ഇ-വെളിച്ചമില്ലാതെ പഞ്ചായത്ത് ലൈബ്രറികള്‍
text_fieldsകണ്ണൂ൪: സാങ്കേതിക വിദ്യകൾ പട൪ന്നു പന്തലിച്ചിട്ടും ഗ്രാമപഞ്ചായത്ത് ലൈബ്രറികൾക്ക് അവയുടെ സഹായം ലഭ്യമാകുന്നില്ല. വിവര സാങ്കേതികവിദ്യകൾ ആവശ്യമായ വിഭാഗത്തിൽ ഗ്രാമപഞ്ചായത്ത് ലൈബ്രറികളെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടുത്താത്തതാണ് പുസ്തകം സൂക്ഷിക്കാനുള്ള മുറികൾ മാത്രമായി ലൈബ്രറികൾ മാറാൻ കാരണം. പഞ്ചായത്തുകളോടൊപ്പം ലൈബ്രറികൾ കൂടി പ്രവ൪ത്തിക്കണമെന്ന നിയമമനുസരിച്ചാണ് ഗ്രാമപഞ്ചായത്തുകളിൽ ലൈബ്രറികൾ പ്രവ൪ത്തിക്കുന്നത്.
ലൈബ്രറികൾ ഒഴിവാക്കി ഭരണ കേന്ദ്രം മാത്രമാക്കി പഞ്ചായത്തുകളെ മാറ്റിയവരും നിരവധിയുണ്ട്. നിരവധി പഞ്ചായത്തുകളിൽ ഇപ്പോഴും ലൈബ്രറികൾ പ്രവ൪ത്തിക്കുന്നുമുണ്ട്. എന്നാൽ, ഇൻറ൪നെറ്റ് കണക്ഷനോ ടെലിഫോൺ കണക്ഷനോ ലൈബ്രറികൾക്ക് അനുവദിക്കുന്നില്ല.
റഫറൻസ് അടക്കമുള്ളവക്കായി വിദ്യാ൪ഥികളും മറ്റും ഇപ്പോൾ ഓൺലൈൻ വിജ്ഞാനകോശങ്ങളെയാണ് സമീപിക്കുന്നത്. പഞ്ചായത്ത് വായനശാലകൾ ഇതിന് സൗകര്യം ഒരുക്കിയാൽ ഇവ൪ ലൈബ്രറികളിൽ സജീവമാകുമെന്ന് ലൈബ്രറി പ്രവ൪ത്തക൪ പറയുന്നു. കണ്ണൂ൪ ജില്ലയിൽ വളപട്ടണം, പാപ്പിനിശ്ശേരി, അഴീക്കോട് എന്നിവിടങ്ങളിലാണ് ഗ്രാമപഞ്ചായത്ത് ലൈബ്രറി പ്രവ൪ത്തിക്കുന്നത്. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ലൈബ്രറിയിൽ പതിനായിരത്തിലധികം പുസ്തകങ്ങളാണുള്ളത്.
വളപട്ടണം ലൈബ്രറിയിൽ എണ്ണായിരത്തിനു മുകളിൽ പുസ്തകങ്ങൾ ഉണ്ട്.
നാട്ടുകാരും വിദ്യാ൪ഥികളുമൊക്കെയായി ധാരാളമാളുകൾ ലൈബ്രറിയിൽ ദിവസേന എത്തുന്നുമുണ്ട്. എന്നാൽ, അത്യാധുനിക സാങ്കേതിക വിദ്യകൾ ഇല്ലാത്തതിനാൽ ആവശ്യമായ വിവരങ്ങൾ തേടാൻ ഇവിടെയെത്തുന്നവ൪ക്ക് കഴിയുന്നില്ല.
വിവരം തേടലിൽ മാത്രമല്ല, പുസ്തകങ്ങൾ ക്രമീകരിക്കുന്നതിലും സാങ്കേതികവിദ്യയുടെ അഭാവം പ്രകടമാകുന്നുണ്ട്. പുസ്തകങ്ങൾ കോഡ് ചെയ്ത് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി വെക്കാനാവശ്യമായ സഹായം സ൪ക്കാ൪ നൽകുന്നില്ല.
പഴയ കാലങ്ങളിലേതു പോലെ രജിസ്റ്ററിൽ രേഖപ്പെടുത്തി എഴുതിവെക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പുസ്തകങ്ങൾ എളുപ്പം കണ്ടെത്തുന്നതിനും നൽകുന്നതിനും കഴിയുന്നില്ല.
രജിസ്റ്റ൪ സൂക്ഷിക്കത്തതു കാരണം പാലക്കാട് ജില്ലയിൽ ഒരു ഗ്രാമപഞ്ചായത്തിലെ ഏഴായിരം പുസ്തകങ്ങൾ നഷ്ടപ്പെട്ടിരുന്നു. ആധുനിക സജ്ജീകരണങ്ങൾക്ക് അനുമതിയും ഫണ്ടും നൽകിയില്ലെങ്കിൽ പഞ്ചായത്ത് ലൈബ്രറികൾ വിസ്മരിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
