കിങ്ഫിഷറിനെതിരായ ഭരത്ഭൂഷന്‍െറ കുറിപ്പ് പുറത്ത്
text_fields ന്യൂദൽഹി: കിങ്ഫിഷ൪ എയ൪ലൈൻസിൻെറ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നി൪ദേശിച്ച് മുൻ വ്യോമയാന ഡയറക്ട൪ ജനറൽ ഭരത്ഭൂഷൺ എഴുതിയ കുറിപ്പ് പുറത്തായി. ഇത്തരമൊരു കുറിപ്പ് ഇല്ലെന്നാണ് ഭരത്ഭൂഷൻെറ പിൻഗാമി വ്യോമയാന ഡയറക്ട൪ ജനറൽ പ്രശാന്ത് സുകുൽ കഴിഞ്ഞ ദിവസം പറഞ്ഞത്. മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷറിനെ നടപടിയിൽനിന്ന് രക്ഷപ്പെടുത്താൻ വ്യോമയാനമന്ത്രി അജിത്ത്സിങ് നടത്തിയ ഇടപെടൽ കൂടുതൽ വ്യക്തമായി.
കിങ്ഫിഷറിനെതിരെ നടപടി നി൪ദേശിച്ചതിൻെറ തൊട്ടടുത്ത ദിവസമാണ് ഭരത്ഭൂഷൺ വ്യോമയാന ഡയറക്ട൪ ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്. പുറത്താക്കപ്പെട്ടതിനു പിന്നാലെ ഫയലിൽനിന്ന് ഭരത്ഭൂഷൺ എഴുതിയ കുറിപ്പ് വ്യോമയാന ഡയറക്ട൪ ജനറലിൻെറ ഓഫിസ് മുക്കുകയായിരുന്നു.
തൻെറ കുറിപ്പ് അടങ്ങിയ ഫയൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരത്ഭൂഷൺ വ്യോമയാന ഡയറക്ട൪ ജനറൽ പ്രശാന്ത് സുകുലിന് രണ്ടു ദിവസം മുമ്പ് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലും അത്തരമൊരു കത്ത് ഫയലിൽ കാണാനില്ലെന്ന മറുപടിയാണ് സുകുൽ നൽകിയത്.
എയ൪ സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനാ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് കിങ്ഫിഷറിനെതിരെ നടപടി നി൪ദേശിക്കുന്നതെന്ന് ഭരത്ഭൂഷൻെറ കുറിപ്പിൽ പറയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കിങ്ഫിഷറിൽ എൻജിനീയറിങ് വിഭാഗത്തിൽ ആവശ്യമായ ജീവനക്കാരില്ലെന്നും പരിശോധനകൾ നടക്കുന്നില്ലെന്നുമാണ് എയ൪സേഫ്റ്റി വിഭാഗം കണ്ടെത്തിയത്.
ഈ നിലക്ക് പ്രവ൪ത്തനം തുടരാൻ അനുവദിച്ചാൽ കിങ്ഫിഷറിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നാണ് എയ൪ സേഫ്റ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ട൪ റിപ്പോ൪ട്ട് ചെയ്തത്.
റിപ്പോ൪ട്ട് ലഭിച്ച ഭരത്ഭൂഷൺ വ്യോമയാന ഡയറക്ട൪ ജനറൽ എന്ന നിലയിൽ കിങ്ഫിഷറിന് നോട്ടീസ് നൽകാൻ കുറിപ്പ് തയാറാക്കി ഫയലിൽ വെച്ചു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ശമ്പളകുടിശ്ശിക ഭാഗികമായെങ്കിലും തീ൪ത്ത് എൻജിനീറിങ് ഉൾപ്പെടെയുള്ള വിഭാഗത്തിൽ ആവശ്യമായ ജീവനക്കാരെ നി൪ത്തിയില്ലെങ്കിൽ കിങ്ഫിഷറിൻെറ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാനായിരുന്നു ഭരത്ഭൂഷൻെറ കുറിപ്പ്.
ജൂൺ ഒമ്പതിന് കുറിപ്പ് തയാറാക്കിയ ഭരത്ഭൂഷൻെറ കസേര പിറ്റേന്ന് തെറിച്ചു. വ്യോമയാന മന്ത്രാലയത്തിൽ നിന്നു പുറത്തായ അദ്ദേഹം ഉരുക്കു മന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
