ട്രെയിന്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; നടപടിയെടുക്കാത്ത ആര്‍.പി.എഫുകാര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsതിരുവനന്തപുരം/ആറ്റിങ്ങൽ: ട്രെയിൻ യാത്രക്കാരിയെ അപമാനിക്കാൻ ശ്രമിച്ചയാളെ വിട്ടയച്ചതിന് തിരുവനന്തപുരം ഡിവിഷനിലെ രണ്ട് ആ൪.പി.എഫുകാരെ സസ്പെൻഡ് ചെയ്തു. ശശി മാധവൻ, പി.പി. പുന്നൂസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതി മനോരോഗിയാണെന്ന് പറഞ്ഞാണ് വിട്ടയച്ചത്. ഇതിനെതിരെ വ്യാപക പരാതി ഉയ൪ന്നിരുന്നു. നടപടിക്ക് വിധേയരായ രണ്ട് പേരും കൊല്ലം റെയിൽവെ സ്റ്റേഷന് കീഴിൽ വരുന്നവരാണ്. ഷൊ൪ണൂ൪ മുതൽ കൊല്ലം വരെ ഇവ൪ക്കായിരുന്നു ചുമതല. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിൻെറ ഭാഗമായാണ് ഉച്ചയോടെ ഇവരെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും രണ്ട് ദിവസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കാൻ നി൪ദേശിച്ചിട്ടുണ്ടെന്നും ആ൪.പി.എഫ് കമീഷണ൪ ജോയ് പറഞ്ഞു.
വ്യാഴാഴ്ച പുല൪ച്ചെ മൂന്നോടെ മലബാ൪ എക്സ്പ്രസിലാണ് സംഭവം. കണ്ണൂ൪ സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ഉറങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതിനെ തുട൪ന്ന് പൊലീസും ആ൪.പി.എഫ് ഉദ്യോഗസ്ഥരും എത്തി. എന്നാൽ അക്രമിയെ മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.
മറ്റൊരു കമ്പാ൪ട്ട്മെൻറിലേക്ക് മാറാൻ തന്നെ അനുവദിക്കണമെന്ന് യാത്രക്കാരി ടി.ടി.ആറിനോടാവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. ടി.ടി.ആ൪ പോയ ശേഷം യാത്രക്കാ൪ ഇവരെ മറ്റൊരു കമ്പാ൪ട്ട്മെൻറിൽ യാത്രചെയ്യാൻ അവസരം ഒരുക്കി. ഇതിനുശേഷം ടി.ടി. ആറും റെയിൽവേ പൊലീസുകാരുമെത്തി പരാതിപ്പെടരുതെന്നും പ്രതി മനോരോഗിയായിരുന്നുവെന്നും യാത്രക്കാരിയോട് പറഞ്ഞു. പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നെന്ന് യാത്രക്കാ൪ പറഞ്ഞപ്പോൾ റെയിൽവേ പൊലീസ് ഇവരെ വിരട്ടുകയായിരുന്നത്രേ.
പരാതി എഴുതിനൽകാൻ യുവതി തയാറായിട്ടും അക്രമിക്കെതിരേ നടപടിയെടുക്കാൻ ആ൪.പി. എഫ് ഉദ്യോഗസ്ഥ൪ തയാറായില്ല. തുട൪ന്ന് ചിറയിൻകീഴിലെ റെയിൽവേ പൊലീസിന് പരാതി നൽകുകയായിരുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നറിയിച്ചതനുസരിച്ച് ആ൪.പി.എഫ് സി.ഐ കിരൺ, റെയിൽവേ പൊലീസ് സി.ഐ അബ്ദുൽ റഹീം എന്നിവരുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തി യാത്രക്കാരിയിൽനിന്ന് മൊഴിയെടുക്കുകയും കേസെടുക്കുകയും ചെയ്തു. വൈകുന്നേരത്തോടെ റെയിൽവേ പൊലീസ് കമീഷണ൪ കെ.ജെ. ജോയിയും സന്ദ൪ശിച്ചു. സംഭവം അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തീവണ്ടിയാത്രക്കിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ നിത്യസംഭവമായിട്ടും ആവശ്യമായ നടപടി എടുക്കാൻ റെയിൽവേ വിമുഖത കാണിക്കുന്നതായി നേരത്തേ ആക്ഷേപം ഉയ൪ന്നതാണ്. അതിനിടെയാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
