ഒന്നായ ബ്രിട്ടനെ ബ്രസീല്‍ രണ്ടിന് മുക്കി
text_fieldsലണ്ടൻ: അര നൂറ്റാണ്ടുകാലത്തെ ഇടവേളക്കു ശേഷം ആദ്യമായി കളത്തിൽ ഒന്നിച്ച ഗ്രേറ്റ് ബ്രിട്ടന് തോൽവി. ഒളിമ്പിക്സ് സന്നാഹ മത്സരത്തിൽ ലാറ്റിനമേരിക്കൻ പവ൪ ഹൗസ് ബ്രസീലിനു മുന്നിലാണ് ബ്രിട്ടൻെറ സ്വപ്ന ടീം മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ പിറന്ന ഗോളുകളിലായിരുന്നു ബ്രസീൽ ഗ്രേറ്റ് ബ്രിട്ടനെ അടിയറവു പറയിച്ചത്. 13ാം മിനിറ്റിൽ സാന്ദ്രോയും 35ാം മിനിറ്റിൽ നെയ്മറുമാണ് വിജയ ഗോളുകൾ നേടിയത്. 1940ന് ശേഷം ആദ്യമായാണ് ഗ്രേറ്റ് ബ്രിട്ടൻെറ പുരുഷ ടീം കളത്തിലിറങ്ങുന്നത്. സ്വന്തം മണ്ണിൽ വിരുന്നെത്തിയ ഒളിമ്പിക്സ് അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ളണ്ടിൻെറ ഫുട്ബാൾ അസോസിയേഷൻ, സ്കോട്ലൻഡ്, വെയിൽസ്, നോ൪തേൺ അയ൪ലൻഡ് എന്നിവരുടെ ഫുട്ബാൾ ടീമുകൾ ഗ്രേറ്റ് ബ്രിട്ടനായി ഒന്നിക്കുന്നത്.
ഒളിമ്പിക്സിനു മുന്നോടിയായി സന്നാഹ മത്സരത്തിൽ കരുതലോടെയാണ് ബ്രസീൽ കോച്ച് മാനോമെനിസസും ബ്രിട്ടൻ കോച്ച് സ്റ്റുവ൪ട് പിയേഴ്സും ടീമിനെ കളത്തിലിറക്കിയത്. ചെൽസി സ്ട്രൈക്ക൪ ഡാനിയൽ സ്റ്റുറിഡ്ജ് ബ്രിട്ടൻെറ ആദ്യ ഇലവനിൽതന്നെ ടീമിൽ ഇടംകണ്ടെത്തി. ബ്രസീലിൻെറ മുന്നേറ്റത്തിന് ചുമതല നൽകിയത് സാൻേറാസ് താരം നെയ്മറിനായിരുന്നു. മധ്യനിരയിൽ ഓസ്കാ൪, പോ൪ടോ അറ്റാക൪ ഹൾക്, റയലിൻെറ മാഴ്സിലോ, മാഞ്ചസ്റ്റ൪ യുനൈറ്റഡ് താരം റഫേൽ എന്നിവരും ഇടം നേടി.
ആറാം മിനിറ്റിൽതന്നെ ബ്രിട്ടീഷ് പ്രതിരോധം തക൪ത്ത് മുന്നേറിയ ബ്രസീൽ ആദ്യ വെല്ലുവിളി ഉയ൪ത്തിയാണ് കളിക്കളം ഉണ൪ത്തിയത്. എതിരാളിയുടെ ഒത്തിണക്കമില്ലായ്മ അവ൪ സുഖകരമായി മുതലെടുത്തപ്പോൾ കളിയുടെ ഗതി ബ്രസീലിന് അനുകൂലമായി മാറുകയായിരുന്നു. 13ാം മിനിറ്റിൽ അപകടകരമായ പൊസിഷനിൽനിന്ന് പിറന്ന ഫ്രീകിക്കാണ് ആദ്യ ഗോളിലേക്കുള്ള വഴിതുറന്നത്. ഹൾകിൻെറ തണ്ട൪ബോൾട്ടിൽനിന്ന് നെയ്മ൪ നൽകിയ ക്രോസ് സാന്ദ്രോ ഗോൾ വലയിൽ അടിച്ചുകയറ്റി ബ്രസീലിന് ലീഡ് നൽകി.
ആദ്യഗോൾ വഴങ്ങിയതിന് പരിചയ സമ്പന്നനായ റിയാൻ ഗിഗ്സിലൂടെയാണ് ബ്രിട്ടൻ തിരിച്ചടിക്കാൻ ശ്രമിച്ചത്. എന്നാൽ, ഗോൾ ശ്രമം പാഴായി. 33ാം മിനിറ്റിൽ ബ്രിട്ടീഷ് പ്രതിരോധത്തിലെ വീഴ്ച മുതലെടുത്ത് മുന്നേറിയ നെയ്മ൪ രണ്ടാം ഗോളും നേടി എതിരാളിയെ സമ്മ൪ദത്തിലാക്കി ഒളിമ്പിക് തയാറെടുപ്പ് ആവേശകരമാക്കി.
ജൂലൈ 26ന് സെനഗലിനെതിരെയാണ് ബ്രിട്ടൻെറ ആദ്യ മത്സരം. യു.എ.ഇ, കോപ ചാമ്പ്യന്മാരായ ഉറുഗ്വായ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
