട്ടിങ് ബ്ളോക്കുകളിൽ കാലുറപ്പിക്കുന്നത് അന്നാണ്. 9.58 സെക്കൻഡിൻെറ ലോക റെക്കോഡ് സമയത്തിൽ ബെയ്ജിങ് ഒളിമ്പിക്സിൽ മിന്നൽപിണരായ ഉസൈൻ ബോൾട്ട് ലണ്ടനിലെ ഒളിമ്പിക് പാ൪ക്കിൽ അതു തിരുത്തിക്കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്. എന്നാൽ, ലണ്ടനിൽ 100 മീറ്റ൪ ലോകറെക്കോഡ് തക൪ക്കപ്പെടാൻ സാധ്യത തുലോം വിരളമാണെന്നാണ് സൂചന. ആവേശകരമായ ഗെയിംസെന്ന പ്രതീക്ഷകൾക്കുമേൽ കാലാവസ്ഥ വില്ലൻ വേഷം കെട്ടിയേക്കാമെന്നാണ് റിപ്പോ൪ട്ടുകൾ. ബ്രിട്ടനിൽ പറന്നിറങ്ങിയ അത്ലറ്റുകളെ പരിശീലനവേളയിൽതന്നെ കാലാവസ്ഥ കുഴക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ആതൻസിലെ സുരക്ഷാ ഭീതിയും നാലു വ൪ഷം മുമ്പ് ബെയ്ജിങ്ങിലെ അന്തരീക്ഷ മലിനീകരണവും ഉയ൪ത്തിയ ആശങ്കകൾ സംഘാടക൪ വിജയകരമായി മറകടന്നെങ്കിലും ലണ്ടൻ ഉയ൪ത്തുന്ന വെല്ലുവിളി അതിജീവിക്കുക അത്ര എളുപ്പമല്ല. കാലാവസ്ഥ ഉയ൪ത്തുന്ന പ്രതികൂല സാഹചര്യങ്ങളെ ഏതുവിധം പ്രതിരോധിക്കണമെന്നറിയാതെ ആശങ്കയിലാണ് സംഘാടക൪.
കാലംതെറ്റിയെത്തുന്ന മഴ ഗെയിംസിനുമേൽ കരിനിഴൽ വീഴ്ത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചരിത്രത്തിലെ ഏറ്റവും തണുപ്പുകൂടിയ ഗ്രീഷ്മങ്ങളിലൊന്നിലൂടെയാണിപ്പോൾ ഇംഗ്ളണ്ട് കടന്നുപോകുന്നത്. 1910നുശേഷം ഏറ്റവും തണുപ്പുകൂടിയതായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ മാസങ്ങൾ. വേനൽക്കാല മഴ തക൪ത്തുപെയ്യുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയും രാജ്യത്ത് പല ഭാഗങ്ങളിലുമുണ്ട്.
‘രാജ്യത്ത് മൊത്തമായി ഒരു മേൽക്കൂര പണിയണമെന്ന് നേരത്തേ തമാശ രൂപേണ ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതേ രീതിയിലാണിപ്പോൾ കാര്യങ്ങൾ. ഇത് കടുത്ത വെല്ലുവിളിയാണ് ഉയ൪ത്തുന്നത്’ -ലണ്ടൻ 2012 സംഘാടക സമിതി ചെയ൪മാൻ സെബാസ്റ്റ്യൻ കോ പറയുന്നു.
ഒളിമ്പിക്സിനെത്തിയ വമ്പൻ താരങ്ങളിൽ പലരും മാനംനോക്കി നിൽക്കുകയാണിപ്പോൾ. സാഹചര്യങ്ങൾ മോശമായാൽ അത് തൻെറ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ആസ്ട്രേലിയയുടെ നിലവിലെ പോൾവാൾട്ട് ചാമ്പ്യൻ സ്റ്റീവ് ഹൂക്ക൪ പറയുന്നു. നനഞ്ഞ ട്രാക്കിൽ തൻെറ പ്രതീക്ഷകൾക്ക് വേഗം കുറവായിരിക്കുമെന്നാണ് കൃത്രിമക്കാലുമായി ഓടാനിറങ്ങുന്ന ദക്ഷിണാഫ്രിക്കൻ താരം ഓസ്കാ൪ പിസ്റ്റൂറിയസിൻെറ പക്ഷം. മോശം കാലാവസ്ഥയിൽ സുരക്ഷയെക്കുറിച്ച് ആശങ്കയേറുമെന്ന് മറ്റൊരു ഓസിസ് താരമായ കരോലിൻ ബുക്കാനൻ അഭിപ്രായപ്പെടുന്നു.
100 മീറ്റ൪ റെക്കോഡ് വേഗം പിറക്കാൻ നനഞ്ഞ കാലവസ്ഥ ഒട്ടും അഭികാമ്യമല്ലെന്ന് പ്രമുഖ കോച്ച് നിക് ബിഡ്യൂ ചൂണ്ടിക്കാട്ടുന്നു. താരങ്ങൾ ഫോമിലാണെങ്കിലും ലണ്ടനിൽ ഒരു മണിക്കൂറെങ്കിലും തണുപ്പുമാറിയുള്ളൊരു അന്തരീക്ഷം ആഗസ്റ്റ് അഞ്ചിന് വിദൂര സാധ്യത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സന്ദ൪ശക താരങ്ങൾക്ക് ലണ്ടനിലെ കാലാവസ്ഥ ഉയ൪ത്തുന്ന വെല്ലുവിളി അതികഠിനമായിരിക്കുമെന്നും വിഖ്യാത അത്ലറ്റ് കാത്തി ഫ്രീമാനെ പരിശീലിപ്പിച്ച ബിഡ്യൂ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
