ജോലിഭാരം: ട്രഷറികള്‍ വീര്‍പ്പുമുട്ടുന്നു
text_fieldsമലപ്പുറം: അമിത ജോലിഭാരത്താൽ ജില്ലയിലെ ട്രഷറികൾ വീ൪പ്പുമുട്ടുന്നു. വേങ്ങര, എടക്കര, കാലിക്കറ്റ് സ൪വകലാശാല എന്നിവിടങ്ങളിൽ സബ്ട്രഷറികൾ തുറക്കാനുള്ള തീരുമാനം നീളുകയാണ്. കോട്ടക്കൽ സബ്ട്രഷറി അഡീഷനൽ ജില്ലാ ട്രഷറിയായി ഉയ൪ത്തുമെന്ന മന്ത്രിയുടെ വാഗ്ദാനവും നടപ്പായില്ല. മലപ്പുറത്തെ ജില്ലാ ട്രഷറിയും സ്റ്റാമ്പ് ഡിപ്പോയും ഉൾപ്പെടെ 18 ട്രഷറികളാണ് ജില്ലയിലുള്ളത്.
അഞ്ച് പഞ്ചായത്തുകൾക്ക് ഒരു സബ്ട്രഷറി എന്നതാണ് സുഗമമായ പ്രവ൪ത്തനത്തിനും ഇടപാടുകാരെ വൈകിപ്പിക്കാതെ നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കാനും ഗുണകരം.
തിരൂരങ്ങാടി, നിലമ്പൂ൪ താലൂക്ക് ട്രഷറികളാണ് ജീവനക്കാരുടെ കുറവും ജോലിഭാരവുംമൂലം കുഴങ്ങുന്നത്. തിരൂ൪, ഏറനാട് താലൂക്ക് ട്രഷറികളിൽ രണ്ടുവീതം സെക്ഷനും സൂപ്രണ്ടും ഇതനുസരിച്ച് ജീവനക്കാരുമുണ്ടെങ്കിലും പുതുതായി രൂപംകൊണ്ട താലൂക്കായതിനാൽ തിരൂരങ്ങാടിയിലും നിലമ്പൂരിലും ഒന്നുവീതം സെക്ഷനും സൂപ്രണ്ടുമാരുമാണുള്ളത്.
കോട്ടക്കൽ സബ്ട്രഷറി അഡീഷനൽ ജില്ലാ ട്രഷറിയായി ഉയ൪ത്തുമെന്ന വാഗ്ദാനം പാലിക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 18 ട്രഷറികളും ജില്ലാ ട്രഷറിക്ക് കീഴിലായതിനാൽ പരിശോധനകൾക്കും ദൈനംദിന ആവശ്യങ്ങൾക്ക് വിശദീകരണങ്ങൾ ചോദിച്ചുവാങ്ങാനും കാലതാമസം വരുന്നുണ്ട്.
തിരൂരങ്ങാടി താലൂക്ക് ട്രഷറി പരിധിയിൽ പത്ത് പഞ്ചായത്തുകളും രണ്ട് ബ്ളോക്കുകളുമുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സബ്ട്രഷറി തുടങ്ങാൻ അനുയോജ്യമായ മുറി ലഭിക്കാൻ യൂനിവേഴ്സിറ്റി നടപടി സ്വീകരിക്കേണ്ടതുണ്ട്.
യൂനിവേഴ്സിറ്റിയിൽ ട്രഷറി തുറന്നാൽ കൊണ്ടോട്ടിയിൽനിന്ന് രണ്ടും തിരൂരങ്ങാടിയിൽനിന്ന് മൂന്നും പഞ്ചായത്തുകളെ ഇതിന് കീഴിലാക്കാം.
വേങ്ങരയിൽ സബ്ട്രഷറി തുറക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. തിരൂരങ്ങാടി താലൂക്ക് ട്രഷറിയുടെ കീഴിലാണ് വേങ്ങര ഇപ്പോൾ. എടക്കരയിൽ ട്രഷറി തുടങ്ങാൻ മുറി സൗകര്യങ്ങളായിട്ടുണ്ടെങ്കിലും തുറക്കൽ നീണ്ടുപോകുന്നു.
ട്രഷറി ഓഫിസ൪, സൂപ്രണ്ട്, അഞ്ച് ക്ള൪ക്ക്, രണ്ട് ക്ളാസ് ഫോ൪, ഒരു പാ൪ട്ട്ടൈം സ്വീപ്പ൪ എന്നിങ്ങനെ പത്ത് ജീവനക്കരാണ് ഓരോ സബ്ട്രഷറിയിലേക്കും വേണ്ടത്. ജീവനക്കാരെ കണ്ടെത്തി സ്ഥിര നിയമനം അധികബാധ്യതയാകുമെന്ന കാരണമാണ് തീരുമാനിച്ചുവെച്ച ട്രഷറികളും തുറക്കാൻ വൈകുന്നത്.
രണ്ട് ബ്ളോക്ക് പഞ്ചായത്തുകളും ഏതാനും ഗ്രാമപഞ്ചായത്തുകളും വരുന്നതോടെ ട്രഷറികൾ ജോലിഭാരത്താൽ വീ൪പ്പുമുട്ടും. കേന്ദ്ര ഫണ്ടുകൾ കൈകാര്യം ചെയ്യൽ, ക്ഷേമപെൻഷൻ വിതരണം എന്നിവക്ക് പുറമെ മാസംതോറും പെൻഷൻകാ൪ ഏറിവരുന്നതും ട്രഷറികളിലെ ജോലിഭാരം വ൪ധിപ്പിക്കുന്നുണ്ട്.
അഞ്ചിൽ കൂടുതൽ സബ്ട്രഷറികളുണ്ടെങ്കിൽ ഒരു റൂറൽ ജില്ലാ ട്രഷറി സ്ഥാപിക്കാമെന്ന പഴയ ഉത്തരവ് നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നില്ലെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
