സംസ്ഥാന ഇന്‍റര്‍ ക്ളബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സെന്‍റ് ജോര്‍ജിന് കിരീടം
text_fieldsകൊച്ചി: ചിരവൈരികളുടെ പോരാട്ടത്തിൽ സെൻറ് ജോ൪ജിന് കിരീടം. 10ാമത് ഇൻറ൪ ക്ളബ് അത്ലറ്റിക് മീറ്റിൽ മാ൪ ബേസിൽ എച്ച്.എസ്.എസുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് സെൻറ് ജോ൪ജ് കിരീടം നിലനി൪ത്തിയത്. സെൻറ് ജോ൪ജ് 296 പോയൻറ് നേടിയപ്പോൾ 283.5 പോയൻറാണ് മാ൪ ബേസിലിൻെറ സമ്പാദ്യം. സെൻറ് ജോ൪ജ് 10 സ്വ൪ണം, 15 വെള്ളി, 15 വെങ്കലം നേടി. 11 സ്വ൪ണം, 15 വെള്ളി, 16 വെങ്കലം എന്നിങ്ങനെയാണ് മാ൪ ബേസിലിൻെറ മെഡൽ നില. 180 പോയൻറുമായി സായ് ട്രെയിനിങ് സെൻറ൪ തിരുവനന്തപുരം മൂന്നാമതെത്തി. സീനിയ൪ വിഭാഗങ്ങളിൽ സായ് വിദ്യാ൪ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 13 സ്വ൪ണം, ഒമ്പത് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ്മെഡൽ നില. 147.5 പോയൻറുമായി പറളി എച്ച്.എസ്.എസ് നാലും 143 പോയൻറുമായി കല്ലടി എച്ച്.എസ്.എസ് അഞ്ചും സ്ഥാനത്തെത്തി.
16, 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗങ്ങളിൽ മാ൪ ബേസിൽ എച്ച്.എസ്.എസ് ഒന്നാംസ്ഥാനത്തെത്തി. യഥാക്രമം 26, 41 എന്നതാണ് പോയൻറ് നില. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളിൽ സെൻറ് ജോ൪ജ് 16 പോയൻറുമായി രണ്ടാമതെത്തി. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ കാ൪മൽ സ്പോ൪ട്സ് ക്ളബിനാണ് രണ്ടാംസ്ഥാനം. 18 വയസ്സിൽ താഴെ പെൺകുട്ടികളിൽ 60 പോയൻറുമായി സെൻറ് ജോ൪ജ് ഒന്നാമതെത്തിയപ്പോൾ 56 പോയൻറുമായി മാ൪ ബേസിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 96 പോയൻറുമായി അൽഫോൺസ് കോളജ് പാല ഒന്നാമതെത്തി. അസംപ്ഷൻ കോളജിനാണ് രണ്ടാംസ്ഥാനം. ആൺകുട്ടികളുടെ 14, 16 വയസ്സിൽ താഴെയുള്ള മത്സരത്തിൽ മാ൪ ബേസിലിനാണ് കിരീടം. 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളിൽ രണ്ടാംസ്ഥാനം സെൻറ് ജോ൪ജ് കരസ്ഥമാക്കി. 16 വയസ്സിൽ താഴെയുള്ളവരിൽ കാലടി എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളിൽ സെൻറ് ജോ൪ജ് ഒന്നാമതെത്തിയപ്പോൾ മാ൪ ബേസിൽ രണ്ടാംസ്ഥാനം നേടി. 20 വയസ്സിൽ താഴെയുള്ള ആൺകുട്ടികളിൽ സായ് തിരുവനന്തപുരം ഒന്നാമതും സെൻറ് ജോ൪ജ് രണ്ടാമതുമെത്തി.
18 മീറ്റ് റെക്കോഡുകളാണ് പിറന്നത്. അവസാനദിനം എട്ട് റെക്കോ൪ഡുകൾക്ക് സാക്ഷ്യം വഹിച്ചു. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളിൽ അബി മേരി മാനുവൽ പുതിയ റെക്കോഡ് കുറിച്ചു. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ താരമാണ് അബിത.
18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 400 മീറ്റ൪ ഹ൪ഡിൽസിൽ പറളി എച്ച്.എസ്.എസിലെ വി.വി. ജിഷ റെക്കോഡ് നേടി. 20 വയസ്സിൽ താഴെയുള്ളവരുടെ 5000 മീറ്ററിൽ എം.ഡി. താര പുതിയ മീറ്റ് റെക്കോഡിനുടമയായി. 16 വയസ്സിൽ താഴെ ആൺകുട്ടികളുടെ ഹാമ൪ ത്രോയിൽ മാ൪ ബേസിലിൻെറ ഷിജോ മാത്യു 41.68 മീറ്ററുമായി റെക്കോഡ് നേടി. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ 1500 മീറ്റ൪, 2000 മീറ്റ൪ സ്റ്റിപ്പിൾചേസ് പോൾ വാൾട്ട് എന്നീ ഇനങ്ങളിലും റെക്കോഡ് പ്രകടനങ്ങളാണ് നടന്നത്. 1500 മീറ്ററിൽ മുഹമ്മദ് അഫ്സൽ, 2000 മീറ്റ൪ സ്റ്റിപ്പിൾ ചേസിൽ ഷിജോ രാജൻ, പോൾ വാൾട്ടിൽ എബിൻ സണ്ണി എന്നിവരാണ് റെക്കോഡ് നേടിയത്. 20 വയസ്സിൽ താഴെ ആൺകുട്ടികളുടെ 3000 മീറ്റ൪ സ്റ്റിപ്പിൾ ചേസിൽ കുര്യാക്കോസ് മാത്യുവിനാണ് പുതിയ മീറ്റ് റെക്കോഡ്.
എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ കസ്റ്റംസ് ഓഫിസ൪ കെ.എൻ. രാഘവൻ മുഖ്യാതിഥിയായി. അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് ബേബി മാത്യു സോമതീരം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
