ടി.പി. വധം: ഷിനോജുമായി ഇന്ന് തെളിവെടുപ്പ്
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ രണ്ടാമതും പൊലീസ് കസ്റ്റഡിയിൽ ലഭിച്ച കൊലയാളി സംഘാംഗം കെ. ഷിനോജുമായി ശനിയാഴ്ച വള്ളിക്കാട് ചൊക്ളി മേഖലകളിൽ പൊലീസ് തെളിവെടുപ്പ് നടത്തും.
ചന്ദ്രശേഖരനെ ഇന്നോവ കാറിൽ പിന്തുട൪ന്ന സ്ഥലം, ബൈക്കിൽ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ വള്ളിക്കാട് അങ്ങാടി, കൊലക്കുശേഷം രക്ഷപ്പെട്ട വഴി, അന്നുരാത്രി ഒളിവിൽ കഴിഞ്ഞ ചൊക്ളി എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. കൊടി സുനിയടക്കം ക്വട്ടേഷൻ സംഘത്തിലെ ആറു പേ൪ നൽകിയ മൊഴി സാധൂകരിക്കുന്നതാണ് ഷിനോജിൻേറയും മൊഴി. ചന്ദ്രശേഖരനെ വധിക്കാൻ സി.പി.എമ്മിലെ ചില നേതാക്കളിൽനിന്ന് കൊടി സുനിയുടെ മേൽ സമ്മ൪ദം ഉണ്ടായതായി ഷിനോജും മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 15 നു മുമ്പ് കോടതിയിൽ സമ൪പ്പിക്കേണ്ട ആദ്യഘട്ട കുറ്റപത്രത്തിൻെറ പ്രാഥമിക ജോലികൾ ശനിയാഴ്ച പൂ൪ത്തിയാകും. ഡിവൈ.എസ്.പിമാരായ കെ.വി. സന്തോഷ്കുമാ൪, ജോസി ചെറിയാൻ, ടി.പി. ഷൗക്കത്തലി, സോജൻ എന്നിവരാണ് ഇത് തയാറാക്കുന്നത്. അന്വേഷണ സംഘം അടുത്തയാഴ്ച തിരുവനന്തപുരത്തെത്തി എ.ഡി.ജി.പി വിൻസൻ എം. പോളിൻെറ സാന്നിധ്യത്തിൽ കുറ്റപത്രം സംബന്ധിച്ച അവസാനവട്ട മിനുക്കുപണികൾ നടത്തും.
അതിനിടെ ചന്ദ്രശേഖരൻ വധക്കേസിലും 2009-ലെ ഗൂഢാലോചനാ കേസിലും ജാമ്യം ലഭിച്ച ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകൻ വെള്ളിയാഴ്ച വടകരയിലെ ക്യാമ്പ് ഓഫീസിലെത്തി പൊലീസിനുമുമ്പാകെ ഒപ്പിട്ടു. എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ വടകര ക്യാമ്പ് ഓഫീസിൽ ഹാജരായി ഒപ്പുവെക്കണമെന്ന് ജാമ്യം അനുവദിച്ച ഹൈകോടതി നി൪ദേശിച്ചിരുന്നു.
ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻറിൽ കഴിയുന്ന സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ സമ൪പ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
ഗൂഢാലോചനയിൽ കാരായിക്ക് മുഖ്യ പങ്കുണ്ടെന്ന പൊലീസ് വാദത്തെ തുട൪ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. രാമകൃഷ്ണൻ, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രൻ, കൊലയാളിസംഘാംഗം ടി.കെ. രജീഷ്, അജേഷ് എന്ന കജൂ൪, അഭിനേഷ് എന്നിവരുടെ റിമാൻറ് കാലാവധി ആഗസ്റ്റു മൂന്നുവരെ നീട്ടി. കൊലയാളി സംഘത്തെ ചന്ദ്രശേഖരൻെറ യാത്രാ വിവരങ്ങൾ യഥാസമയം വിളിച്ചറിയിച്ച രജികാന്ത് എന്ന കൂരപ്പൻെറ 10 ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുട൪ന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇയാളെ ഈ മാസം 24 വരെ റിമാൻറ് ചെയ്തു.
സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെ ഒളിവിൽ പോകാൻ സഹായിച്ച പാ൪ട്ടി ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ബൊലേറോ ജീപ്പ് വിട്ടുകിട്ടാൻ വടകര കോടതിയിൽ സമ൪പ്പിച്ച ഹരജിയിൽ ഇന്നു വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
