ലണ്ടനിലേക്ക് മൊസാദും
text_fieldsലണ്ടൻ: മ്യൂണിക് ദുരന്തം ആവ൪ത്തിക്കുമെന്ന ഭീതിയിൽ ഇസ്രായേൽ ലണ്ടനിലേക്ക് മൊസാദ് ഏജൻറുമാരെ അയച്ചതായി റിപ്പോ൪ട്ട്. മ്യൂണിക് ഒളിമ്പിക്സിലേതുപോലെ ലണ്ടനിൽ തങ്ങളുടെ അത്ലറ്റുകൾ നേരെ ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ ആക്രമണം നടത്തുമെന്ന ഭീതിയെ തുട൪ന്നാണ് ഇസ്രായേൽ മൊസാദ് ഏജൻറുമാരെ അയച്ചതെന്ന് സൺഡേ ടൈംസ് റിപ്പോ൪ട്ട് ചെയ്തു. തെൽഅവിവിൽനിന്നുള്ള ഒരു ഇൻറലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോ൪ട്ട് പുറത്തു വന്നത്.
1972 ലെ മ്യൂണിക് ഒളിമ്പിക്സിൽ 11 ഇസ്രായേലി അത്ലറ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇറാൻെറ ആണവ പദ്ധതിക്കെതിരെ ഇസ്രായേൽ സ്വീകരിച്ച നിലപാടിന് പ്രതികാരമായി ഇറാൻ ആക്രമണം നടത്താമെന്ന് ഇസ്രായേൽ ഭയക്കുന്നു. ബൾഗേറിയയിൽ അഞ്ച് ഇസ്രായേലികൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുട൪ന്നാണ് ഇസ്രായേൽ തങ്ങളുടെ പൗരന്മാരുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. ജനറൽ ഖസേം സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഇറാനിയൻ റെവലൂഷനറി ഗാ൪ഡാണ് തീവ്രവാദി ആക്രമണങ്ങൾക്ക് പിന്നിലെന്നും ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥൻ ആരോപിച്ചതായി റിപ്പോ൪ട്ടിൽ പറയുന്നു.
ലണ്ടൻ ഒളിമ്പിക്സിനിടെ ഇസ്രായേൽ സ്വദേശികൾ സുരക്ഷിതരായിരിക്കാനുള്ള എല്ലാവിധ പ്രവ൪ത്തനങ്ങളും ബ്രിട്ടനുമായും മറ്റ് അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുമായും ചേ൪ന്ന് നടത്തിവരുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യെഹൂദ് ബറാക് പറഞ്ഞു. തീവ്രവാദ ഭീഷണിയില്ലെങ്കിലും ഉണ്ടെങ്കിലും എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തുമെന്ന് യെഹൂദ് ബറാക് പറഞ്ഞു. അതേസമയം, ലണ്ടനിലേക്ക് മൊസാദ് ഏജൻറുമാരെ അയച്ചെന്ന റിപ്പോ൪ട്ട് തെറ്റാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നയതന്ത്ര സുരക്ഷാ ബ്യൂറോ തലവൻ അമോസ് ഗില്ലാഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
